അഴിമതി തുടച്ചു മാറ്റാന്‍ ശ്രമിക്കുമ്പോള്‍ എന്നെ മാറ്റാന്‍ ആവശ്യപ്പെടുന്നുവെന്ന് മോദി
ലഖ്നോ: കോണ്‍ഗ്രസിനെയും എസ്.പി, ബി.എസ്.പി പാര്‍ട്ടികളെയും വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഞാന്‍ അഴിമതിയെ തുടച്ചു മാറ്റാന്‍ ശ്രമിക്കുമ്പോള്‍ പ്രതിപക്ഷം മോദിയെ മാറ്റാനാണ് ആവശ്യപ്പെടുന്നത്. ആരെയാണ് മാറ്റേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് മോദി വ്യക്തമാക്കി. ബി.ജെ.പി ലഖ്നോവില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടികളുടെ പേരെടുത്ത് പറയാതെയാണ് അദ്ദേഹം വിമര്‍ശിച്ചത്. പാര്‍ട്ടി അധ്യക്ഷയുടെ മകനെ അധ്യക്ഷ സ്ഥാനത്തെത്തിക്കാന്‍ പറ്റാത്ത പാര്‍ട്ടിയാണ് തന്നെ വിമര്‍ശിക്കുന്നവരില്‍ പ്രധാനി.
മറ്റൊരു പാര്‍ട്ടിയും അതിന്റെ നേതാക്കളും അനധികൃത സ്വത്ത് ബാങ്കില്‍ സൂക്ഷിച്ച കാര്യത്തില്‍ അന്വേഷണം നേരിടുന്നവരാണ്.
മൂന്നാമത്തെ പാര്‍ട്ടി സ്വന്തം പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ പറ്റാത്തവരാണ്. ഇവരെല്ലാം സ്വന്തം പ്രശ്നങ്ങള്‍ പറഞ്ഞ് മോദി പുറത്തുപോകൂ എന്ന് ആക്രോശിക്കുകയാണ്.
ഈ പറഞ്ഞ പാര്‍ട്ടികളിലെല്ലാം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടതാണ്. ഇനി ജനങ്ങള്‍ക്ക് ഒരേയൊരു സാധ്യതയേയൂള്ളൂ. അത് ബി.ജെ.പിയാണ്. എസ്.പിയും ബി.എസ്.പിയും ചേര്‍ന്ന് സംസ്ഥാനത്തെ വികസനത്തെ താളം തെറ്റിച്ചു.
ജനങ്ങള്‍ അവസരം തരികയാണെങ്കില്‍ സംസ്ഥാനത്തെ വികസന പാതയിലേക്ക് നയിക്കുമെന്നും മോദി പറഞ്ഞു.
സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായ സമാജ്വാദി പാര്‍ട്ടിക്കും ബഹുജന്‍ സമാജ് പാര്‍ട്ടിക്കും ഒരേ അഭിപ്രായം ഉണ്ടാവാറില്ല.
എന്നാല്‍ നോട്ടുവിഷയത്തില്‍ ഇരുവരും ഒന്നിച്ചു. അഴിമതിക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന എന്റെ വാക്കുകളെ അവരെ ഒന്നാക്കിയെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അതേസമയം പാര്‍ട്ടികളുടെ പേരു പറഞ്ഞപ്പോള്‍ രാജ്യത്തെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിക്കുന്ന ബി.ജെ.പിയെ പറയാന്‍ പ്രധാനമന്ത്രി മറന്നു പോയെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."