കമ്പനിക്കടവിലെ ഫിഷറീസ് കെട്ടിടങ്ങള്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു
കയ്പമംഗലം: കമ്പനിക്കടവില്‍ ഫിഷറീസ് വകുപ്പ് ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു. പൂര്‍ണ നാശത്തിലേക്ക്. പണി പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുറക്കാത്ത കൂരിക്കുഴി കമ്പനിക്കടവിലെ ഫിഷ്‌ലാന്റിംഗ് സെന്റര്‍ കെട്ടിടങ്ങളാണ് അധികൃതരുടെ അനാസ്ഥ മൂലം പൂര്‍ണമായും നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്. അരയേക്കറിലധികം വരുന്ന സ്ഥലത്ത് ഫിഷ് ലാന്റിംഗ് സെന്റര്‍, ഐസ് പ്ലാന്റ്, കാന്റീന്‍, ടോയിലറ്റ്, ഓഫിസ്, കാത്തിരിപ്പു കേന്ദ്രം എന്നിങ്ങനെ ആറു കെട്ടിടങ്ങളാണ് മത്സ്യ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫിഷറീസ് വകുപ്പ് നിര്‍മിച്ചിട്ടുള്ളത്. ഫിഷ് ലാന്റിംഗ് സെന്ററിനായി പണിത കെട്ടിടത്തിന്റെ മുകള്‍ഭാഗത്തെ ഷീറ്റുകള്‍ പോലും ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്. ഓഫിസ്, കാന്റീന്‍ കെട്ടിടങ്ങളുടെ ജനലുകള്‍, വാതിലുകള്‍ തുടങ്ങിയവ തകര്‍ന്ന് ചുറ്റുഭാഗം കാടുപിടിച്ചു കഴിഞ്ഞിരിക്കുകയാണ്. അഞ്ചോളം വരുന്ന ടോയിലറ്റുകളുടെ വാതിലുകള്‍ പൂര്‍ണമായി നശിച്ചു. ഇവിടേക്ക് ഇന്നുവരെ വൈദ്യുതിയോ വെള്ളമോ എത്തിക്കാന്‍ കഴിയാത്തതാണ് മത്സ്യത്തൊഴിലാളികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതിയെ അവതാളത്തിലാക്കിയത്. അഴീക്കോടിനും ചേറ്റുവക്കുമിടയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമാണ് കമ്പനിക്കടവ്. വടക്ക് നാട്ടിക മുതല്‍ തെക്ക് അസ്മാബി കോളജ് പരിസരം വരെയുള്ള മത്സ്യത്തൊഴിലാളികള്‍ ആശ്രയിക്കുന്ന പ്രധാന കടപ്പുറമാണിത്. നിത്യേനയെന്നോണം നൂറോളം മൂടുവെട്ടി വഞ്ചികള്‍, ഏഴ് വലിയ മരവള്ളങ്ങള്‍, അഞ്ച് ഇന്‍ബോര്‍ഡ് വള്ളങ്ങള്‍, അമ്പതോളം തള്ളുവഞ്ചികള്‍ തുടങ്ങിയവ ഈ കടപ്പുറത്തെ ആശ്രയിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്കായി 2004 ല്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് നിര്‍മിച്ചതാണ് ഫിഷ് ലാന്റിംഗ് സെന്റര്‍. മത്സ്യങ്ങള്‍ ശീതീകരിക്കല്‍, ലേലംവിളി, വിപണനം,തൊഴിലാളികള്‍ക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള സൗകര്യം, കാന്റീന്‍ തുടങ്ങിയവക്കെല്ലാമായാണ് കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കിയത്. അതിനിടെ കമ്പനിക്കടവ് മിനി ഹാര്‍ബര്‍ ആക്കുക എന്ന ഉദ്യേശത്തോടെ 88 ലക്ഷം രൂപ ചെലവഴിച്ച് ഫിഷര്‍മെന്‍ യൂട്ടിലിറ്റി സെന്റര്‍ എന്നൊരു കെട്ടിടവും ഇവിടെ പൂര്‍ത്തീകരിച്ചു വരുന്നുണ്ട്. എന്നാല്‍, പുതിയ കെട്ടിടം സജ്ജമാകുമ്പോഴേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത കെട്ടിടങ്ങളുടെ തകര്‍ച്ച പൂര്‍ത്തിയാകുന്ന അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."