മജിസ്‌ട്രേറ്റിന്റെ ദുരൂഹമരണം: സി.ബി.ഐ അന്വേഷിക്കണമെന്ന്
തൃശൂര്‍: കാസര്‍ഗോഡ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വി.കെ ഉണ്ണികൃഷ്ണന്റെ ദുരൂഹമരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മജിസ്‌ട്രേറ്റിന്റെ ജന്മദേശം വന്‍പ്രക്ഷോഭത്തിനു തയ്യാറെടുക്കുന്നു. മുല്ലശേരി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും സാമുദായിക സാമൂഹിക സംഘടനകളുടെയും നേതൃത്വത്തിലാണ് പ്രത്യക്ഷ സമരം തുടങ്ങുക. ആദ്യഘട്ടത്തില്‍ എല്ലാ വാര്‍ഡിലും വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, ഡി.ജി.പി, എം.പി, എം.എല്‍.എ എന്നിവര്‍ക്കു നല്‍കുന്ന ഭീമഹര്‍ജിയിലേക്ക് ജനകീയ ഒപ്പുശേഖരണം നടത്തും. 14ന് ഒരേ സമയമാണ് ഒപ്പുശേഖരണം നടത്തുക. ഇതിന്റെ മുന്നോടിയായി പഞ്ചായത്ത് പ്രസിഡന്റ് എ.കെ ഹുസൈന്‍ അധ്യക്ഷനായ യോഗത്തില്‍ നിലവിലെ ജനകീയ സമരസമിതി വിപുലീകരിക്കാന്‍ തീരുമാനിച്ചു. സി.എന്‍ ജയദേവന്‍ എം.പി, മുരളി പെരുനെല്ലി എം.എല്‍.എ എന്നിവര്‍ രക്ഷാധികാരികളും എ.കെ ഹുസൈന്‍ ചെയര്‍മാനും കെ.എസ് സുരേഷ് ജനറല്‍ കണ്‍വീനറുമായി 25 എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
സി.പി.എം, കോണ്‍ഗ്രസ്, സി.പി.ഐ, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും നേതാക്കള്‍ അംഗങ്ങളാണ്. യോഗത്തില്‍ ജെന്നി ജോസഫ്, പി.കെ രാജന്‍, ഷൈനി കൊച്ചു ദേവസി, ഒ.എസ് പ്രദീപ്, ക്ലമന്റ്.സി.ഫ്രാന്‍സിസ്, കെ.എസ് സുരേഷ്, കെ.എസ് ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ 22ന് ഉച്ചകഴിഞ്ഞ് മൂന്നിന് സാഹിത്യ അക്കാദമി ഹാളില്‍ ബഹുജനകണ്‍വന്‍ഷനും നടക്കും. കണ്‍വന്‍ഷനില്‍ വിവിധ രാഷട്രീയ, സാമൂഹിക സംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."