സന്തോഷ് ട്രോഫി: പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നാളെ മുതല്‍
കോഴിക്കോട്: 71 ാമത് സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാംപ്യന്‍ഷിപ്പില്‍ സൗത്ത് സോണില്‍ നിന്നുള്ള ടീമുകളെ നിര്‍ണയിക്കുന്ന പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നാളെ മുതല്‍ 10 വരെ കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്കും വൈകിട്ടു നാലരയ്ക്കുമാണ് യോഗ്യതാ റൗണ്ടിലെ മത്സരങ്ങള്‍ അരങ്ങേറുക. കേരളത്തിനു പുറമെ കര്‍ണാടക, ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി എന്നിവയുള്‍പ്പെട്ട ഗ്രൂപ്പ് എയിലെയും സര്‍വിസസ്, തമിഴ്നാട്, തെലങ്കാന, ലക്ഷദ്വീപ് എന്നിവയുള്‍പ്പെട്ട ഗ്രൂപ്പ് ബിയിലെയും ടീമുകള്‍ സൗത്ത്സോണ്‍ യോഗ്യതാ റൗണ്ടില്‍ പരസ്പരം മാറ്റുരയ്ക്കും. ഒരു ദിവസം രണ്ടു മത്സരം വീതം 12 മത്സരങ്ങളാണ് എട്ടു ടീമുകള്‍ പങ്കെടുക്കുന്ന പ്രാഥമിക റൗണ്ടില്‍ അരങ്ങേറുക. ഓരോ ഗ്രൂപ്പില്‍ നിന്നു ഒരു ടീം വീതം രണ്ടു ടീമുകളാണ് സൗത്ത് സോണില്‍ നിന്നു ചാംപ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടുക. നാലു സോണുകളിലുള്ള രണ്ട് ടീമുകള്‍ വീതമാണ് ടൂര്‍ണമെന്റിന്റെ രണ്ടാംഘട്ടത്തില്‍ മാറ്റുരയ്ക്കുക. നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ കേരളം പോണ്ടിച്ചേരിയെ നേരിടും. വൈകിട്ടു നാലരയ്ക്ക് നടക്കുന്ന മത്സരത്തില്‍ കര്‍ണാടക ആന്ധ്രപ്രദേശുമായി മാറ്റുരയ്ക്കും. ടൂര്‍ണമെന്റിനുള്ള പ്രവേശനം സൗജന്യമാണ്. കോര്പറേഷന് സ്റ്റേഡിയത്തിനു പുറമെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ടു ഗ്രൗണ്ടുകളിലും, ദേവഗിരി സെന്റ്ജോസഫ്സ് കോളജ് ഗ്രൗണ്ടിലുമായാണ് ടീമുകള്‍ക്ക് പരിശീലന മത്സരത്തിനു വേദികളൊരുക്കിയിരിക്കുന്നത്.
സന്തോഷ്ട്രോഫി യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇതര സംസ്ഥാന ടീമുകള്‍ കോഴിക്കോട്ടെത്തി. രാവിലെ ഏഴരയോടെ നിലവിലെ ചാംപ്യന്മാരായ സര്‍വിസസും, വൈകിട്ട് പുതുച്ചേരി ടീമും എത്തി. ഉച്ചയോടെ കാലിക്കറ്റ് സര്‍വകലാശാല മൈതാനത്ത് സര്‍വിസസ് ടീം പരിശീലനം നടത്തി. ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട് ടീമുകളാണു ഇനി എത്താനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."