മാവോയിസ്റ്റ് നേതാവ് രൂപേഷിനെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി
തലശ്ശേരി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെ കനത്ത പൊലിസ് സുരക്ഷയില്‍ തലശ്ശേരി കോടതിയില്‍ ഹാജരാക്കി. തൃശൂരില്‍ നിന്ന് കനത്ത പൊലിസ് ബന്തവസിലാണ് പ്രതിയെ തലശ്ശേരിയിലെത്തിച്ചത്. നെടുംപൊയിലിലെ സ്റ്റോണ്‍ ക്രഷര്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് യു.എ.പി.എ ചുമത്തി കേളകം പൊലിസ് ചാര്‍ജ് ചെയ്ത കേസുകളിലാണ് രൂപേഷിനെ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. മുദ്രാവാക്യം മുഴക്കിയാണ് രൂപേഷ് കോടതിയിലെത്തിയത്. കൈയാമം വച്ച് പൊലിസ് തന്നെ കൊണ്ടുപോകുന്നത് തടയണമെന്നും രൂപേഷ് കോടതിയോട് അപേക്ഷിച്ചു. ഇതു സുപ്രിം കോടതി ഉത്തരവിനു വിരുദ്ധമാണെന്നും രൂപേഷ് കോടതി മുന്‍പാകെ പറഞ്ഞു. എന്നാല്‍ ഇക്കാര്യം എഴുതി നല്കാന് ജഡ്ജ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് പേജ് വരുന്ന അപേക്ഷ ഉടന്‍ രൂപേഷ് എഴുതി നല്‍കുകയും ചെയ്തു. ഇക്കാര്യത്തില്‍ ഈ മാസം 11ന് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ പ്രൊസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു.
ക്രഷറുമായി ബന്ധപ്പെട്ട കേസ് മാര്‍ച്ച് എട്ടിനു കോടതി വീണ്ടും പരിഗണിക്കും. രൂപേഷിന്റെ പേരില്‍ തലശ്ശേരി കോടതിയില്‍ പെരിങ്ങോം, കേളകം, പേരാവൂര്‍, ഇരിട്ടി സ്റ്റേഷനുകളിലായി ആറ് കേസുകള്‍ നിലവിലുണ്ട്. പശ്ചിമഘട്ട പോരാട്ടം അവസാനിക്കുന്നില്ല, നക്സല്‍ബാരി സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യം വിളികളോടെയാണ് രൂപേഷ് കോടതിയിലെത്തിയത്. വിവിധ കേസുമായി ബന്ധപ്പെട്ട് ഇന്ന് കൊല്ലം സെഷന്‍സ് കോടതിയിലും ആറാം തിയതി കോയമ്പത്തൂരിലും ഏഴിന് പൊള്ളാച്ചി കോടതിയിലും രൂപേഷിനെ ഹാജരാക്കും.
തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം, സി.ഐ പ്രദീപന് കണ്ണിപ്പൊയില്‍ എന്നിവരുടെ നേതൃത്വത്തില്‍ കോടതിക്കകത്തും പുറത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. നിലമ്പൂര്‍ കാട്ടില്‍ പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ രൂപേഷിനെ മോചിപ്പിക്കാന്‍ മാവോയിസ്റ്റുകളെത്തുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കനത്ത സുരക്ഷ ഒരുക്കിയത്. 2015 ജനുവരി രണ്ടിന് പുലര്‍ച്ചെ രണ്ടോടെയാണ് കേളകം പൊലിസ്സ്റ്റേഷന്‍ പരിധിയിലെ നെടുംപൊയിലിലുള്ള സ്റ്റോണ്‍ ക്രഷര്‍ മാവോയിസ്റ്റുകള്‍ അടിച്ചു തകര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."