ഭരണത്തുടര്‍ച്ചക്കും അട്ടിമറിക്കും അരങ്ങൊരുങ്ങി
ന്യൂഡല്‍ഹി: 403 നിയമ സഭാ മണ്ഡലങ്ങളുള്ള ഉത്തര്‍ പ്രദേശ് ഇന്ന് രാഷ്ട്രീയമായി പ്രക്ഷുബ്ധമാണ്. ഭരണപക്ഷമായ സമാജ്‌വാദി പാര്‍ട്ടിയിലെ യാദവ പോര് തെരഞ്ഞെടുപ്പ് അടുത്തതോടെ ശക്തമായത് തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. ഭരണത്തുടര്‍ച്ചയ്ക്കാണ് സമാജ്‌വാദി പാര്‍ട്ടിയുടെ ശ്രമം. ഷീലാ ദീക്ഷിത്തിനെ മുന്‍നിര്‍ത്തിയുള്ള പരീക്ഷണവുമായിട്ടാണ് കോണ്‍ഗ്രസിന്റെ പടപ്പുറപ്പാട്. 224 സീറ്റുകളുമായി വലിയ ഒറ്റകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയാണ് 2012ല്‍ അധികാരത്തിലേറിയത്. ബി.എസ്.പി 80, ബി.ജെ.പി 47, കോണ്‍ഗ്രസ് 28, ആര്‍.എല്‍.ഡി 9, മറ്റുള്ളവര്‍ 15 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
ശിരോമണി അകാലിദള്‍ -ബി.ജെ.പി സഖ്യമാണ് പഞ്ചാബിലെ നിലവിലെ ഭരണപക്ഷം. 2007ല്‍ കോണ്‍ഗ്രസിനെ വീഴ്ത്തി അധികാരത്തിലെത്തിയ എന്‍.ഡി.എ സഖ്യം തുടര്‍ച്ചയായ രണ്ടാംതവണയും അധികാരത്തിലെത്തി. അധികാരത്തിലേക്കുള്ള തിരിച്ചുവരവിന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കിണഞ്ഞു ശ്രമിക്കുകയാണ്. ഡല്‍ഹി വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ അരവിന്ദ് കെജ്‌രിവാളും കൂട്ടരും പഞ്ചാബില്‍ ശക്തമായ സാന്നിധ്യമാവാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു.
ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് അധികാരത്തില്‍. എന്നാല്‍ വ്യക്തമായ മുന്‍തൂക്കമില്ലാത്ത കോണ്‍ഗ്രസ് ബി.എസ്.പിയും ഉത്തരാഖണ്ഡ് ക്രാന്തി ദളും സ്വതന്ത്രന്‍മാരുമായി ചേര്‍ന്നാണ് സര്‍ക്കാരുണ്ടാക്കിയത്. 70 നിയമസഭ മണ്ഡലങ്ങളില്‍ 32 സീറ്റുകളുമായി വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് തൊട്ടുപിന്നാലെ 31 സീറ്റുമായി ബി.ജെ.പി ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."