ജലയാനങ്ങള്‍
ജലയാനങ്ങളെക്കുറിച്ചുള്ള കഥകള്‍ ഇതുകൊണ്ടൊന്നും തീരുന്നതല്ല. ജലമാര്‍ഗം കീഴടക്കിവാണ നാഴികക്കല്ലുകള്‍ മനുഷ്യന്റെ പുരോഗതിയുടെ ചരിത്രംകൂടിയാണ്. തടിച്ചങ്ങാടത്തില്‍ തുടങ്ങി പായ്ക്കപ്പലും നീരാവി എന്‍ജിനും ഡീസല്‍ എന്‍ജിനും കീഴടക്കി സൗരോര്‍ജയാനങ്ങളിലെത്തി നില്‍ക്കുന്ന ജലയാനങ്ങളുടെ വിസ്മയിപ്പിക്കുന്ന കഥകള്‍ തുടര്‍ന്നുവായിക്കൂ...
ജിജ്ഞാസയുടെ നിധികള്‍ ഒളിപ്പിച്ച നീലക്കടലുകളും സംസ്‌കാരങ്ങള്‍ക്ക് കളിത്തൊട്ടിലൊരുക്കിയ മഹാനദികളും ആദികാലം മുതല്‍ക്കേ സഞ്ചാരിയായ മനുഷ്യന്റെ സാഹസികതയെ ഉണര്‍ത്തിയിരുന്നു. ജലാശയങ്ങള്‍ മനുഷ്യന് ജീവിതവും വെല്ലുവിളികളും സമ്മാനിച്ചു. കടലുകള്‍ക്കു നടുവിലും കായല്‍പ്പരപ്പുകള്‍ക്കരികിലും തുരുത്തുകള്‍പോലെ ഒറ്റപ്പെട്ടുകിടന്ന നാടുകള്‍ നാഗരികതയുടെ വളര്‍ച്ചയോടെ വാണിജ്യകേന്ദ്രങ്ങളായും നാവികശക്തിയുടെ ഈറ്റില്ലങ്ങളായും മാറി. കടലുകള്‍ അനുഗ്രഹിച്ച ദേശങ്ങള്‍ സമ്പത്തുകൊണ്ടും കപ്പല്‍പ്പടകൊണ്ടും അജയ്യങ്ങളായി.
ദൂരങ്ങളില്ലാത്ത ലോകത്തിലേക്കുള്ള മനുഷ്യന്റെ ആദ്യ ചുവട് ജലയാനങ്ങളായിരുന്നു. ചങ്ങാടങ്ങളിലും പായ്‌വഞ്ചികളിലും സാധനങ്ങള്‍ കൊണ്ടും കൊടുത്തും ദേശാന്തരങ്ങളിലെ ജനതകള്‍ ഒന്നായി. ഉല്‍പന്നങ്ങള്‍ തേടി വാണിജ്യകപ്പലുകള്‍ ദേശങ്ങള്‍ താണ്ടി. വ്യാവസായികയുഗത്തിന്റെ പിറവിയോടെ അസംസ്‌കൃതപദാര്‍ഥങ്ങള്‍ 'കൊണ്ടും' ഉല്‍പന്നങ്ങള്‍ 'കൊടുത്തും' ജലയാനങ്ങള്‍ വന്‍കരകളെ കൂട്ടിയിണക്കി.
കടല്‍ കടന്നെത്തിയ അധികാരംകൊണ്ട് രാജ്യങ്ങള്‍ രാജ്യങ്ങളെ വരുതിയിലാക്കി. മനുഷ്യര്‍ മനുഷ്യരെ വിറ്റു പണമാക്കി. അടിമത്തത്തിന്റെയും അധികാരത്തിന്റെയും പഴയ കപ്പല്‍ച്ചാലുകളിലൂടെ വിമോചനസന്ദേശങ്ങളുടെ പുതുവീഞ്ഞ് ഒഴുകാന്‍ തുടങ്ങി.
ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വികാസം ജലയാനങ്ങളുടെ രൂപവും ഭാവവും മാറ്റി. ആഡംബരകപ്പലുകളും എണ്ണടാങ്കറുകളും വിമാനവാഹിനികളും സൗരോര്‍ജ്ജകപ്പലുകളും ആണവവാഹിനികളുമായി കപ്പലുകള്‍ ജനങ്ങളില്‍ വിസ്മയമുണര്‍ത്തി. കപ്പല്‍ദുരന്തങ്ങള്‍ കവികളുടെയും ചലച്ചിത്രകാരന്മാരുടെയും ഭാവനയെ തട്ടിയുണര്‍ത്തി.
മനുഷ്യന്‍ കണ്ടുപിടിച്ച മഹത്തായ ജലവാഹനമാണ് കപ്പല്‍. യാത്രചെയ്യുന്നതിനും വലിയ ചരക്കുകള്‍ കൊണ്ടുപോകുന്നതിനും ഉപയോഗിക്കുന്ന ഈ വലിയ വാഹനം സമുദ്രങ്ങളിലും മറ്റ് ആഴമുള്ള ജലാശയങ്ങളിലും ഗതാഗതത്തിന് ഉപയോഗിക്കുന്നു. ഇന്ന് യാത്രാക്കപ്പല്‍, ചരക്കുകപ്പല്‍, ടാങ്കര്‍, നാവികക്കപ്പല്‍, കാര്‍ഗോ ഷിപ്പ്, ഉല്ലാസക്കപ്പല്‍ എന്നിങ്ങനെ പലതരത്തില്‍ കപ്പലുകള്‍ നിലവിലുണ്ട്.
കപ്പലിന്റെ പരിണാമം
ആവശ്യങ്ങള്‍ വര്‍ധിച്ചപ്പോള്‍ സൗകര്യങ്ങള്‍ പോരാ എന്ന മുറവിളികളുയര്‍ന്നു. കപ്പലിന്റെ പുരോഗതിക്കായി പിന്നീടുള്ള ശ്രമങ്ങള്‍. ഏ. ഡി. പതിമൂന്നാം ശതകംവരെ കപ്പലിന്റെ ഘടനയില്‍ വലിയ മാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല. മെഡിറ്ററേനിയന്‍ പ്രദേശത്ത് റോമാക്കാര്‍ ചില പരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. 'ലത്തീന്‍' എന്നു വിളിക്കുന്ന ത്രികോണാകൃതിയിലുള്ള പായ്കള്‍ കപ്പലില്‍ അവര്‍ ഉപയോഗിച്ചുതുടങ്ങി. 1096-1291 ആയപ്പോള്‍ കപ്പലുകളുടെ വീതിയും ആഴവും വര്‍ധിക്കുകയുണ്ടായി. 1500-നുശേഷം കപ്പലുകളുടെ മുകള്‍ഭാഗം മൂടിക്കൊണ്ടുള്ള യാനങ്ങള്‍ വികസിപ്പിച്ചു. അടുത്ത ഒരു ശതകത്തില്‍ പായയുടെ വിസ്തൃതിയിലും മാറ്റങ്ങള്‍വന്നു.
കപ്പലിന്റെ വേഗതയും വലിപ്പവും നാവികരെ സംബന്ധിച്ച് വെല്ലുവിളിതന്നെയായിരുന്നു. 1849-ല്‍ കാലിഫോര്‍ണിയയില്‍ സ്വര്‍ണംഖനനം തുടങ്ങിയതോടെ കപ്പലിന്റെ പുതിയ പരിണാമവും തുടങ്ങി. കൂടുതല്‍ വലിപ്പവും വേഗതയും വേണമെന്ന ആവശ്യം അങ്ങനെ ശക്തി പ്രാപിച്ചു. 1860 മുതല്‍ ഇംഗ്ലീഷുകാര്‍ക്കും കപ്പല്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറി. അവരും കപ്പലിനെ ഏറെ സൗകര്യപ്രദമാക്കി. തിമിംഗലവേട്ടയും കപ്പല്‍ നിര്‍മാണത്തിന് അനുകൂലമായി. ആവിയന്ത്രം സഫലമായപ്പോള്‍ കപ്പല്‍നിര്‍മാണരംഗത്ത് വിപ്ലവകരമായ പുരോഗമനങ്ങള്‍ ഉണ്ടായി.
പര്യവേഷണങ്ങള്‍
കൊളംബസ്, മെഗല്ലന്‍, ഗാമ തുടങ്ങിയവരുടെ പര്യവേഷണ കാലം. 'ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി' സമുദ്രയാത്രയുടെ വ്യാപ്തിയും ആഴവും മനസിലാക്കി കപ്പലുകളുടെ സൗകര്യങ്ങളില്‍ വലിയ വ്യത്യാസങ്ങള്‍ വരുത്തി. 19-ാം ശതകത്തില്‍ അമേരിക്കയില്‍ 'ക്ലിപ്പര്‍' എന്ന കപ്പല്‍ ഉപയോഗിച്ചു. ആദ്യത്തെ അമേരിക്കന്‍കപ്പലായ 'ബാള്‍ട്ടിമോര്‍ ക്ലിപ്പര്‍' ഈയിനത്തില്‍പ്പെടുന്നു. ഈ ശ്രേണിയിലെ ഏറ്റവും വലിയ കപ്പല്‍ 'ആന്‍ മക്-കിം' എന്ന പേരിലറിയപ്പെടുന്നു. 493 ടണ്‍ ആണ് ഇതിന്റെ സമ്പാദന ശേഷി.
ആവിബോട്ട്
ജെയിംസ് വാട്ടിന്റെ കണ്ടുപിടിത്തത്തെയും
സിദ്ധാന്തത്തെയും മുറുകെപിടിച്ച് 'ജോണ്‍ ഫിച്ച്' എന്ന ബുദ്ധിജീവി തയാറാക്കിയ ആവിബോട്ട് (സ്റ്റീം ബോട്ട്) കൗതുകകരമായ ചുവടുവയ്പായിരുന്നു. മണിക്കൂറില്‍ 6 കിലോമീറ്റര്‍ വേഗതയില്‍ ഇതു സഞ്ചരിച്ചിരുന്നുവത്രെ.
പ്രഥമ സര്‍വിസ്
കപ്പലിനെ പരിഷ്‌കരിച്ചവരില്‍ പ്രമുഖരായിരുന്നു ജെയിംസ് റാംസെ, സാമുവല്‍ മോറി എന്നീ അമേരിക്കക്കാര്‍. കൂടാതെ ഇംഗ്ലണ്ടിലെ പാട്രിക് മില്ലെര്‍, ലോഡ് സ്റ്റാന്‍ഹോപ് എന്നിവരും ഇവരില്‍പ്പെടുന്നു. റോബര്‍ട്ട് ആന്‍ ലിവിങ്സ്റ്റണ്‍ എന്ന അമേരിക്കക്കാരനും റോബര്‍ട്ട് ഫുള്‍ടെന്‍ എന്ന ഫ്രഞ്ചുസ്വദേശിയും ചേര്‍ന്ന് നീറ്റിലിറക്കിയ 'ക്ലെര്‍മോണ്ട്' എന്ന ആവിബോട്ടാണത്രെ ആദ്യമായി സര്‍വിസ് ആരംഭിച്ചത്.
ഫീനിക്‌സ്
ആദ്യമായി കടല്‍യാത്ര നടത്തിയ ആവിഎന്‍ജിന്‍ വാഹനം ജോണ്‍ സ്റ്റീവന്‍സും പുത്രന്‍ റോബര്‍ട്ട് എല്‍. സ്റ്റീവന്‍സും ചേര്‍ന്നു നിര്‍മിച്ച 'ഫീനിക്‌സ്' ആയിരുന്നു. അമേരിക്കയിലെ ന്യൂയോര്‍ക്ക് മുതല്‍ ഫിലഡെല്‍ഫിയ വരെ. 1808-ലായിരുന്നു ഇത്. ആവിക്കപ്പലുകളിലുണ്ടായ പുരോഗതി വളരെയേറെ കപ്പലുകള്‍ക്ക് ജന്മംകൊടുത്തു. ബ്രിട്ടന്റെയും അമേരിക്കയുടെ സംരംഭങ്ങളായ കോമറ്റ്, വെര്‍മോണ്ട്, ന്യൂട്ടണ്‍, മേരിപോവല്‍, കണക്റ്റിക്കട്ട്, പില്‍ഗ്രം, പ്രസില്ല, പ്യൂരിറ്റന്‍, കോമണ്‍വെല്‍ത്ത്, എന്റര്‍പ്രൈസസ്, സാവന്ന, വാഷിങ്ടണ്‍, ചെസാപിക്, പ്രസിഡന്റ് വാര്‍ഫീല്‍ഡ് തുടങ്ങിയവ ഉദാഹരണങ്ങള്‍.
അണുശക്തി
കാലം മാറി. പുതിയ യുഗങ്ങള്‍ പിറന്നു. പരീക്ഷണനിരീക്ഷണങ്ങള്‍ മനുഷ്യന്‍ പല ഉല്‍പന്നങ്ങള്‍ക്കും ജന്മമേകി. ആദിമകാല ഉപകരണങ്ങളില്‍ പിന്നീടു വന്ന തലമുറ വലിയ പരീക്ഷണങ്ങള്‍ നടത്തി വികസിപ്പിച്ച് സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. അങ്ങനെ കപ്പലും നിരവധി പരിണാമഘട്ടങ്ങള്‍ സഞ്ചരിച്ചു. മരത്തടികൊണ്ടുണ്ടായിരുന്ന ആദിമകാല ജലയാനത്തില്‍നിന്ന് ഉരുക്കിലേക്കും പാഡില്‍ ചക്രങ്ങളില്‍നിന്ന് പ്രൊപ്പല്ലറിലേക്കും ആവി എന്‍ജിനില്‍നിന്ന് ആവിടര്‍ബൈനിലേക്കുമുള്ള ഘട്ടംഘട്ടമായുള്ള മാറ്റം കപ്പല്‍നിര്‍മാണ ചരിത്രത്തിലെ വികസനത്തെയാണ് കാണിക്കുന്നത്.
ഡീസല്‍ കപ്പല്‍
വൈകാതെ ഡീസല്‍ യന്ത്രങ്ങളായി. 1912-ലാണ് ആദ്യത്തെ ഡീസല്‍ കപ്പല്‍ 'സെലിന്‍ഡിയ' നീറ്റിലിറങ്ങുന്നത്. കപ്പല്‍നിര്‍മാണമേഖലയിലെ എല്ലാ രംഗങ്ങളിലും വിപ്ലവകരമായ പരീക്ഷണങ്ങളും പുരോഗതിയുമുണ്ടായി. അണുശക്തി ഉപയോഗിച്ചുള്ള ജലയാനമാണ് മനുഷ്യന്റെ നൂതനമായ സംരംഭം. 'നോട്ടിലസ്' എന്ന അന്തര്‍വാഹിനിക്കപ്പല്‍ ഇതിനൊരുദാഹരണമാണ്.
നദിയിലൂടെ ഒഴുകിയ
മരത്തടിയില്‍നിന്നു പ്രചോദനം
ആയിരക്കണക്കിനു വര്‍ഷങ്ങളായി മനുഷ്യന്‍ ജലമാര്‍ഗം കീഴടക്കി തന്റെ ആധിപത്യം തുടരുന്നു. തുഴകളായിരുന്നു ആദ്യകാലത്തെ ജലയാനങ്ങളുടെ ചാലകശക്തി. പിന്നീട് എത്രയോ പരിണാമങ്ങളിലൂടെ മുന്നേറി അണുശക്തിയില്‍ എത്തിനില്‍ക്കുന്നു! ഈ ജലയാനങ്ങളുടെ കഥകള്‍ മാനവ പുരോഗതിയുടെതന്നെ ചരിത്രമാണ്. ഇന്നത്തെ പടുകൂറ്റന്‍ കപ്പലുകളുടെ മുന്‍ഗാമി ചങ്ങാടങ്ങളായിരുന്നു.
ആദ്യത്തെ കപ്പല്‍
ബി.സി. 4000ത്തില്‍ ഈജിപ്തിലെ നൈല്‍നദിയിലൂടെ ഗതാഗതം നടന്നിരുന്നതായി രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. അന്ന് ചങ്ങാടങ്ങളായിരുന്നു. ബി. സി. 3000-ാമാണ്ടോടെ രണ്ടു പായ്മരങ്ങള്‍ വീതമുള്ള ജലയാനങ്ങള്‍ അവര്‍ ഉപയോഗിച്ചിരുന്നതായി സൂചന നല്‍കുന്ന കല്ലറച്ചിത്രങ്ങള്‍ ചരിത്രകാരന്മാര്‍ കണ്ടെടുത്തിട്ടുണ്ട്. ഈജിപ്തുകാരില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പ്രാചീന നാഗരികതകളായ ക്രേറ്റ്, ഫിനീഷ്യ, ഗ്രീസ് എന്നിവിടങ്ങളിലും ജലവാഹനങ്ങള്‍ ഉപയോഗിച്ചുതുടങ്ങി. 'ഗാലി' എന്ന പേരിലറിയപ്പെട്ടിരുന്ന യുദ്ധക്കപ്പലുകളും ഉപയോഗിച്ചിരുന്നു. യവനസാഹിത്യങ്ങളില്‍ യുദ്ധം പരാമര്‍ശിക്കുമ്പോള്‍ ജലവാഹനങ്ങള്‍ ഉണ്ടെന്നു കാണുന്നു. ഹോമറുടെ ഇലിയഡ്, ഒഡീസി എന്നീ യുദ്ധകഥകള്‍ ഉദാഹരണം. ഇരുവശങ്ങളിലും ഇരുപത്തഞ്ച് തുഴക്കാര്‍ക്കിരുന്നു തുഴയാവുന്ന രീതിയില്‍ വലിയതരം വഞ്ചികള്‍. ഫിനീഷ്യന്‍കപ്പലുകളും 'യവന ഗാലി'കളോടു സാദൃശ്യമുള്ളവയായിരുന്നു. ശ്രീബുദ്ധന്റെ കാലത്ത് ഇന്ത്യയില്‍ കപ്പല്‍ഗതാഗതം വ്യാപിച്ചതായി ബുദ്ധശാസനങ്ങളില്‍നിന്നു ബോധ്യപ്പെടും. ബുദ്ധസന്ന്യാസിമാര്‍ മതപ്രചരണാര്‍ഥം അന്യനാടുകളിലേക്കു പോയിരുന്നത് ജലയാനങ്ങളിലായിരുന്നു. മോഹന്‍ജദാരോ-ഹാരപ്പ നഗരാവശിഷ്ടങ്ങള്‍, ജലഗതാഗതം വന്‍തോതില്‍ ഇന്ത്യയില്‍ പണ്ടുമുതല്‍ക്കേ നടന്നിരുന്നുവെന്നു സൂചന തരുന്നു.
ഒരു കപ്പലില്‍ ഒരു പായ്മരവും ഒരു പായുമായി റോമാക്കാരും ജലയാനരംഗത്തെത്തി. ക്രിസ്ത്വബ്ദത്തിന്റെ ആരംഭത്തില്‍ ഒന്നിലേറെ പായകള്‍ അവര്‍ ഘടിപ്പിച്ചുപയോഗിച്ചുതുടങ്ങി. ഒന്നാന്തരം മാര്‍ബിള്‍ ഫലകങ്ങളും, ധാന്യം, തുകല്‍ തുടങ്ങിയവയുമൊക്കെയായിരുന്നു അന്നത്തെ വാണിജ്യച്ചരക്കുകള്‍. ക്രിസ്ത്യന്‍ മിഷണറിയായ സെന്റ് പോള്‍ മതപ്രചരണാര്‍ഥം യാത്ര ചെയ്തിരുന്ന ഒരു കപ്പല്‍ യന്ത്രത്തകരാറും കാറ്റിന്റെ പരിണാമവും നിമിത്തം നടുക്കടലില്‍ മുങ്ങി. അതില്‍ 276 യാത്രക്കാരും വലിയ ചരക്കുകളുമുണ്ടായിരുന്നുവത്രെ.
കുഴിവള്ളം
കാട്ടില്‍ കടപുഴകി വീണുകിടക്കുന്ന മരത്തടികളോ മുളയോ ചേര്‍ത്തുവച്ച് കാട്ടുവള്ളികള്‍കൊണ്ടു മെടഞ്ഞ് അവന്‍ ആദ്യത്തെ ചങ്ങാടമുണ്ടാക്കി. അങ്ങനെ നദിയിലൂടെ പലയിടങ്ങളിലേക്കു പോകാമെങ്കിലും അപകടങ്ങള്‍ സഹയാത്രികനാകുന്നതു പതിവായി. സുരക്ഷിതമല്ല ചങ്ങാടയാത്ര എന്നു മനസിലാക്കിയ മനുഷ്യന്‍ മറ്റു വഴികളെക്കുറിച്ചുള്ള ആലോചനയില്‍നിന്നാണ് കുഴിവള്ളങ്ങള്‍ എന്ന സൂത്രവിദ്യയുടെ ആരംഭം. മരത്തടി കുഴിച്ച് അതില്‍ കയറിയിരുന്നു തുഴഞ്ഞ് ലക്ഷ്യം സാധിച്ചിരുന്ന ഈ പ്രക്രിയ പതിനായിരം വര്‍ഷം മുമ്പേയുണ്ടായിരുന്നുവെന്നു ഗവേഷകര്‍ കണ്ടെത്തിയിരുന്നു. കഠിനാധാനത്തിന്റെ ഫലമായിരുന്നു ഓരോ കുഴിവള്ളവും. മരത്തടി തുരക്കാന്‍ ഇന്നത്തെപ്പോലെ ഇരുമ്പായുധങ്ങള്‍ അന്ന് പരീക്ഷിച്ചിരുന്നില്ല. പ്രധാന ആയുധം കല്ലുതന്നെയായിരുന്നു. ഒറ്റത്തടിയില്‍ നിര്‍മിച്ചതായതിനാല്‍ കൂടുതല്‍ കാലം ഇവ നിലനിന്നിരുന്നു. കടല്‍യാത്രകള്‍ക്കുവരെ മനുഷ്യന്‍ കുഴിവള്ളങ്ങള്‍ ഉപയോഗിച്ചു.
തോല്‍വള്ളം
കുഴിവള്ളങ്ങള്‍ കൂടുതല്‍ കാലം ഉപയോഗിക്കാമെങ്കിലും വെള്ളത്തില്‍ കിടന്ന് ആ ഭാഗം ദ്രവിക്കുന്നതു പതിവായിരുന്നു. അങ്ങനെയാണ് വെള്ളത്തില്‍ കിടന്നാലും കൂടുതല്‍ കാലം അറ്റകുറ്റപ്പണികളില്ലാത്ത ജലയാനമായ തോല്‍വള്ളങ്ങളുടെ വരവ്. പേരുപോലെ മൃഗങ്ങളുടെ തോല്‍ പൊതിഞ്ഞതാണ് ഇവ. പ്രധാനമായും വൃത്താകൃതിയിലാണ് തോല്‍വള്ളങ്ങള്‍. മൃഗങ്ങളുടെ എല്ലോ, ഭാരം കുറഞ്ഞ തടികളോ ഉപയോഗിച്ചായിരുന്നു നിര്‍മാണം. വേട്ടയാടി നടന്ന മനുഷ്യരായിരിക്കണം ഇത്തരം വള്ളങ്ങള്‍ ആദ്യമായി പരിചയപ്പെടുത്തിയത്. ഇരുപതു യാത്രക്കാര്‍ക്കുവരെ ഒരേ സമയം യാത്ര ചെയ്യാവുന്ന 'ക്വാഫാ' എന്നു പേരുള്ള തോല്‍വള്ളങ്ങള്‍ യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളില്‍ ഉപയോഗിച്ചിരുന്നുവത്രെ. തമിഴ്‌നാട്ടില്‍ ഇന്നും ഇത്തരം വള്ളങ്ങള്‍ കാണാം.
മരവുരിവള്ളങ്ങള്‍
അമേരിക്കയിലെ റെഡ് ഇന്ത്യക്കാര്‍ മരവുരിവള്ളങ്ങള്‍ ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. മരത്തൊലി നീണ്ട പട്ടകളായി ചെത്തിയെടുത്ത് വേരുകളോ വള്ളികളോകൊണ്ടു തുന്നിച്ചേര്‍ത്ത് വെള്ളത്തില്‍ മുങ്ങിപ്പോകാത്ത മരക്കൊമ്പുകള്‍ വളച്ചുകെട്ടിയുണ്ടാക്കിയ ചട്ടക്കൂട്ടില്‍ ഉറപ്പിക്കുന്ന രീതിയാണിത്. 14 മീറ്റര്‍വരെ നീളമുണ്ടാകും ചില വള്ളങ്ങള്‍ക്ക്. ഇവയ്ക്കുമുണ്ടായിരുന്നു പോരായ്മകള്‍. ദ്വാരം വീണ് അകത്തേക്കു വെള്ളം പ്രവേശിക്കുക പതിവാണ് .
ഒറ്റയാള്‍വള്ളം
ഒരാള്‍ക്കു മാത്രം യാത്രചെയ്യാവുന്നതരം ജലയാനമാണ് ഭാരം തീരെ കുറഞ്ഞ 'കോറക്കിള്‍' എന്ന പുരാതന ബോട്ടുകള്‍. ഇതിന് തോല്‍വള്ളത്തിന്റെ നിര്‍മാണരീതിയോടു സാമ്യമുണ്ട്. വൃത്തത്തില്‍ ചട്ടക്കൂടുണ്ടാക്കി അതില്‍ തോല്‍ പൊതിയും. വിടവുകളില്‍ ടാര്‍ പൂശുന്നത് വെള്ളം അകത്തു കയറുന്നത് തടയുമായിരുന്നു. ഇതിന് ഭാരം കുറവായതിനാല്‍ ചുമന്നുകൊണ്ടുനടക്കാനും സാധിച്ചിരുന്നു. ഇംഗ്ലണ്ടിലെ വെയില്‍സില്‍ ഇത്തരം നൗകകള്‍ പ്രചാരത്തിലുണ്ടായിരുന്നു.
ചൈനീസ് ജങ്കുകള്‍
ഒന്നിലധികം വള്ളങ്ങള്‍ ചേര്‍ത്തുകെട്ടി അടിഭാഗം പരന്ന തരത്തില്‍ രൂപപ്പെടുത്തിക്കൊണ്ടാണ് ചൈനക്കാര്‍ കപ്പല്‍നിര്‍മാണം തുടങ്ങുന്നത്. പുറത്തെ ഭംഗിയേക്കാള്‍ ചട്ടക്കൂടിന്റെ ഉറപ്പിലാണ് അവര്‍ ശ്രദ്ധിച്ചത്. ഇവ 'ജങ്കുകള്‍' എന്നറിയപ്പെട്ടു. പാശ്ചാത്യരുടെ കപ്പലുകളേക്കാള്‍ ഏറെ മികവു പല രംഗത്തും ചൈനീസ് ജങ്കുകള്‍ക്കുണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടുവരെയും ഈ കപ്പലുകളെ വെല്ലാന്‍ പാശ്ചാത്യര്‍ക്കു കഴിഞ്ഞിരുന്നില്ല. കപ്പലുകള്‍ നിയന്ത്രിക്കുന്നതിനുള്ള കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ക്ക് ചൈനയെത്തന്നെയാണ് അന്നത്തെ നാവികര്‍ മാതൃകയായി കണ്ടിരുന്നത്.
വൈക്കിങ്ങുകള്‍
വടക്കന്‍ യൂറോപ്പിലെ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ നിര്‍മിച്ച കപ്പലുകളാണ് വൈക്കിങ്ങുകള്‍. തണുപ്പും കടല്‍ക്ഷോഭങ്ങളും ചെറുക്കാന്‍ തക്ക സംവിധാനങ്ങള്‍ ഈ കപ്പലുകള്‍ക്കുണ്ടായിരുന്നു. പായ്ക്കുപകരം തുകലോ തുണിയോ ആയിരുന്നു കൊടിമരത്തില്‍ കെട്ടിയിരുന്നത്. വേഗത്തിലും സൗകര്യത്തിലും സുരക്ഷയിലും ഒരുപടി മുന്നിട്ടുനിന്നിരുന്ന വൈക്കിംഗുകളിലൂടെ സ്‌കാന്‍ഡിനേവിയക്കാര്‍ പല ദേശങ്ങളിലുമെത്തി തങ്ങളുടെ കോളനികള്‍ സ്ഥാപിച്ചു. അങ്ങനെയാണ് ഏ. ഡി. 863-ല്‍ ഐസ്‌ലാന്‍ഡ് വൈക്കിങ് കോളനിയായി മാറിയത്. 9-11 നൂറ്റാണ്ടുകളില്‍ വൈക്കിങ് സമുദ്രാധിപത്യം സ്ഥാപിച്ചിരുന്നു. വടക്കേ അമേരിക്കയില്‍ ആദ്യം കാല്‍കുത്തിയ വിദേശി 'ലീഫ് എറിക്‌സണ്‍' എന്ന നാവികനാണ്. പുതുതായി കണ്ടെത്തിയ ഭൂമികയ്ക്ക് അദ്ദേഹം 'വൈന്‍ലാന്‍ഡ്' എന്നാണ് പേരുപോലും നല്‍കിയത്.
ക്‌ളിങ്കറുകള്‍
തടിക്കപ്പലുകളാണ് ക്‌ളിങ്കറുകള്‍. രണ്ടു നിരപ്പലകകള്‍ക്കു മുകളില്‍ ഒന്ന് എന്ന ക്രമത്തില്‍ ചേര്‍ത്താണ് ഇത്തരം കപ്പല്‍ നിര്‍മിച്ചിരുന്നത്. എത്ര ശക്തമായ തിരമാലയിലും കൊടുങ്കാറ്റിലും തകരാതെ മുന്നേറാന്‍ ഈ കപ്പലുകള്‍ സഹായകമായി. നൂറ്റാണ്ടുകളോളം കപ്പല്‍പ്പണിക്കാര്‍ പിന്തുടര്‍ന്നിരുന്ന ഈ വിദ്യമൂലം ഏറ്റവും ബലമുള്ള ജലയാനങ്ങള്‍ കൂടുതല്‍ കാലം നിലനിര്‍ത്താന്‍ സാധിച്ചു. ഇവയ്ക്കു വേഗത കുറവായിരുന്നു.
ഈജിപ്ഷ്യന്‍ മുന്നേറ്റം
കപ്പലുകളുടെ ചരിത്രം പരിശോധിച്ചാല്‍ പുരാതന ഈജിപ്തുകാരാണ് പരീക്ഷണങ്ങള്‍ നടത്തി വിജയിച്ചത് എന്നു കാണാം. ബി. സി. 3000-ത്തിനു മുമ്പുതന്നെ കൊച്ചു തടിപ്പലകകള്‍ ചേര്‍ത്തുവച്ച് വലിയ ജലയാനങ്ങള്‍ ഇവര്‍ പണിതിരുന്നു. ആദ്യകാലത്ത് മുളങ്കമ്പുകള്‍കൊണ്ടായിരുന്നു കപ്പലുണ്ടാക്കിയിരുന്നത്. പലകകള്‍ കൂട്ടിയോജിപ്പിക്കുന്ന വിദ്യ കണ്ടെത്തിയതോടെ പരീക്ഷണങ്ങള്‍ തുടര്‍ന്നു. മരപ്പലകകള്‍ കൂട്ടിക്കെട്ടാന്‍ പുല്ലുകള്‍ പിരിച്ചുണ്ടാക്കിയ കയറാണ് ഈജിപ്തുകാര്‍ ഉപയോഗിച്ചിരുന്നത്.
ഈജിപ്തിലെ മറ്റൊരു ജലയാനമാണ് 'ഫെലൂക്ക'. നൈല്‍നദിയിലൂടെയുള്ള യാത്രകള്‍ക്കു പുരാതനകാലംതൊട്ടേ ഉപയോഗിച്ചിരുന്ന ഫലൂക്കകളുടെ പ്രത്യേകത വലിച്ചുകെട്ടിയ നീളന്‍പായകളാണ്.
റോമന്‍ കോര്‍ബിറ്റകള്‍
പഴയകാലത്തെ യാത്രാ-ചരക്കുകപ്പലുകളായിരുന്നു 'റോമന്‍ കോര്‍ബിറ്റകള്‍'. കപ്പലിന്റെ പിന്നറ്റത്ത് ഇരുവശങ്ങളിലുമായി വലിയ തുഴകള്‍ ഉണ്ടാകും. ഏതു വലിയ തിരകളിലൂടെയും മുന്നോട്ടു പോകാന്‍ കപ്പലിനു സാധിച്ചിരുന്നു. ചരിത്രത്തില്‍ പുതിയ ഒരധ്യായംതന്നെ എഴുതിച്ചേര്‍ത്ത റോമാസാമ്രാജ്യത്തിലെ വിവിധ തുറമുഖങ്ങളിലേക്കു സാധനസാമഗ്രികള്‍ കയറ്റിയയച്ചിരുന്നത് കോര്‍ബിറ്റകള്‍ വഴിയായിരുന്നു.
ഗാലികള്‍
കപ്പല്‍നിര്‍മാണത്തിലെ കേമന്മാരായിരുന്നു ഗ്രീക്കുകാര്‍. കീല്‍, സ്റ്റെം, സ്റ്റെംപോസ്റ്റ് എന്നീ കപ്പല്‍ഭാഗങ്ങള്‍ ഇവരുടെ യാനപാത്രങ്ങളിലുണ്ടായിരുന്നു. ഗ്രീക്കുകാര്‍ ഉപയോഗിച്ച യുദ്ധക്കപ്പലുകള്‍ 'ഗാലി' എന്നറിയപ്പെടുന്നു. ഒതുക്കവും വേഗതയുമുള്ള ഈ കപ്പലുകളില്‍ 120 പേര്‍വരെ സഞ്ചരിച്ചിരുന്നു. പുറം മൂടാത്ത തുറന്ന കപ്പലുകളായ ഗാലികളുടെ നീളം 30 മീറ്ററായിരുന്നു. ഒരേ വരിയില്‍ത്തന്നെ 25 തുഴകളും കാണാം.
റോമന്‍ ഗാലിക്കപ്പലുകള്‍
പുരാതനകാലത്തെ മെഡിറ്ററേനിയന്‍ പ്രദേശത്ത് റോമന്‍ മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ സഹായകരമായത് റോമാക്കാരുടെ കപ്പല്‍സേനയുടെ പ്രത്യേകതയായിരുന്നു. പുതിയ തീരങ്ങളില്‍ തങ്ങളുടെ അധികാരം നിലനിര്‍ത്താന്‍ അവര്‍ ഗാലിക്കപ്പലുകള്‍ ഉപയോഗിച്ചിരുന്നു. ഇവരും ഗാലിക്കപ്പലുകളില്‍ തങ്ങളുടേതായ പരിഷ്‌കാരങ്ങള്‍ വരുത്തി. 55 മീറ്റര്‍ നീളവും 14 മീറ്റര്‍ വീതിയുമുള്ള അവരുടെ കപ്പലുകള്‍ 1100 ടണ്‍ വരെ ചരക്കുകള്‍ ഈജിപ്തില്‍നിന്ന് റോമിലേക്കു കൊണ്ടുപോയിരുന്നു. ആയിരത്തോളം ആളുകള്‍ക്കു സഞ്ചരിക്കാന്‍ സൗകര്യവും ഇത്തരം കപ്പലുകളിലുണ്ടായിരുന്നു.
വട്ടക്കപ്പലുകള്‍
ഫിനീഷ്യരാണ് വട്ടക്കപ്പലുകള്‍ (ൃീൗിറ വെശു)െ വികസിപ്പിച്ചെടുത്തത്. ഇവരുടെ വ്യാപാരനൗകകള്‍ക്ക് ഗാലികളേക്കാള്‍ സാമ്യം ഈജിപ്ഷ്യന്‍ കപ്പലുകളോടായിരുന്നു. ഈ കപ്പലുകളിലേറി ആഫ്രിക്കന്‍ വന്‍കര മുഴുവനും അറ്റ്‌ലാന്റിക് മഹാസമുദ്രത്തിലൂടെ ബ്രിട്ടന്‍വരെയും കച്ചവടത്തിനായി ഫിനീഷ്യര്‍ എത്തിയിരുന്നുവെന്നതു ചരിത്രം.
പായ്ക്കപ്പലുകള്‍
സൗകര്യങ്ങള്‍തന്നെയാണ് ആവശ്യങ്ങള്‍ക്കു ഹേതു എന്ന പ്രമാണം അരക്കിട്ടുറപ്പിച്ചുകൊണ്ടായിരുന്നു കപ്പലുകളുടെ പിന്നീടുള്ള യാത്രകള്‍. തുഴക്കപ്പലുകളെ പരിഷ്‌കരിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. തുഴക്കാരുടെ എണ്ണം കൂടുന്നത് യാനങ്ങളിലെ സ്ഥലം കുറയ്ക്കുകയും അവരുടെ ചെലവുകള്‍ വഹിക്കുന്നതിനാല്‍ മറ്റൊന്നിനും സാധിക്കാതെ വന്നപ്പോള്‍ പരിഷ്‌കാരം അത്യാവശ്യമായി വരികയായിരുന്നു. അങ്ങനെയാണ് പായകള്‍ കാറ്റിന്റെ ഗതിക്കൊത്തു നീങ്ങുന്ന കപ്പലുകളുടെ വരവ്.
അറേബ്യന്‍ പെരുമ
പായക്കപ്പലുകള്‍ തുഴക്കപ്പലുകളേക്കാള്‍ സൗകര്യമായിരുന്നുവെങ്കിലും ഇതിലുമുണ്ടായിരുന്നു പോരായ്മകള്‍. കപ്പലിന്റെ പിറകില്‍നിന്ന് മുന്നോട്ടാണ് കാറ്റ് വീശുന്നതെങ്കില്‍ കപ്പലിനെ സുഗമമായി മുന്നോട്ടു നയിക്കുമെങ്കിലും കാറ്റു വീശുന്നത് മുന്നില്‍നിന്നാണെങ്കില്‍ കപ്പല്‍ നീങ്ങുക പിന്നോട്ടായിരിക്കും. ഇത് യാത്രയെ കാലതാമസമെടുപ്പിക്കുന്നു. അങ്ങനെയാണ് കപ്പല്‍ പാറക്കൂട്ടങ്ങളില്‍ തട്ടി തകരാനും ദിശ മാറി മറ്റു തീരങ്ങളില്‍ എത്തിപ്പെടാനും കാരണമാകുന്നത്. ഈ പോരായ്മ പരിഹരിച്ചത് അറബികളായിരുന്നു. ദീര്‍ഘചതുരപ്പായകള്‍ക്കുപകരം നീണ്ട ത്രികോണാകൃതിയിലുള്ള പായകള്‍ ഉപയോഗിച്ചപ്പോള്‍ ഈ പ്രശ്‌നം സുഗമമായി പരിഹരിക്കപ്പെട്ടു. അറേബ്യന്‍ നാവികരുടെ മഹത്തായ ഈ രീതിയെ അവര്‍ വിളിച്ചത് 'ലറ്റീന്‍ പായകള്‍' എന്നായിരുന്നു.
കോഗ്
യാത്രാസൗകര്യങ്ങള്‍ക്കായി നിരവധി മാതൃകകള്‍ പിന്നീട് പരീക്ഷിക്കപ്പെട്ടു. ഒന്നിലധികം പായകള്‍ ആദ്യമായി ഉപയോഗിച്ചത് ഗ്രീക്കുകാരായിരുന്നു. 18-ാം നൂറ്റാണ്ടോടെ നിരവധി പായകള്‍ കെട്ടിയ കൂറ്റന്‍ പായ്ക്കപ്പലുകള്‍ സമുദ്രമാര്‍ഗം കീഴടക്കി. അക്കൂട്ടത്തില്‍ വടക്കന്‍ യൂറോപ്പിലെ കപ്പല്‍ ജോലിക്കാര്‍ വികസിപ്പിച്ചെടുത്ത 'കോഗ്' ഏറെ പ്രശംസയര്‍ഹിക്കുന്ന ഒന്നായിരുന്നു. ചരക്കുകപ്പലായും യുദ്ധക്കപ്പലായും ഉപയോഗിച്ചിരുന്ന വിശാലമായ ഈ കപ്പലുകളില്‍ കൊടിമരത്തില്‍ വിടര്‍ത്തിക്കെട്ടിയിരുന്ന ചതുരപ്പായയില്‍ കാറ്റു തട്ടുമ്പോള്‍ നൗക ചലിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."