മന്ത്രിസഭയിലെ ഗാന്ധിയന്‍ മുഖം
കണ്ണൂര്‍: ഇടതുപക്ഷത്തെ തെളിമയുള്ള ഗാന്ധിയന്‍ മുഖമാണു കടന്നപ്പള്ളി രാമചന്ദ്രന്‍. സാമാന്യത്തിലധികം ഇറക്കമുള്ള ഖദര്‍ ജുബ്ബയും നീണ്ട കൃതാവുമായി ഏത് ആള്‍ക്കൂട്ടത്തിലും വേറിട്ടുനില്‍ക്കുന്ന രാഷ്ട്രീയക്കാരന്‍. എ.കെ ആന്റണിക്കൊപ്പം 1980ല്‍ ഇടതുപക്ഷത്തെത്തിയ കടന്നപ്പള്ളി പിന്നീടു വലതുപക്ഷത്തേക്കു തിരിഞ്ഞുനോക്കിയിട്ടേയില്ല. 1984ല്‍ കോണ്‍ഗ്രസ്(എസ്) സംസ്ഥാന പ്രസിഡന്റായ ഇദ്ദേഹം ഇപ്പോഴും അതേപദവിയില്‍ തുടരുന്നു. കണ്ണൂര്‍ തോട്ടട ജവഹര്‍കോളനിയിലെ 'മാണിക്യ'ത്തിലേക്കു മന്ത്രിപദം എത്തുന്നത് ഇതു രണ്ടാംതവണ.
തെരഞ്ഞെടുപ്പുകളില്‍നിന്നു 1991ഓടെ മാറിനിന്ന കടന്നപ്പള്ളിയെ 2006ല്‍ തങ്ങളുടെ കുത്തക മണ്ഡലമായ എടക്കാട് നല്‍കി മത്സരിപ്പിച്ചു സി.പി.എം നിയമസഭയില്‍ എത്തിക്കുകയായിരുന്നു. ഇ.കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച പി ശശിക്കായി മാറ്റിവച്ചിരുന്ന സീറ്റാണ് അന്നു കടന്നപ്പള്ളിക്കു നല്‍കിയത്. വി.എസ് മന്ത്രിസഭയില്‍ അംഗവുമാക്കി. 2011ല്‍ കണ്ണൂര്‍ സീറ്റാണു കടന്നപ്പള്ളിക്കു നല്‍കിയത്. യു.ഡി.എഫ് മണ്ഡലമായിരുന്നെങ്കിലും അതിരുകള്‍ മാറിയതിനാല്‍ വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ജയിക്കാനായില്ല. ഇത്തവണ വീണ്ടും കണ്ണൂര്‍ തന്നെ നല്‍കുകയും ഇഞ്ചോടിഞ്ചു പോരാട്ടത്തിലൂടെ വിജയം സ്വന്തമാക്കുകയും ചെയ്തു. ഇടത് കൂറിനുള്ള അംഗീകാരം കൂടിയാണു കടന്നപ്പള്ളിയെ രണ്ടാമതും തേടിയെത്തിയ മന്ത്രിസ്ഥാനം. പി.വി കൃഷ്ണന്‍ ഗുരുക്കളുടെയും പാര്‍വതി ദമ്പതികളുടെയും മകനാണ്. നിയമ ബിരുദധാരിയാണ്. ഭാര്യ: സരസ്വതി (റിട്ട. അധ്യാ പിക), മകന്‍: മിഥുന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."