നാട് ഉണര്‍ന്നത് ദുരന്തവാര്‍ത്ത കേട്ട്: അപകടത്തില്‍ നാലുപേര്‍ മരിച്ചു
ഉപ്പള: നയാബസാര്‍ ദേശീയപാതയില്‍ മംഗല്‍പാടി പഞ്ചായത്ത് ഓഫിസിന് സമീപം ഇന്നലെ രാവിലെ അഞ്ചരയോടെ കണ്ടെയ്‌നര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ച ദുരന്തവാര്‍ത്ത കേട്ടാണ് നാടുണര്‍ന്നത്. നിരവധി പേരാണ് അപകടസ്ഥലത്തേക്ക് ഇരച്ചെത്തിയത്. തൃശൂര്‍ ചേലക്കര ചാത്തന്‍ചിറ സ്വദേശികളായ വൈദ്യര്‍ കുടുംബം സഞ്ചരിച്ച കാര്‍ കണ്ടയ്‌നര്‍ ലോറിയിലിടിക്കുകയായിരുന്നു. വൈദ്യര്‍ രാമനാരായണന്‍(55), ഭാര്യ വത്സല(48), മകന്‍ മംഗളൂരു കൊപ്പം എസ്.എന്‍ റാവു ആയൂര്‍വേദ കോളജ് വിദ്യാര്‍ഥി രഞ്ചിത്ത്(20), സുഹൃത്ത് നിധിന്‍(20) എന്നിവരാണ് മരിച്ചത്.
അപകട വിവരമറിഞ്ഞ് ഓടിക്കൂടിയ പരിസരവാസികളും കുമ്പള ഇന്‍സ്‌പെക്ടര്‍ വി.വി മനോജ്, മഞ്ചേശ്വരം എസ്.ഐ പ്രമോദ് കുമ്പള, എസ്.ഐ മെല്‍വിന്‍ ജോസ് എന്നിവരും ഉപ്പളയില്‍ നിന്നും അഗ്‌നിരക്ഷാസേനയും എത്തി കാര്‍ വെട്ടിപ്പൊളിച്ച് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തെങ്കിലും നാല് പേരും കാറിനകത്ത് തന്നെ മരിച്ചിരുന്നു. തൃശൂരിലെ അറിയപ്പെടുന്ന വൈദ്യര്‍ കുടുംബമാണ് രാമനാരായണന്റേത്. മകള്‍ രജിത ആയുര്‍വേദ ഡോക്ടറായി ജോലി ചെയ്യുന്നു. ഇളയ മകന്‍ രഞ്ചിത്തിനെ ആയുര്‍വേദ ഡോക്ടറാക്കണമെന്ന മോഹം കൊണ്ടാണ് മംഗളൂരുവിലെ കോളജില്‍ ചേര്‍ത്തത്. മറ്റൊരു മകള്‍ രഞ്ചിതയുടെ കല്യാണം കഴിഞ്ഞ 24നു നടന്നിരുന്നു. സഹോദരിയുടെ വിവാഹത്തിനായി രണ്ടാഴ്ചത്തെ അവധിയിയിലായിരുന്നു രഞ്ചിത്ത്. നാട്ടിലെത്തി തിരിച്ച് മംഗളൂരുവിലെ കോളജിലേക്ക് മാതാപിതാക്കളും സുഹൃത്തിന്റെയും കൂടെ പോകുന്നതിനിടെയായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."