യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റിനെ കാറിടിപ്പിച്ച് കൊല്ലാന്‍ ജില്ലാ സെക്രട്ടറി ശ്രമിച്ചെന്ന് പരാതി
പത്തനംതിട്ട: യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റിനെ കാറിടിപ്പിച്ച് കൊല്ലാന്‍ ജില്ലാ സെക്രട്ടറി ശ്രമിച്ചെന്ന് പരാതി. ബൈക്കില്‍ കാറിടിച്ച് വധിക്കാന്‍ ശ്രമിച്ചെന്ന് കോന്നി മണ്ഡലം പ്രസിഡന്റ് പുളിമൂട്ടില്‍ പി.ആര്‍. രതീഷ് (29) ആണ് പരാതി നല്‍കിയത്.
യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി മാവനാല്‍ മോഹനവിലാസത്തില്‍ വിഷ്ണു(28) വിനെതിരേയാണ് പരാതി. സംഘടനാ പ്രവര്‍ത്തനം കഴിഞ്ഞ് ബൈക്കില്‍ വരവേയായിരുന്നു സംഭവമെന്ന് പരാതിയില്‍ പറയുന്നു. അപകടത്തില്‍ രതീഷിന് തലയ്ക്കും മുഖത്തും സാരമായ പരുക്കുണ്ട്. കോന്നിയിലെ ബിലിവേഴ്‌സ് ചര്‍ച്ച് ആശുപത്രിയില്‍ ചികിത്സയിലാണ് രതീഷ്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെ മഞ്ഞക്കടമ്പയില്‍ വച്ചായിരുന്നു കൊലപാതക ശ്രമം.
വിഷ്ണുവാണ് തന്നെ കാറിടിപ്പിച്ചതെന്ന് രതീഷ് പൊലിസിന് മൊഴി നല്‍കി. വിഷ്ണുവിന്റെ അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്നാണത്രേ വധശ്രമം ഉണ്ടായത്. എന്നാല്‍, ഏതാനും ദിവസം മാത്രം ജില്ലാ പ്രസിഡന്റായിരിക്കുകയും പിന്നീട് ജനറല്‍ സെക്രട്ടറിയാവുകയും ചെയ്യേണ്ടി വന്ന വിഷ്ണുവിനെ കോന്നിയിലെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് രതീഷ് അകറ്റി നിര്‍ത്തിയതാണ് വിരോധത്തിന് കാരണമെന്ന് എതിര്‍വിഭാഗം ആരോപിക്കുന്നു. ആര്‍.എസ്.എസിന്റെ കോന്നി താലൂക്ക് കാര്യവാഹായിരുന്നു വിഷ്ണു. ഇദ്ദേഹത്തിന് ചില ബിനാമി ഇടപാടുകളുണ്ടെന്ന് നേരത്തേമുതല്‍ പരാതികള്‍ ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."