മാറ്റത്തിനായി പഞ്ചാബും ഗോവയും
ചണ്ഡീഗഢ്പനാജി: അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ കേന്ദ്ര സര്‍ക്കാറിന് അഗ്നിപരീക്ഷയാകുന്നു. ഉത്തര്‍പ്രദേശിലേക്കാണ് എല്ലാ കണ്ണുകളും നീങ്ങുന്നതെങ്കിലും രാഷ്ട്രീയ തലത്തില്‍ യു.പിയെപോലെ അവഗണിക്കാനാകാത്തവയാണ് പഞ്ചാബും ഗോവയും.
നിലവില്‍ ഈ രണ്ടു സംസ്ഥാനങ്ങളിലും ഭരണത്തില്‍ ഇരിക്കുന്നത് ബി.ജെ.പി സഖ്യമാണ്. ഇവിടെ മുന്നണിക്ക് അധികാരം നഷ്ടമാവുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. പഞ്ചാബില്‍ ബി.ജെ.പി, ശിരോമണി അകാലിദളിനൊപ്പം അധികാരം പങ്കിടുമ്പോള്‍, ഗോവയിലാകട്ടെ ബി.ജെ.പി തനിച്ച് ഭരിക്കുകയാണ്.
പഞ്ചാബ് എല്ലാ അര്‍ഥത്തിലും പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സംസ്ഥാനമാണ്. അതിലുപരി നീറിപുകഞ്ഞിരിക്കുന്ന രാഷ്ട്രീയമാണ് പഞ്ചാബിന്റേത്. നിലവിലെ ഭരണത്തിനെതിരേ കടുത്ത അമര്‍ഷം ജനങ്ങള്‍ക്കിടയിലുണ്ട്. യുവാക്കള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗം തടയാന്‍ സാധിക്കാത്തതാണ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ സര്‍ക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വികാരത്തിന് പ്രധാന കാരണം. ഇതോടൊപ്പം അഴിമതി, സ്വജനപക്ഷപാതം എന്നിവയും അകാലിദള്‍ സര്‍ക്കാരില്‍ രൂക്ഷമാണ്. അടുത്തിടെ പത്താന്‍ കോട്ട് ഭീകരാക്രമണത്തെതുടര്‍ന്ന് പാര്‍ട്ടിയുടെ പ്രതിച്ഛായ കൂടുതല്‍ മോശമാവുകയും ചെയ്തു. ക്രമസമാധാന രംഗത്ത് പൊലിസിനും മയക്കുമരുന്ന് മാഫിയക്കും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങളും അരങ്ങേറി.
തുടര്‍ച്ചയായി 10 വര്‍ഷം പാര്‍ട്ടിയെ അധികാരത്തില്‍ നിലനിര്‍ത്തിയ ബാദലിന് ഇപ്രാവശ്യം കാലിറടുമെന്നാണ് രാഷ്ട്രീയ നിരീക്ഷരുടെ പ്രവചനം. മകന്‍ സുഖ്ബീര്‍ സിങ് ബാദലിനെ സുപ്രധാന നേതാവായി രംഗത്തിറക്കിയുള്ള കളികളും ഫലിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അതിലുപരി ബി.ജെ.പിയുമായുള്ള അഭിപ്രായ വ്യത്യാസം ഇരുപാര്‍ട്ടികളെയും തമ്മില്‍ ഇരുധ്രുവങ്ങളിലാക്കിയെന്നും അഭിപ്രായമുണ്ട്.
2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 56 സീറ്റ് അകാലിദളും ബി.ജെ.പി 12 സീറ്റുമാണ് നേടിയത്. 48 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുണ്ടായിരുന്ന സംസ്ഥാനമായിരുന്നു പഞ്ചാബ്. സിഖ് വിരുദ്ധ കലാപത്തിന് ശേഷം അവര്‍ തന്നെ വോട്ടു ബാങ്ക് ഇല്ലാതാക്കുകയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന് കീഴില്‍ കോണ്‍ഗ്രസ് വീണ്ടും ശക്തിപ്പെട്ടിട്ടുണ്ട്. അമൃത്‌സര്‍ നോര്‍ത്ത്, വെസ്റ്റ്, സെന്‍ട്രല്‍, ഈസ്റ്റ്, സൗത്ത്, അത്താരി, ഗുര്‍ദാസ്പൂര്‍ എന്നീ മണ്ഡലങ്ങളില്‍ ശക്തമായ സാന്നിധ്യമാണ് അമരീന്ദറിനുള്ളത്. ബി.ജെ.പി തരംഗമുണ്ടായ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ പരാജയപ്പെടുത്തി കരുത്ത് കാട്ടാനും അമരീന്ദറിനു സാധിച്ചു.
അതേസമയം ഈ രണ്ടു പാര്‍ട്ടികളേക്കാള്‍ ശ്രദ്ധാകേന്ദ്രം ആം ആദ്മി പാര്‍ട്ടിയുടെ വരവാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാലു സീറ്റ് സ്വന്തമാക്കിയ പാര്‍ട്ടി സംസ്ഥാനത്തെ സുപ്രധാന വിഷയങ്ങളെല്ലാം ഏറ്റെടുത്ത് പ്രചാരണത്തിലാണ്. പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് മുഖ്യമന്ത്രി പദത്തിലേക്ക് നോട്ടമുണ്ടെന്നും അഭ്യൂഹമുണ്ട്.
താരതമ്യേന ചെറു പ്രദേശമാണ് ഗോവ. കേവലം 40 സീറ്റ് മാത്രമാണ് ഇവിടെയുള്ളത്. 21 സീറ്റ് നേടിയാണ് ബി.ജെ.പി 2012ല്‍ ഇവിടെ അധികാരത്തിലേറിയത്. ലോക്‌സഭ സീറ്റില്‍ ഇവിടെയുള്ള രണ്ടു സീറ്റും ബി.ജെ.പി തൂത്തുവാരി. കോണ്‍ഗ്രസിന് ഒന്‍പത് സീറ്റാണ് ലഭിച്ചത്. പഞ്ചാബിന് സമാനമായി ആം ആദ്മി പാര്‍ട്ടി ഇവിടെയും സജീവമാണ്. അതേസമയം കോണ്‍ഗ്രസിന് നിലവിലുള്ള സീറ്റ് കുറയാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.
ഗോവ നേരിടുന്ന പ്രധാന പ്രശ്‌നം ജനസംഖ്യാ വര്‍ധനവാണ്. മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ജനങ്ങള്‍ ഗോവയിലേക്ക് കുടിയേറിയത് പ്രതിസന്ധിയിലാക്കുകയാണ്. കുറ്റകൃത്യങ്ങളുടെ നിരക്ക് കുത്തനെ വര്‍ധിച്ചു. മയക്കുമരുന്ന് പ്രശ്‌നവും ഗുരുതരമാണ്. അതോടൊപ്പം ഇരട്ട പൗരത്വത്തിന്റെ പ്രശ്‌നങ്ങളും ബി.ജെ.പിക്ക് തിരിച്ചടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."