ചിക്കന്‍ പോക്സ്: കരുതല്‍ വേണം ഡി.എം.ഒ
ആലപ്പുഴ:ചിക്കന്‍ പോക്‌സ് വായുവിലൂടെ പകരുന്ന വൈറസ് രോഗമായതിനാല്‍ കരുതല്‍ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഉഛ്വാസ വായുവിലൂടെയും മൂക്കിലൂടെയും വായിലൂടെയും പുറത്തുവരുന്ന സ്രവങ്ങളിലൂടെയാണ് ചിക്കന്‍ പോക്‌സ് പകരുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് ഏഴു മുതല്‍ 10 വരെയുള്ള ദിവസത്തിനുള്ളില്‍ രോഗലക്ഷണം പ്രകടമാക്കും. പനി, തലവേദന, ശരീരവേദന, ക്ഷീണം തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങള്‍. മൂന്നു ദിവസത്തിനുള്ളില്‍ കുമിളകള്‍ പ്രത്യക്ഷപ്പെടും. രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: രോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം.
അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ, സര്‍ക്കാര്‍ ആശുപത്രികളിലോ, അംഗീകൃത ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നോ ചികിത്സ തേടുക. ഗര്‍ഭിണികള്‍, വൃദ്ധര്‍, ഗുരുതരമായ രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവര്‍, ചെറിയ കുട്ടികള്‍ എന്നിവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. രോഗം ഭേദമാകുന്നവരെ പൂര്‍ണ്ണ വിശ്രമമെടുക്കുക. രോഗിക്ക് തിളപ്പിച്ചാറിയ വെള്ളം ധാരാളം നല്‍കുക. ലഘുവായതും പോഷക സമൃദ്ധവുമായ ഭക്ഷണം നല്‍കുക. രോഗി മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക. രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ കഴുകി വെയിലില്‍ ഉണക്കുക. ഉപയോഗിക്കുന്ന പാത്രങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകിയശേഷം മാത്രം വീണ്ടും ഉപയോഗിക്കുക. രോഗി ഉപയോഗിക്കുന്ന മുറി അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."