ജനറല്‍ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍
തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാര്‍ പിരിച്ച് വിടല്‍ ഭീഷണിയില്‍.
മുദ്ര പത്രത്തില്‍ കരാര്‍ എഴുതിക്കൊടുത്താല്‍ മാത്രമേ ജോലിയില്‍ തുടരാനാകൂ എന്നു മേലധികാരികള്‍ നിഷ്‌കര്‍ഷിച്ചതായി വിവരമുണ്ട്. നൂറ്റിപത്തോളം പേരാണ് ജനറല്‍ ആശുപത്രിയില്‍ വിവിധ തസ്തി
കകളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി നോക്കുന്നത്.
ഇവരില്‍ വനിതകളുള്‍പടെയുള്ളവരെ മേലധികാരികള്‍ മാനസികമായി പീഡിപ്പിക്കുകയാണെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. സ്ഥിര ജീവനക്കാരെ ഒഴിവാക്കി ഇവരെ സ്ഥിരമായി രാത്രികാല ഡ്യൂട്ടിക്ക് നിയോഗിക്കുന്നതായും പരാതിയുണ്ട്.
അധിക സമയം ജോലി ചെയ്ത സെക്യൂരിറ്റി ജീവനക്കാരുടെ കുടിശിക തുക ഇനിയും നല്‍കിയിട്ടില്ല.
ആശുപത്രിയുടെ തലപ്പത്ത് മാറി മാറി വരുന്നവര്‍ക്കു തോന്നുംവിധമാണ് താല്‍ക്കാലിക ജീവനക്കാരുടെ മേല്‍ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇത് പലപ്പോഴും ഇരുവിഭാഗവും തമ്മിലുള്ള വാക്‌പോരിന് കാരണമാകാറുണ്ട്.
തങ്ങള്‍ അനുഭവിക്കുന്ന മാനസിക പീഡനങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇവര്‍ ദിവസങ്ങള്‍ക്കു മുന്‍പ് വകുപ്പ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതിനു മറുപടിയായി ചില ഉന്നത ഉദ്യോഗസ്ഥര്‍ ഇവരെ പിരിച്ചു വിടുമെന്ന് ഭീഷണി മുഴക്കിയത്രേ. ഉന്നത ഉദ്യോഗസ്ഥരുടെ തന്നിഷ്ട പ്രകാരമുള്ള നിലപാടുകള്‍ തങ്ങളുടെ ജോലി കളയുമോ എന്ന ആശങ്കയിലാണ് ജീവനക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."