എം.എം മണിക്ക് നാവുപിഴച്ചു; കലാമത്സരം കായിക മത്സരമായി
തൊടുപുഴ: ഇടുക്കി റവന്യു ജില്ലാ സ്കൂള്‍ കലോത്സവം നടക്കുന്ന പ്രധാനവേദിയായ ജയ്റാണി ഇംഗ്ലീഷ് മീഡിയം എച്ച് എസ് എസില്‍ തയ്യാറാക്കിയ ഉദ്ഘാടന വേദിയില്‍ വെച്ചാണ് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണിക്ക് നാവ് പിഴച്ചത്.
രാവിലെ 11 ന് ഉദ്ഘാടനത്തിന് എത്തുമെന്നാണ് സംഘാടകരെ അറിയിച്ചതെങ്കിലും രാവിലെ 10.30 മുതല്‍ വേദിയില്‍ കാത്തിരുന്നു മുഷിഞ്ഞ ഇടുക്കി എം.പി അഡ്വ. ജോയിസ് ജോര്‍ജ്ജ് മന്ത്രി എത്തുന്നതിന് മുമ്പ് തന്നെ മുഖ്യപ്രഭാഷണം നടത്തി. ഉദ്ഘാടന പ്രസംഗത്തിനായി എഴുന്നേറ്റ മന്ത്രി മണി ഇടുക്കിയില്‍ നടക്കുന്ന ഈ കായികമേളയില്‍ നിന്ന് കേരളത്തിന് മാതൃകയായ കായിക താരങ്ങളെ സൃഷ്ടിക്കാന്‍ കഴിയട്ടെ എന്ന് ആശംസിച്ചു.
പി.ടി ഉഷക്കും, ഷൈനി വില്‍സണും ശേഷം കേരളത്തില്‍ നിന്ന് നമുക്ക് മികച്ച കായിക താരങ്ങളെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇത്തരം കായികമേളക്ക് ഈ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ പത്തര ലക്ഷം രൂപ മാറ്റിവെച്ചിരിക്കുന്നതായും മന്ത്രി അറിയിച്ചു. പ്രസംഗത്തിന്റെ അവസാന നിമിഷത്തില്‍ ഇടുക്കി ജില്ലാ സ്കൂള്‍ കലാമത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച് മന്ത്രി എം.എം മണി വേദി കാലിയാക്കി.
അദ്ധ്യക്ഷ പദം അലങ്കരിച്ച മുന്‍ വിദ്യാഭ്യാസ മന്ത്രി പി.ജെ.ജോസഫ്, മന്ത്രിയുടെ പ്രസംഗം ക്ഷമയോടെ കേട്ടിരുന്നു. ഉദ്ഘാടന സമ്മേളനത്തില്‍ ഇടുക്കി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എ. അബൂബക്കര്‍ സ്വാഗതമാശംസിച്ചു.
മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡുകള്‍ ഇ.എസ്. ബിജിമോള്‍ എം .എല്‍ .എ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."