അനര്‍ഹമായ ബി.പി.എല്‍ കാര്‍ഡ്: പരിശോധന തുടരും, പിഴയടയ്‌ക്കേണ്ടിയും വരും
തിരൂരങ്ങാടി: അനര്‍ഹമായി റേഷന്‍ കാര്‍ഡില്‍ മുന്‍ഗണനാ ലിസ്റ്റില്‍ വന്നവര്‍ക്കെതിരേ തിങ്കളാഴ്ചമുതല്‍ പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസ് അധികൃതര്‍ അറിയിച്ചു.
ചെമ്മാട്, കരിപ്പറമ്പ്, വേങ്ങര എന്നിവിടങ്ങളില്‍ സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ 406 ഗുണഭോക്താക്കള്‍ അനര്‍ഹമായി കാര്‍ഡിന്റെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇവരെ ലിസ്റ്റില്‍നിന്നും നീക്കം ചെയ്തിട്ടുണ്ട്.
ഒന്നിലധികം നാലുചക്ര വാഹനങ്ങള്‍ സ്വന്തമായുള്ളതും മൂവായിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ വീടുള്ളവരും സര്‍ക്കാര്‍ ജോലിയുള്ളവരും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. ഇത്തരം വിവരങ്ങള്‍ ബോധപൂര്‍വം മറച്ചുവെച്ചതിനാലാണ് ഇവര്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടതെന്നും ഇത്തരം ആളുകള്‍ അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ കമ്പോളവിലയും പിഴയുമടക്കം ഈടാക്കുമെന്നും അധികൃതര്‍ പറഞ്ഞു. പരിശോധനയ്ക്ക് സപ്ലൈ ഓഫീസര്‍ എസ്. ബസന്ത്, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ടി.പി ദിലീപ്കുമാര്‍, ഇസ്ഹാഖ് പോത്തഞ്ചേരി എന്നിവരാണ് നേതൃത്വം നല്‍കുന്നത്.അതേസമയം ഭക്ഷ്യസുരക്ഷാനിയമത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്നതിനും ഒഴിവാക്കുന്നതിനുമായി അപേക്ഷ നല്‍കണം. അപേക്ഷകള്‍ നാളെ താലൂക്ക് സപ്ലൈ ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സ്വീകരിക്കുമെന്ന് തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."