ലഹരി മാഫിയ പിടിമുറുക്കുന്നു
പനമരം: പൊലിസിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലാതായതോടെ പനമരം ടൗണും പരിസരങ്ങളും ലഹരി വില്‍പനക്കാര്‍ താവളമാക്കുന്നു. നിലവില്‍ ടൗണിലും പരിസരങ്ങളും നിരോധിത പാന്‍ മസാലകള്‍ യഥേഷ്ടം ലഭ്യമാണ്.
പനമരം ബസ് സ്റ്റാന്‍ഡിന് പിന്‍വശത്തുള്ള കിണറിന്റെ പരിസരമാണ് വില്‍പ്പനക്കാര്‍ കേന്ദ്രമാക്കുന്നത്. ബാഗുകളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവുള്‍പെടെയുള്ള ലഹരിമരുന്നുകളുമായാണ് വില്‍പനക്കാര്‍ എത്തുന്നത്. ബസ് സ്റ്റാന്‍ഡിന് സമീപത്ത് തന്നെ കാടുപിടിച്ച് കിടക്കുന്ന കെട്ടിടവും ഇത്തരക്കാര്‍ താവളമാക്കുന്നുണ്ട്. രാവിലെയും വൈകിട്ടുമാണ് ഇത്തരക്കാര്‍ കച്ചവടത്തിന് ഇറങ്ങുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളെയും ഇവര്‍ വലയിലാക്കുന്നെണ്ടെന്ന ആക്ഷേപവും ശക്തമാണ്. നിരോധിത പാന്‍മസാലകളായ ഹാന്‍സ്, പാന്‍പരാഗ്, മധു തുടങ്ങിയവയൊക്കെ ഇത്തരത്തില്‍ വില്‍ക്കുന്നുണ്ട്. മുമ്പ് ലഹരി വില്‍പനക്കാര്‍ക്കെതിരേ പനമരം പൊലിസ് ശക്തമായി നടപടിയെടുത്തിരുന്നു. തുടര്‍ന്ന് ഇവരുടെ ശല്യവും കുറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ പൊലിസ് ഇടപെടല്‍ കാര്യക്ഷമമല്ലാതായിരിക്കുകയാണ്. ഇതോടെയാണ് വീണ്ടും ലഹരി വില്‍പനക്കാര്‍ സജീവമായത്. പനമരം ടൗണിന് പുറമേ നടവയല്‍, കേണിച്ചിറ ഭാഗങ്ങളിലും നിരോധിത പാന്‍മസാലകളുടെ വില്‍പന തകൃതിയായി നടക്കുന്നുണ്ട്. ഇത്തരക്കാര്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ദുരിതമായിരിക്കുകയാണ്. ഇതിനെതിരേ പൊലിസിന്റെ ഭാഗത്ത് നിന്ന് അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."