ആറ് പേര്‍ക്ക് പുതുജീവനേകി നിഥിന്‍ യാത്രയായി
കൊച്ചി: റോഡപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങള്‍ ആറ് പേര്‍ക്ക് പുതുജീവനേകി. കരുനാഗപ്പള്ളി സ്വദേശിയും സ്വകാര്യ ബസ് ജീവനക്കാരനുമായിരുന്ന നിഥിന്റെ അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന ആറ് പേര്‍ക്ക് ദാനംചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച മാരാരിത്തോട്ടത്ത് വച്ചുണ്ടായ റോഡപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ നിഥിനെ ആദ്യം കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലും എത്തിച്ചതിനുശേഷമാണ് കൊച്ചിയിലെ വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, വ്യാഴാഴ്ച മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് തയാറാവുകയായിരുന്നു. നിഥിന് ഈ മാസം 20ന് 20 വയസ് തികയാനിരുന്നതാണ്. കരുനാഗപ്പള്ളി പുതുമംഗലത്ത് കിഴക്കേതില്‍ ഹൗസിലെ കെ. മോഹനന്റെയും ലളിതയുടെയും മകനായ നിഥിന്‍ ജോലികഴിഞ്ഞ് മടങ്ങവേയാണ് അപകടത്തില്‍പ്പെട്ടത്.
ഹൃദയം, ശ്വാസകോശം, കരള്‍, പാന്‍ക്രിയാസ്, വൃക്ക, കോര്‍ണിയകള്‍ എന്നിവയാണ് ദാനം ചെയ്തത്. വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിലെ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഡയറക്ടര്‍ ഡോ. എച്ച്. രമേഷ്, ഡോ. മഹേഷ് എസ്, ഡോ. മോഹന്‍ എ. മാത്യു, ഡോ. മല്ലി എബ്രഹാം, ഡോ. ജയ സൂസന്‍ ജേക്കബ്, ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയാപുരം, ഡോ. ജേക്കബ് എബ്രഹാം, അമൃതാ ആശുപത്രിയിലെ ഡോ. ദിനേശ് ബാലകൃഷ്ണന്‍, ഡോ. ബിനോജ് എസ്.ടി എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. ഒരാളുടെ ഹൃദയവും ശ്വാസകോശവും ഒരേസമയം മാറ്റുന്നത് കേരളത്തില്‍ ആദ്യമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. നിഥിന്റെ ഹൃദയവും ശ്വാസകോശവും ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടമ്പുഴ സ്വദേശിനിയായ 26 കാരിക്കും പാന്‍ക്രിയാസും ഇടത് വൃക്കയും അമൃതാ ആശുപത്രിയിലുള്ള കോഴിക്കോട് ചെക്യാട് സ്വദേശിയായ 33കാരനും കരള്‍ വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിലുള്ള തിരുവല്ല സ്വദേശിയായ 61കാരനും വലത് വൃക്ക വി.പി.എസിലെതന്നെ കോട്ടയം മണിമല സ്വദേശിയായ 56 കാരനുമാണ് നല്‍കിയത്. കോര്‍ണിയകള്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ നേത്ര ബാങ്കിനും നല്‍കി.
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ഡോ. ജോര്‍ജ് പി. എബ്രഹാം, ഡോ. ഡാറ്റ്‌സണ്‍ ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. കേരള സര്‍ക്കാരിന്റെ അവയവദാന ശൃംഖലയായ മൃതസഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് സ്വീകര്‍ത്താക്കളെ തിരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."