സാമൂഹിക വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് വലിയ പങ്കുണ്ടെന്ന് ഗവര്‍ണര്‍ പി സദാശിവം
മൂവാറ്റുപുഴ: ഒരു പ്രദേശത്തിന്റെ സാമൂഹിക വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് വലിയ പങ്കുണ്ടെന്ന് കേരള ഗവര്‍ണര്‍ റിട്ട.ജസ്റ്റീസ് പി.സദാശിവം പറഞ്ഞു. മൂവാറ്റുപുഴ ടൗണ്‍ യു.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫൈവ് സ്റ്റാര്‍ വിദ്യാലയങ്ങള്‍ വിദ്യാഭ്യാസത്തെ വാണിജ്യവല്‍ക്കരിക്കുകയാണ്. സര്‍ക്കാര്‍ സ്‌കൂളുകള്‍ ഒരു പ്രദേശത്തിന്റെ അക്ഷരവെളിച്ചമാണ്. ഇത് സംരക്ഷിക്കേണ്ടത് പൊതുസമൂഹത്തിന്റെ ബാധ്യതയാണന്നും ഗവര്‍ണര്‍ പറഞ്ഞു. സമൂഹത്തിന്റെ തുറന്ന പിന്തുണയോടുകൂടിയ വിദ്യാഭ്യാസമാണ് കുട്ടികളെ ഉയര്‍ന്ന നിലയില്‍ എത്തിക്കുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്നത് കൊണ്ട് അപകര്‍ഷബോധം ആവശ്യമില്ല. ഏത് ഉന്നത നിലയിലെത്താനും അവര്‍ പ്രാപ്തരാണ്. ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെയും തന്റെയും ജീവിതത്തെ ഉദാഹരിച്ച് കൊണ്ട് ഗവര്‍ണര്‍ പറഞ്ഞു. അറിവ് പങ്ക് വയ്ക്കുന്നത് സമൂഹത്തെ സമ്പന്നമാക്കും. സാമൂഹിക പിന്തുണയോടുകൂടിയ വിദ്യാഭ്യാസത്തിന്റെ പ്രസക്തി ഇതാണന്നും ഗവര്‍ണര്‍ പറഞ്ഞു.
അറിവിന്റെ വെളിച്ചം പകരുന്ന അധ്യാപകരാണ് സ്‌കൂളിന്റെ മികച്ച നിലവാരം. മികച്ച വിദ്യാഭ്യാസം നല്‍കുകയെന്നത് സര്‍ക്കാരിന്റെ മാത്രമല്ല പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണന്നും എം.പി, എം.എല്‍.എ ഫണ്ടുകള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കണം. അതുവഴി സാധാരണക്കാരിലേക്ക് അതിന്റെ പ്രയോജനമെത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നിര്‍മിച്ച സ്മാരക കവാടത്തിന്റെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിച്ചു.
സ്‌കൂളിലെ മുന്‍ഹെഡ്മാസ്റ്ററും മികച്ച അധ്യാപകനുള്ള ദേശീയ പുരസ്‌കാര ജേതാവുമായ പി.എസ് കരുണാകരന്‍ നായര്‍ സാറിനെ ഗവര്‍ണര്‍ ആദരിച്ചു. ചടങ്ങില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍, സ്വാഗതസംഘം ചെയര്‍മാന്‍ എം.എ സഹീര്‍, കണ്‍വീനര്‍ പി.എച്ച് സലീം, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എന്‍.ആര്‍ അമ്മിണി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."