കണ്ടല്‍ പ്രദേശങ്ങള്‍ രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രമാക്കാന്‍ പദ്ധതി: കെ രാജു
പഴയങ്ങാടി: കണ്ണൂരിലെ കണ്ടല്‍ പ്രദേശങ്ങള്‍ സംരക്ഷിച്ച് രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുന്നതിനു മൂന്നു മാസത്തിനകം സമഗ്ര പദ്ധതി തയാറാക്കുമെന്നു മന്ത്രി കെ രാജു. ചെറുകുന്ന്, പട്ടുവം, ഏഴോം, മാടായി തുടങ്ങിയ ഭാഗങ്ങളിലൂടെ ബോട്ട് സവാരി നടത്തി കണ്ടല്‍ സൗന്ദര്യം ആസ്വദിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയങ്ങാടി പാലത്തിനു സമീപത്തെ ബോട്ട് ജെട്ടിയില്‍ നിന്നാരംഭിച്ച് മുട്ടുകണ്ടി, താവം, ഏഴോം ഭാഗങ്ങളിലൂടെ നടത്തിയ യാത്ര ഒരു മണിക്കൂറോളം നീണ്ടു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കണ്ടല്‍ വനങ്ങളുള്ള ജില്ലയിലാണിത്. നിലവില്‍ വനംവകുപ്പ് സംരക്ഷിത വനമായി വിജ്ഞാപനമിറക്കിയ കണ്ടല്‍ പ്രദേശങ്ങളോടൊപ്പം സ്വകാര്യ വ്യക്തികളുടെ കൈവശമുള്ളവ കൂടി ഏറ്റെടുക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ കണ്ടല്‍ ഉടമകളുമായി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും.
പ്രകൃതി ഭംഗിയോടൊപ്പം മറ്റെവിടെയുമില്ലാത്ത പക്ഷി വിഭാഗങ്ങളും മല്‍സ്യസമ്പത്തും അടങ്ങിയ ജൈവ വൈവിധ്യങ്ങളുടെ കലവറയാണു ജില്ലയിലെ കണ്ടല്‍ പ്രദേശങ്ങള്‍. സമുദ്രതീരത്ത് നിന്ന് ഏറെ അകലെയല്ലാതെ കിടക്കുന്ന ഈ മേഖലയുടെ വിനോദസഞ്ചാര സാധ്യത ഏറെയാണ്. കണ്ടല്‍വനങ്ങളുടെ സംരക്ഷണത്തോടൊപ്പം വിദേശ ടൂറിസ്റ്റുകളെ ഉള്‍പ്പെടെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രമായി മേഖലയെ മാറ്റിയെടുക്കാനാണു വനംവകുപ്പ് ലക്ഷ്യമിടുന്നത്. ജനകീയ പങ്കാളിത്തത്തോടെ ഇതു നടപ്പാക്കുന്നതിനുള്ള സമഗ്ര പദ്ധതി തയാറാക്കി മൂന്നുമാസത്തിനകം സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
ടി.വി രാജേഷ് എം.എല്‍.എ, വനംവകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് ശ്രാവണകുമാര്‍ വര്‍മ, ദിനേശന്‍ ചെറുവാടി, ഡി.എഫ്.ഒ സുനില്‍ പാമിഡി, ഫ്‌ളൈയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ സി.വി രാജന്‍, അസി. കണ്‍സര്‍വേറ്റര്‍ ഇംതിയാസ്, പി സന്തോഷ്‌കുമാര്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."