തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത 15 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നു
തളിപ്പറമ്പ്: 46 കിലോമീറ്റര്‍ ദൂരം വരുന്ന തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത വീതികൂട്ടി നവീകരണത്തിനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റിന് പൊതുമരാമത്ത് വകുപ്പ് അനുമതി നല്കി. ചിറവക്കില്‍ നിന്നും ആരംഭിക്കുന്ന സംസ്ഥാനപാത പലഭാഗത്തും വീതിയില്ല. ഏഴര മുതല്‍ അഞ്ചര വരെയാണ് പലഭാഗത്തും ടാര്‍ ചെയ്ത റോഡിന്റെ വീതി. ഗതാഗത തിരക്ക് ഒഴിവാക്കുകയും ബംഗളൂരു പോലുള്ള മൊട്രോ നഗരങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സൗകര്യമൊരുക്കുകയുമാണ് വീതികൂട്ടലിന്റെ ലക്ഷ്യം. സംസ്ഥാനപാതയായി പ്രഖ്യാപിച്ച ശേഷമുണ്ടായ വാഹനാപകടങ്ങളുടേയും മരണങ്ങളുടേയും കണക്കുകള്‍ ഇതുസംബന്ധിച്ച് പഠനം നടത്തിയ ഏജന്‍സികള്‍ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
മെക്കാഡം ടാറിങ്ങ് നടത്തിയ റോഡ് ഇന്നും നല്ല റോഡ് എന്ന സങ്കല്പ്പത്തിന് വളരെ അകലെയാണെന്നും ഭാവിയിലെ സാധ്യതകള്‍ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കാത്തപക്ഷം ഗുരുതരമായ ഗതാഗത തടസങ്ങളും അപകടങ്ങളും ഉണ്ടാകുമെന്നുമാണ് പി.ഡബ്ല്യു.ഡിക്ക് ലഭിച്ച മുന്നറിയിപ്പ്.
2003ല്‍ ഏറ്റെടുക്കല്‍ ഒഴിവാക്കിയുള്ള വികസനമാണ് ലക്ഷ്യമിട്ടതെങ്കില്‍ പുതിയ നിര്‍ദേശപ്രകാരം വന്‍തോതില്‍ ഏറ്റെടുക്കല്‍ മുന്നില്‍ കണ്ടുളള പദ്ധതികളാണ് തയാറാക്കിയിരിക്കുന്നത്. തളിപ്പറമ്പ് ചിറവക്ക്, മദ്രസ, മന്ന, കരിമ്പം, നെടുമുണ്ട, ഇരിക്കൂര്‍, ശ്രീകണ്ഠപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് വ്യാപകമായി ഭൂമി ഏറ്റെടുക്കേണ്ടിവരിക. മുന്നോടിയായി സംസ്ഥാനപാതയോരത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ 15 മീറ്റര്‍ വീതിയില്‍ റോഡ് വരുന്നതിനാല്‍ റോഡരികിലെ നിര്‍മാണ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കരുതെന്ന് പി.ഡബ്ല്യു.ഡി തളിപ്പറമ്പ് റോഡ്സ് ഉപവിഭാഗം അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ സംസ്ഥാനപാത കടന്നുപോകുന്ന എല്ലാ പഞ്ചായത്ത്-നഗരസഭാ അധികൃതരോടും രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റ് പൂര്‍ത്തിയാക്കി ഉടന്‍ ഗവണ്മെന്റിന് കൈമാറാനുള്ള ശ്രമത്തിലാണ് അധികൃതര്‍. വലിയതോതിലുള്ള കുടിയൊഴിപ്പിക്കല്‍ നടക്കാന്‍ സാധ്യതയുള്ള ഈ റോഡ് നിര്‍മാണിന്റെ പല വിവരങ്ങളും പൂര്‍ണതോതില്‍ ലഭ്യമല്ല. ഈ മന്ത്രിസഭയുടെ കാലത്ത് തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള തയാറെടുപ്പില്‍ തന്നെയാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."