പുറം കടലില്‍ കപ്പലിടിച്ച് മത്സ്യബന്ധനബോട്ട് തകര്‍ന്നു; തൊഴിലാളികള്‍ രക്ഷപ്പെട്ടു
മട്ടാഞ്ചേരി: പുറം കടലിലെ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന ബോട്ട് കപ്പലിടിച്ച് തകര്‍ന്നു. ബോട്ടിലുണ്ടായിരുന്ന ഏഴ് തൊഴിലാളികളും രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ 2.45ന് കൊച്ചി അഴിമുഖത്ത് നിന്ന് 68 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം.
മട്ടാഞ്ചേരി ഈരവേലി സ്വദേശി അഷറഫ്, കുളച്ചല്‍ സ്വദേശി ജൂഡ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഹര്‍ഷിതയെന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിന്റെ സ്രാങ്ക് കുളച്ചല്‍ സ്വദേശി ജൂഡ്(42),തമിഴ്നാട് രാമനാഥപുരം സ്വദേശികളായ മളയ രാജ്(48), മലൈ കണ്ണന്(45), കുളച്ചല്‍ സ്വദേശികളായ സിങ്ക രാജന്(69), മരിയ ജോണ്‍(35), മോണം സ്വദേശി പ്ളേഷിയാന്(58), തമിഴ് നാട് മുട്ടം സ്വദേശി പെലാജി(58) എന്നിവരാണ് രക്ഷപ്പെട്ട തൊഴിലാളികള്‍.
മൂന്ന് ദിവസം മുമ്പ് കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോയ ബോട്ട് കായകുളത്തിനും കൊല്ലത്തിനുമിടക്ക് പുറം കടലില്‍ മത്സ്യബന്ധനം നടത്തവേ കൊച്ചി തുറമുഖത്ത് നിന്ന് കണ്ടയ്നറുമായി പോയ കപ്പലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന് മുങ്ങി താഴ്ന്ന ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളുടെ കരച്ചില് കേട്ട് സമീപത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന മറ്റൊരു ബോട്ടാണ് രക്ഷപ്പെടുത്തിയത്.
അപകടത്തില്‍പ്പെട്ട ബോട്ട് പൂര്‍ണമായും മുങ്ങി പോയി. ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയി. പരുക്കേറ്റവരെ മറൈന്‍ എന്‍ഫോഴ്സ്മെന്റ്,കോസ്റ്റല്‍ പൊലീസ് എന്നിവര്‍ ചേര്‍ന്ന് ഫോര്‍ട്ട്കൊച്ചി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഏകദേശം 90 ലക്ഷം രൂപയുടെ നഷ്ടമുള്ളതായി ഉടമകള്‍ വ്യക്തമാക്കി. സംഭവത്തില്‍ ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."