ജിഷ്ണുവിന്റെ ആത്മഹത്യ മാനസിക പീഡനംമൂലമെന്ന് ബന്ധുക്കള്‍
നാദാപുരം: പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിയായിരുന്ന ജിഷ്ണുവിന്റെ ആത്മഹത്യ മാനസിക പീഡനം മൂലമെന്ന് ബന്ധുക്കള്‍.
വളയം പൂവാംവയല്‍ സ്വദേശിയായ ജിഷ്ണു പ്രണോയി കോളജില്‍ ആത്മഹത്യചെയ്ത വിവരം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബന്ധുക്കളെ അറിയിച്ചത്. പ്രിന്‍സിപ്പലിന്റെ മുറിയില്‍ വച്ച് ജിഷ്ണുവിനെ ക്രൂരമായി മര്‍ദ്ദിച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് കോളജ് ഹോസ്റ്റല്‍ മുറിയിലെ ബാത്ത്‌റൂമില്‍ ജിഷ്ണുവിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്.
കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന മകന്റെ മരണവിവരമറിഞ്ഞതുമുതല്‍ കൂലിപ്പണിക്കാരനായ പിതാവ് അശോകന്‍ മാനസികമായി തളര്‍ന്നിരിക്കുകയാണ്.
മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് ജിഷ്ണു വീട്ടില്‍ എത്തിയിരുന്നു. തിരികെപോകുമ്പോള്‍ വീട്ടിലുണ്ടായിരുന്ന ടേബിള്‍ ലാമ്പും ബാഗില്‍ വച്ചു. ഹോസ്റ്റലില്‍ എല്ലാവര്‍ക്കും ഒപ്പമിരുന്ന് പഠിച്ചിട്ട് ശരിയാകുന്നില്ല. അതിനാല്‍ രാത്രി തനിയെ ഇരുന്ന് പഠിക്കണമെന്ന് പറഞ്ഞായിരുന്നു മടക്കം.
ഇത് മരണത്തിലേക്കായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് പിതാവ് പറഞ്ഞു. പാഠ്യേതര പ്രവര്‍ത്തനങ്ങളിലടക്കം മികവ് തെളിയിച്ചിട്ടുള്ള ജിഷ്ണു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ വൈദ്യുതി ഉപഭോഗം കണ്ടെത്തുന്നതിനുള്ള പുതിയ ഉപകരണം കണ്ടുപിടിച്ചത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
ജിഷ്ണുവും സഹപാഠിയായ ഷിവ്യ സന്തോഷും ചേര്‍ന്നാണ് ഉപകരണം കണ്ടുപിടിച്ചിരുന്നത്. അതിനിടെ, കോണ്‍ഗ്രസ് നേതാക്കളായ ടി. സിദ്ദിഖ്, ഷാഫി പറമ്പില്‍ എം.എല്‍. എ എന്നിവര്‍ ഇന്നലെ ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."