മതേതരചേരിയുടെ വിജയകാഹളമുയരണം
അഞ്ചു സംസ്ഥാനങ്ങളിലേയ്ക്കുള്ള നിയമസഭാതെരഞ്ഞെടുപ്പിന് കേളികൊട്ടുയര്‍ന്നു കഴിഞ്ഞു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് നമ്മുടെ ജനാധിപത്യ, ഫെഡറല്‍ വ്യവസ്ഥിതിയെ സംബന്ധിച്ചിടത്തോളം അതീവനിര്‍ണായകമാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ ജനവിരുദ്ധ,വര്‍ഗീയ,ഫാസിസ്റ്റ് അജണ്ടയ്‌ക്കെതിരേയുള്ള ശക്തമായ വിധിയെഴുത്തായിരിക്കും ഈ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടാവുകയെന്നു ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു.
നോട്ട് അസാധുവാക്കലിനെതിരേ രാജ്യവ്യാപകമായി ഉയര്‍ന്ന അതിശക്തമായ പ്രതിഷേധവും വര്‍ഗീയവികാരം ഇളക്കിവിട്ട് ന്യൂനപക്ഷങ്ങളെയും ദലിതരെയും നിരന്തരം ആക്രമിക്കുകയും പാര്‍ശ്വവല്‍ക്കരിക്കുകയും ചെയ്യുന്ന സംഘ്പരിവാര്‍ അജണ്ടയ്‌ക്കെതിരേ മതേതര, ജനാധിപത്യശക്തികളില്‍നിന്ന് ഉയര്‍ന്ന ചെറുത്തുനില്‍പും ഈ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ജനാധിപത്യ, മതേതര ഇന്ത്യയുടെ നിലനില്‍പിനുതന്നെ ബി.ജെ.പി വിരുദ്ധ ജനാധിപത്യച്ചേരിയുടെ മുന്നേറ്റം അനിവാര്യമായും വന്നിരിക്കുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു ലഭിച്ച ഭൂരിപക്ഷത്തിന്റെ അഹങ്കാരത്തിലും അമിത ആത്മവിശ്വാസത്തിലുമാണ് അവര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വലിയതോതില്‍ വര്‍ഗീയവികാരമിളക്കിവിട്ട്, കലാപങ്ങള്‍ വാരിവിതറിക്കൊണ്ടു വര്‍ഗീയധ്രുവീകരണം സൃഷ്ടിച്ചാണ് ഉത്തര്‍പ്രദേശ്‌പോലൊരു വലിയസംസ്ഥാനത്ത് അവര്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത്. മുസഫര്‍പൂര്‍ കലാപത്തിന്റെ ചോരപ്പാടുകള്‍ ഇനിയും ഉണങ്ങാത്ത മണ്ണിലാണു വീണ്ടും വര്‍ഗീയ കുടിലതന്ത്രങ്ങളുമായി സംഘ്പരിവാര്‍ രംഗത്തുവരുന്നത്. അവരെ തടയാന്‍ മതേതരചേരിയുടെ ഐക്യവും യോജിപ്പും അത്യന്താപേക്ഷിതമാണ്.
തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും മതേതര, ജനാധിപത്യ വോട്ടുകള്‍ ഭിന്നിക്കാതെ നോക്കേണ്ടത് വലിയ ഉത്തരവാദിത്വമായി വന്നിരിക്കുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അമ്പേ പരാജയപ്പെട്ടതും മതേതരചേരി ഭിന്നിക്കാതെയിരുന്നതുകൊണ്ടായിരുന്നു. ബി.ജെ.പിക്ക്ഒരിക്കലും ഇന്ത്യന്‍ മനഃസാക്ഷിയെ പൂര്‍ണമായും കൈപ്പിടിയിലൊതുക്കാന്‍ കഴിയില്ല. കേവലം 30 ശതമാനം വോട്ടാണ് കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ അവര്‍ക്കു നേടാനായതെന്നു ഓര്‍ക്കണം.
ഇന്ത്യന്‍ജനതയുടെ മനസ് ഇപ്പോഴും മതേതരചേരിക്കൊപ്പമാണ്. അവിടെ ഭിന്നിപ്പുണ്ടാകുമ്പോള്‍ മാത്രമാണ് അവര്‍ക്ക് അല്‍പമെങ്കിലും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന കൊളോണിയല്‍ തന്ത്രത്തിലൂടെ തെരഞ്ഞെടുപ്പുവിജയം നേടിയെടുക്കാന്‍ അവര്‍ ശ്രമിക്കുമെന്നുറപ്പാണ്. വര്‍ഗീയതയല്ലാതെ മറ്റൊരു ആയുധവും സംഘ്പരിവാറിന്റെ ആവനാഴിയിലില്ല.
അതിനപ്പുറം അവര്‍ക്കൊന്നും ചിന്തിക്കാനും കഴിയില്ല. ഇവിടെയാണ് ആദ്യം സൂചിപ്പിച്ച യോജിപ്പിന്റെ സന്ദേശം പ്രസക്തമാകുന്നത്. ബി.ജെ.പിയെപ്പോലെ ഇരട്ടമുഖമുള്ള ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന് ഈ നാടിനെ തീറെഴുതിക്കൊടുക്കാന്‍ നമുക്കു മനസില്ലെന്ന പ്രഖ്യാപനമായിരിക്കണം ഈ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരുമ്പോള്‍ ഉണ്ടാകേണ്ടത്.
എന്തുകൊണ്ട് ബി.ജെ.പി പരാജയപ്പെടണമെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. ഇന്ത്യ നിലനില്‍ക്കണമെന്നതാണ് ആ ഉത്തരം. ആയിരത്താണ്ടുകളായി നമ്മള്‍ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച ബഹുസ്വരതയെന്ന സങ്കല്‍പം തകര്‍ന്നുവീഴുന്ന നിമിഷം പിന്നെ ഇന്ത്യയുണ്ടാകില്ല. ഇന്ത്യയില്ലെങ്കില്‍ നമ്മള്‍, ഇന്ത്യയിലെ ജനങ്ങളുമില്ല. രാഷ്ട്രത്തിന്റെ നിലനില്‍പ്പിലൂടെയും പരസ്പരസ്വാംശീകരണത്തിലൂടെയുമാണെന്ന് ദേശീയപ്രസ്ഥാന കാലത്തുതന്നെ നമ്മുടെ നേതാക്കള്‍ പഠിപ്പിച്ചു. അവര്‍ പഠിപ്പിച്ചതെല്ലാം മാച്ചുകളയാനും തല്‍സ്ഥാനത്ത് ഏകാധിപത്യത്തിലൂന്നിയ ഏകശിലാ വ്യവസ്ഥ രൂപപ്പെടുത്താനുമാണു സംഘ്പരിവാര്‍ എന്നും ശ്രമിച്ചിട്ടുള്ളത്.
അവരുടെ രാഷ്ട്രീയരൂപമായ ബി.ജെ.പി അധികാരത്തിലെത്തിയപ്പോഴെല്ലാം ബഹുസ്വരതയ്ക്കുനേരെ വാളോങ്ങലുണ്ടായിട്ടുമുണ്ട്. ആ ഘട്ടത്തിലെല്ലാം ഇന്ത്യന്‍ജനത ഉയിര്‍ത്തെഴുന്നേല്‍ക്കുകയും വര്‍ഗീയഫാസിസ്റ്റുകളെ മൂലക്കിരുത്തുകയും ചെയ്തു. ഒന്നും രണ്ടും യു.പി.എ സര്‍ക്കാരുകള്‍ ഇന്ത്യന്‍ജനതയുടെ ആ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സൃഷ്ടിയായിരുന്നു. അത്തരത്തിലൊരു മുന്നേറ്റമാണു വരുന്ന നിയമസഭാതെരഞ്ഞെടുപ്പുകളില്‍ കാണേണ്ടത്.
ഇന്ത്യയിലെ എല്ലാ മതേതര, ജനാധിപത്യകക്ഷികളും ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളിയെക്കുറിച്ചു ബോധവാന്മാരാണ്. നോട്ടുപിന്‍വലിക്കല്‍ തന്നെയെടുക്കാം. ബി.ജെ.പി സര്‍ക്കാരിന്റെ ഏകാധിപത്യപ്രവണതയുടെ ഏറ്റവുംവലിയ ഉദാഹരണമായിരുന്നു അത്.
ഇന്ത്യയിലെ ജനങ്ങളെയോ പാര്‍ലമെന്റിനെയോ വിശ്വാസത്തിലെടുക്കാതെ ഒരു രാത്രിയില്‍ ഒറ്റ പ്രഖ്യാപനത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തികമേഖലയെ പൂര്‍ണമായും നിര്‍ജീവമാക്കി. ചോദിക്കാനും പറയാനും ആരുമില്ലെന്ന ധാര്‍ഷ്ട്യത്തില്‍നിന്ന് ഉളവാകുന്ന അത്തരം ദുരന്തങ്ങള്‍ ഇനി ഈ രാജ്യത്തു സംഭവിച്ചുകൂടാ.
ശക്തമായ മതേതരചേരി ഉയര്‍ത്തുന്ന പ്രതിരോധദുര്‍ഗങ്ങള്‍ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ആ സംസ്ഥാനങ്ങളില്‍ ഉയര്‍ന്നുവരണം.
അതില്‍ത്തട്ടി വര്‍ഗീയ ഏകാധിപത്യ അജണ്ടകള്‍ നിഷ്പ്രഭമാവുകയും വേണം. എങ്കില്‍മാത്രമേ നൂറ്റാണ്ടുകളായി നമ്മള്‍ പരിപാലിക്കുകയും അഭിമാനിക്കുകയുംചെയ്യുന്ന മഹത്തായ മൂല്യങ്ങള്‍ നിലനില്‍ക്കുകയുള്ളൂ. ഇന്ത്യയെ വീണ്ടെടുക്കുകയെന്നതാണു മതേതരശക്തികളുടെ ദൗത്യം. അതില്‍നിന്നു നാം ഒരിഞ്ചു പിറകോട്ടുപോയാല്‍ ചരിത്രം നമുക്കു മാപ്പുനല്‍കുകയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."