സി.പി.എം സംസ്ഥാന സമിതിയില്‍ വി.എസിന് കടുത്ത വിമര്‍ശനം
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതിയില്‍ ക്ഷണിതാവായി എത്തിയ വി.എസ് അച്യുതാനന്ദനെതിരേ കടുത്ത ഭാഷയില്‍ വിമര്‍ശനം.
ഗുരുതര അച്ചടക്ക ലംഘനം നടത്തിയിട്ടും വി.എസിന് കേന്ദ്ര കമ്മിറ്റി നല്കിയ ശിക്ഷ ചെറുതായിപ്പോയെന്ന് സംസ്ഥാന കമ്മിറ്റിയിലെ ഔദ്യോഗിക വിഭാഗം വിമര്‍ശിച്ചു. വി.എസിനെ താക്കീത് ചെയ്യുകയല്ല, മറിച്ച് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്റ് ചെയ്യണമായിരുന്നുവെന്ന് ഇ.പി ജയരാജന് അഭിപ്രായപ്പെട്ടു. നിരവധി അച്ചടക്ക ലംഘനങ്ങള്‍ വി.എസ്. നടത്തിയിട്ടുണ്ട്. അപ്പോഴൊക്കെ മുതിര്‍ന്ന നേതാവെന്ന പരിഗണന നല്കി ശാസിക്കല്, തരംതാഴ്ത്തല്‍, സസ്പെന്ഷന് തുടങ്ങിയ നടപടികളും നല്‍കിയിട്ടുണ്ട്.
എന്നിട്ടും, വി.എസ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടികള്‍ നിര്‍ത്തിയില്ല.
സ്ഥാപക നേതാവ് തന്നെ ഇത്തരത്തില്‍ പെരുമാറുമ്പോള്‍ ഇതുകണ്ടു പഠിക്കുന്ന പാര്‍ട്ടി അണികള്‍ എങ്ങനെ പാര്‍ട്ടിക്കു വിധേയമായി പ്രവര്‍ത്തിക്കുമെന്ന് കോലിയക്കോട് കൃഷ്ണന് നായര്‍ ചോദിച്ചു. പ്രായത്തിന്റെ പരിഗണന ലഭിക്കുമ്പോള്‍ അത് മുതലെടുക്കാനാണ് വി.എസ് ശ്രമിച്ചുകൊണ്ടേയിരിക്കുന്നതെന്ന് പി. ജരാജന് ചൂണ്ടിക്കാട്ടി. പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കുന്ന നടപടികള്‍ വി.എസില്‍ നിന്നും ഇനിയുമുണ്ടാകുമെന്നതില്‍ സംശയമില്ലെന്ന് എം.എം മണി പറഞ്ഞു.
കഴിഞ്ഞ ദിവസം അവസാനിച്ച കേന്ദ്ര കമ്മിറ്റി യോഗമാണ് പി.ബി. കമ്മിഷന് റിപ്പോര്‍ട്ട് പരിഗണിച്ച് വി.എസിനെ താക്കീതു ചെയ്യാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."