പിളര്‍പ്പിന്റെ വക്കില്‍ നിന്ന് അനുരഞ്ജനത്തിന്റെ പാതയിലേക്ക്
ലഖ്‌നോ: പിളര്‍പ്പിന്റെ വക്കില്‍ എത്തി നില്‍ക്കുന്ന സമാജ് വാദി പാര്‍ട്ടിയില്‍ നിലപാട് മയപ്പെടുത്താന്‍ മുലായം സിങ് യാദവ് തയാറായതോടെ വീണ്ടും അനുരഞ്ജനത്തിന് വഴി തെളിഞ്ഞു. മുഖ്യമന്ത്രി അഖിലേഷ് യാദവും അദ്ദേഹത്തെ അനുകൂലിക്കുന്നവരും നിലപാട് കടുപ്പിച്ചതോടെ പിളര്‍പ്പിലേക്ക് എത്തിയ പാര്‍ട്ടിയെ മുലായംതന്നെയാണ് അനുനയപാതയിലേക്ക് എത്തിക്കാന്‍ മുന്നിട്ടിറങ്ങിയത്.
ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയാല്‍ അഖിലേഷ് തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് അദ്ദേഹം ഇന്നലെ പ്രഖ്യാപിച്ചു. അഖിലേഷുമായി ഒരു ഭിന്നതയും ഇല്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുക്കപ്പെട്ടാല്‍ അഖിലേഷ് തന്നെയാവും മുഖ്യമന്ത്രിയെന്ന പുതിയ പ്രസ്താവന. പാര്‍ട്ടിയില്‍ അഖിലേഷ് പക്ഷം കരുത്തരാണെന്ന തിരിച്ചറിവാണ് കടുത്ത നിലപാടുകളില്‍ നിന്ന് പിന്നോട്ട് മാറാന്‍ മുലായത്തെ പ്രേരിപ്പിച്ചത്.
പാര്‍ട്ടി രണ്ടായി നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്നുകണ്ടതോടെ സമവായ ശ്രമത്തിനുള്ള ചര്‍ച്ചകള്‍ സജീവമായി നടന്നു. ഇതിനിടയില്‍ അഖിലേഷുമായി പിണക്കമില്ലെന്നും പാര്‍ട്ടിയിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം രാം ഗോപാല്‍ യാദവാണെന്നും മുലായം കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ഇരു വിഭാഗവും തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പാര്‍ട്ടി ചിഹ്നമായ സൈക്കിളിന് വേണ്ടി അവകാശവാദവും ഉന്നയിച്ചിരുന്നു.
സ്ഥാനാര്‍ഥി പട്ടികയാണ് പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചത്. തന്റെ വിശ്വസ്തരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് പുറത്ത് പോയതോടെ പുതിയ പട്ടികയുമായി അഖിലേഷ് യാദവ് രംഗത്ത് വന്നു. ഇതിന് അഖിലേഷിനേയും രാം ഗോപാല്‍ യാദവിനേയും പുറത്താക്കിയായിരുന്നു മുലായം തിരിച്ചടിച്ചത്. എന്നാല്‍ പിന്നീട് ഇരുവരേയും തിരിച്ചെടുക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി.
എന്നാല്‍ അഖിലേഷ് അസാധാരണ നീക്കത്തിലൂടെ സ്വയം ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചു. മുലായത്തിനെ മുഖ്യ മാര്‍ഗദര്‍ശിയായി പ്രഖ്യാപിച്ചായിരുന്നു അഖിലേഷിന്റെ പാര്‍ട്ടി പിടിച്ചടക്കല്‍. എം.എല്‍.എമാരില്‍ ബഹുഭൂരിപക്ഷവും അഖിലേഷിനൊപ്പം ഉറച്ചു നിന്നതോടെ മുലായം വഴങ്ങാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."