അന്നൂര്‍ തട്ടാര്ക്കടവ് റോഡ് പയ്യന്നൂര്‍ പൊതുമരാമത്തിനു കീഴിലാക്കണം: നഗരസഭ
പയ്യന്നൂര്‍: നഗരസഭയെയും തൃക്കരിപ്പൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന അന്നൂര്‍ തട്ടാര് കടവ് റോഡ് പയ്യന്നൂര്‍ പൊതുമരാമത്ത് സെക്ഷന്‍ പരിധിയിലേക്ക് മാറ്റണമെന്ന് നഗരസഭ കൗണ്‍സില്‍ യോഗം. ഇതു സംബന്ധിച്ച് 41ാം വാര്‍ഡ് കൗണ്‍സലര്‍ കെ.സി സ്മിത ഉന്നയിച്ച ചോദ്യത്തിന്മേലാണ് തീരുമാനം.
നിലവില്‍ നീലേശ്വരം പൊതുമരാമത്ത് സെക്ഷന്‍ പരിധിയിലുള്ള റോഡ് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. റോഡ് നവീകരിക്കാന്‍ പൊതുമരാമത്ത് കാര്യമായി ഇടപെടുന്നില്ല. അഞ്ചു വര്‍ഷമായി റോഡില്‍ യാതൊരു അറ്റകുറ്റപ്പണിയും നടന്നിട്ടില്ല. ഇപ്പോള്‍ ഗതാഗതം തീര്‍ത്തും ദുസഹമായി. നേരത്തെ ഇതിലൂടെ സര്‍വിസ് നടത്തിയിരുന്ന ട്രാന്‍സ്പോര്‍ട്ട് ബസുകളും റോഡിന്റെ ദുരവസ്ഥ കാരണം സര്‍വിസ് ഉപേക്ഷിച്ചു.
സിറ്റി ലൈവ്ലിഹുഡ് സെന്റര്‍ സ്ഥാപിക്കാന്‍ നഗരസഭാ കെട്ടിടത്തില്‍ സൗകര്യം ഒരുക്കി നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. നഗരസഭാ പരിധിയില്‍ അര്‍ഹരായ ഒരാള്‍ക്കും ക്ഷേമ പെന്ഷന് നിഷേധിക്കപ്പെടില്ലെന്ന് പി.പി ദാമോദരന്റെ ചോദ്യത്തിന് ചെയര്മാന് മറുപടി നല്കി.
98 പേര്‍ക്ക് വാര്‍ധക്യകാല പെന്ഷന് അനുവദിക്കാനും തീരുമാനമായി. എം സഞ്ജീവന്, പി ഇന്ദുലേഖ, ഇ ഭാസ്കരന്, കെ പവിത്രന്, എം.കെ ഷമീമ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."