നിയമനം വിവാദമായി; ജിഷ്ണു കേസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
പാമ്പാടി നെഹ്‌റു കോളജിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. കേസില്‍ അന്വേഷണം തുടങ്ങി മണിക്കൂറുകള്‍ക്കകമാണ് റൂറല്‍ ക്രൈംഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി ബിജു കെ സ്റ്റീഫന്റെ നിയമനം ഡി.ജി.പി റദ്ദാക്കിയത്. ഇരിങ്ങാലക്കുട എ.എസ്.പി കിരണ്‍ നാരായണനാണ് കേസിന്റെ പുതിയ ചുമതല.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബിജു കെ സ്റ്റീഫനെതിരെ വിജിലന്‍സ് കഴിഞ്ഞ മാസം കേസെടുത്തിരുന്നു. ഈ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനുള്ള വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശയനുസരിച്ച് ഡിസംബര്‍ 21ന് മുഖ്യമന്ത്രി സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവുമിട്ടു. എന്നാല്‍ ആഭ്യന്തര വകുപ്പില്‍നിന്ന് ഇതുവരെ ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയിട്ടില്ല. ഇതിന്റെ മറവിലാണ് ജിഷ്ണു കേസിന്റെ അന്വേഷണം ബിജു കെ സ്റ്റീഫന് നല്‍കി റേഞ്ച് ഐ.ജി എം.ആര്‍ അജിത്കുമാര്‍ ഉത്തരവിറക്കിയത്.
അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചതിന് തൊട്ടുപിന്നാലെ ബിജു കെ സ്റ്റീഫന്‍ നെഹ്‌റു കോളജിലെത്തി അന്വേഷണമാരംഭിച്ചിരുന്നു. എന്നാല്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്റെ നിയമനം വിവാദമായതോടെ മണിക്കൂറുകള്‍ക്കകം തന്നെ കേസിന്റെ ചുമതലയില്‍നിന്ന് ബിജു കെ സ്റ്റീഫനെ മാറ്റി ഇരിങ്ങാലക്കുട എ.എസ്.പിക്ക് കേസ് കൈമാറുകയായിരുന്നു.
അതിനിടെ വിജിലന്‍സ് കേസില്‍ പ്രതിയായ ബിജുവിനെ സംരക്ഷിച്ചെടുക്കുന്നതിനുള്ള നീക്കം അണിയറയില്‍ നടക്കുന്നുണ്ട്. ഇതിനായി വന്‍സമ്മര്‍ദ്ധമാണ് ആഭ്യന്തരവകുപ്പിന് മുകളിലുള്ളത്. സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങാത്തതിന് പിന്നില്‍ ഇതാണ് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."