കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു; കൊട്ടിയൂര്‍ മേഖലയില്‍ ഹര്‍ത്താല്‍ ആചരിച്ചു
ഇരിട്ടി: ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയെ നാട്ടുകാര്‍ ചേര്‍ന്ന് തുരത്താന്‍ ശ്രമിക്കുന്നതിനിടെ ആനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ജനകീയ സമിതി കൊട്ടിയൂര്‍ മേഖലയില്‍ ഹര്‍ത്താല്‍ ആചരിച്ചു.
കേളകം നരിക്കടവിലെ അഞ്ചാണിക്കല്‍ ജോസഫിന്റെ മകന്‍ ബിജു(45)വാണ് മരിച്ചത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ നരിക്കടവിലെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയെ കൂട്ടുകാരോടൊപ്പം പടക്കം പൊട്ടിച്ചും മറ്റും തുരത്താന്‍ ശ്രമിക്കുന്നതിനിടെ ബിജു ഇരുട്ടില്‍ ആനയുടെ മുന്‍പില്‍പെടുകയായിരുന്നു.
ഒറ്റപ്പെട്ടുപോയ ഇയാളെ ആന തുമ്പിക്കൈകൊണ്ട് വീശിയടിച്ചു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ബിജുവിനെ ഉടനെ കേളകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാട്ടാനകളില്‍ നിന്നും കാട്ടു മൃഗങ്ങളില്‍ നിന്നും ജനങ്ങളുടെ സ്വത്തിനും ജീവനും അധികൃതര്‍ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടാണ് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ കൊട്ടിയൂര്‍,കേളകം,കണിച്ചാര്‍ ഗ്രാമ പഞ്ചായത്തുകളില്‍ ഹര്‍ത്താലാചരിച്ചത്.
ആറളം വനത്തില്‍ നിന്നുമാണ് കാട്ടാന ഈ മേഖലയിലെത്തിയതെന്നു സംശയിക്കുന്നു.
ചില തര്‍ക്കങ്ങളുടെ പേരില്‍ ആനകളില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിനായി നിര്‍മിച്ച മതില്‍ പലയിടങ്ങളിലും പൂര്‍ത്തിയാക്കിയിട്ടില്ല. കൂത്തുപറമ്പ് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകുന്നേരം കേളകം ടൗണില്‍ ബിജുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു.
സംസ്‌ക്കാരം ഇന്ന് രാവിലെ ചെട്ട്യാംപറമ്പ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍ നടക്കും. ഭാര്യ: റെജിമോള്‍. മക്കള്‍:ഡാലിയ(നഴ്‌സിങ് വിദ്യാര്‍ഥിനി ,മംഗളൂരു )ഡല്‍ന(വിദ്യാര്‍ഥിനി ലിറ്റില്‍ ഫഌവര്‍ സ്‌കൂള്‍, കേളകം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."