ഫൈസല്‍വധം: അന്വേഷണം സ്തംഭിച്ചു
തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസില്‍ അന്വേഷണം സ്തംഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ശബരിമല ഡ്യൂട്ടി ല്‍കി. കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന മലപ്പുറം ഡിവൈ.എസ്.പി പി.എം പ്രദീപ്, കൊണ്ടോട്ടി സി.ഐ മുഹമ്മദ് ഹനീഫ എന്നിവരെയാണ് ശബരിമല ഡ്യൂട്ടിക്കായി നിയോഗിച്ചത്. ഇതോടെ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. തുടക്കം തൊട്ടുതന്നെ ചില പൊലിസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കേസ് അട്ടിമറിക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നതായും, അന്വേഷണം ഹൈജാക്ക് ചെയ്തതായും ആക്ഷേപമുണ്ടായിരുന്നു. ഇതിനെ സാധൂകരിക്കുന്ന നിലയിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ നടപടികള്‍. പി.എം.പ്രദീപിന്റെ ചുമതല തല്‍ക്കാലം മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി സുരേഷ്‌കുമാറാണ് വഹിക്കുന്നത്.
ഫൈസല്‍ വധിക്കപ്പെട്ടിട്ട് രണ്ടുമാസത്തോളമായെങ്കിലും ഇതുവരെ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ പൊലിസിന് സാധിച്ചിട്ടില്ല. കേസില്‍ അറസ്റ്റിലായ പതിനൊന്ന് ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ജയിലിലാണ്.
രണ്ടാഴ്ച മുന്‍പ് തിരൂരിലെ പുഴയില്‍നിന്ന് ഫൈസലിനെ വധിക്കാന്‍ ഉപയോഗിച്ച കൊടുവാള്‍ കണ്ടെടുത്തു എന്നല്ലാതെ അതിനുശേഷം ഒരന്വേഷണവും നടന്നിട്ടില്ലെന്നാണ് അറിയുന്നത്. കേസിലെ മുഖ്യസൂത്രധാരനെന്ന് പറയപ്പെടുന്ന തിരൂര്‍ മഠത്തില്‍ നാരായണന്‍, തിരൂര്‍ കുട്ടിച്ചാത്തന്‍കാവ് വിപിന്‍ദാസ്, ഗൂഢാലോചനാ സംഘത്തിലെ വളളിക്കുന്ന് സ്വദേശി ജയകുമാര്‍ എന്നിവരെ പിടികൂടാന്‍ ഇതുവരെ അന്വേഷണ സംഘത്തിനായിട്ടില്ല.
ഇവര്‍ നാടുവിട്ടെന്നാണ് പൊലിസ് പറയുന്നതെങ്കിലും ഇവരെ പിടികൂടാനാവശ്യമായ നടപടികള്‍ക്ക് അന്വേഷണസംഘം ശ്രമിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.
മാത്രവുമല്ല കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതെന്ന് പ്രതികള്‍ പൊലിസിനോട് സമ്മതിച്ച തിരൂര്‍ തൃക്കണ്ടിയൂരിലെ ആര്‍.എസ്.എസ് സംഘ മന്ദിര്‍, നന്നമ്പ്ര വെള്ളിയാമ്പുറം മേലേപ്പുറം വിദ്യാനികേതന്‍ എന്നിവയ്‌ക്കെതിരേ പൊലിസ് ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല. കേസില്‍ ജയിലില്‍ കഴിയുന്നവര്‍ വിദ്യാനികേതനുമായി അടുത്ത ബന്ധമുള്ളവരാണ്.
കൃത്യം നടത്തിയ കേസില്‍ കേസില്‍ തിരൂര്‍ മംഗലം പുല്ലാണി കരാട്ടുകടവ് സ്വദേശി കണക്കന്‍ പ്രജീഷ് എന്ന ബാബു (30), വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയംകാവ് പറമ്പ് സ്വദേശി പല്ലാട്ട് ശ്രീജേഷ് എന്ന അപ്പു(26), നന്നമ്പ്ര വെള്ളിയാമ്പുറം ചൂലന്‍കുന്ന് സ്വദേശിയും തിരൂര്‍ പുല്ലൂണിയില്‍ താമസക്കാരനുമായ തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (25) ഗൂഢാലോചന കേസില്‍ ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് കൊടിഞ്ഞി ചുള്ളിക്കുന്ന് പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് ( 32), കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ പുളിക്കല്‍ ഹരിദാസന്‍ (30), ഇയാളുടെ ജ്യേഷ്ഠന്‍ ഷാജി (39), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് ( 32), പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശി ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50) എന്നിവരേയുമാണ്‌പൊലിസ് അറസ്റ്റ് ചെയ്തത്.
ഫൈസല്‍വധക്കേസില്‍ പ്രതികളെ പിടികൂടുന്നതിനുപകരം അന്വേഷണസംഘത്തിന് മറ്റു ജോലികള്‍ നല്‍കി കേസ് അട്ടിമറിക്കുകയാണെന്ന് സര്‍വ്വകക്ഷി സംഘവും കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."