കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ്: പ്രതിഷേധം പുകയുന്നു
തിരുവനന്തപുരം:കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് (കെ.എ.എസ്) രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധം. സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ ശക്തമായ സമരപരിപാടികളോടെ രംഗത്തുവന്നു. തീരുമാനത്തിനെതിരേ കഴിഞ്ഞദിവസം ആക്ഷന്‍ കൗണ്‍സില്‍ സൂചനാപണിമുടക്കു നടത്തിയിരുന്നു.
മിക്ക സംസ്ഥാനങ്ങളിലും 1963 മുതല്‍ റവന്യൂ വകുപ്പിനെ മാത്രം ഉള്‍പ്പെടുത്തി സ്റ്റേറ്റ് സിവില്‍ സര്‍വിസ് ഇവിടെയും നിലനില്‍ക്കുന്നുണ്ട്. റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി കലക്ടര്‍ തസ്തികയ്ക്കാണ് സ്റ്റേറ്റ് സിവില്‍ സര്‍വിസിന്റെ സ്ഥാനം നല്‍കിയിട്ടുള്ളതും സംസ്ഥാനത്തിനു നീക്കിവച്ച അറുപത് ഐ.എ.എസ് പ്രൊമോഷന്‍ ക്വാട്ടയിലേക്ക് നിശ്ചിത യോഗ്യതയുള്ള ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് പ്രൊമോഷന്‍ നല്‍കിപ്പോരുന്നതും. അതോടൊപ്പം റവന്യൂ വകുപ്പ് ഒഴികെയുള്ള ഇതര വകുപ്പുകള്‍ക്ക് മൊത്തം പ്രൊമോഷന്‍ ക്വാട്ടയുടെ പതിനഞ്ചു ശതമാനവും നീക്കിവച്ചിട്ടുമുണ്ട്. സമയബന്ധിതമായി ഡെപ്യൂട്ടി കലക്ടര്‍ തസ്തികയിലേക്ക് പി.എസ്.സി നേരിട്ടുള്ള നിയമനം നടത്താതിരുന്നതും യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ലഭ്യമല്ലാതിരുന്നതും മൂലം 2016ല്‍ പ്രൊമോഷന്‍ വഴി നിയമനം നല്‍കേണ്ട 38 ഐ.എ.എസ് തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഈ വിഷയം സര്‍വിസ് സംഘടനകളുമായി 2014 ഒക്ടോബര്‍ 24ന് ചര്‍ച്ച ചെയ്യുകയും ചില സംഘടനകളുടെ പിടിവാശിമൂലം കെ.എ.എസ്. രൂപീകരണമെന്ന സ്ഥിതിയിലെത്തുകയായിരുന്നു.
തുടര്‍ന്ന് സി.പി.എമ്മിന്റെ പഠന കോണ്‍ഗ്രസിലും ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയിലും കെ.എ.എസ്. രൂപീകരിക്കുക എന്നതിനേക്കാള്‍ പ്രാധാന്യത്തോടെ സെക്രട്ടേറിയറ്റ് സര്‍വിസിനെ കെ.എ.എസില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. വിഷയം പരിശോധിക്കാതെ ബാഹ്യശക്തികളുടെ സമ്മര്‍ദ ഫലമായി സെക്രട്ടേറിയറ്റ് സര്‍വിസിനെ കെ.എ.എസില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കയായിരുന്നു.
നിലവില്‍ ഡിഗ്രി അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് അസിസ്റ്റന്റായി സെക്രട്ടേറിയറ്റ് സര്‍വിസില്‍ പ്രവേശിക്കുന്നത്. അസിസ്റ്റന്റായി നിയമനം ലഭിക്കുന്നയാള്‍ ദീര്‍ഘകാലം ജോലിചെയ്തു ചട്ടങ്ങളെപ്പറ്റി പഠിച്ചശേഷം കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും പി.എസ്.സിയുടെ ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റിയുടെ വിലയിരുത്തലും കഴിഞ്ഞശേഷമാണ് അണ്ടര്‍ സെക്രട്ടറി പോലുള്ള തസ്തികകളില്‍ പ്രൊമോഷന്‍ വഴി നിയമനം ലഭിക്കുന്നത്.
അച്ചടക്ക നടപടിയോ വിജിലന്‍സ്, ക്രിമിനല്‍ കേസുകളോ ഉള്ളവര്‍ക്കു ചട്ടപ്രകാരം പ്രൊമോഷന്‍ നിഷേധിക്കുന്നുണ്ട്. അധികാരവിന്യാസം നിലനിര്‍ത്തി അണ്ടര്‍ സെക്രട്ടറി തസ്തികയിലേക്കു കുറേപ്പേരെ നേരിട്ടു നിയമിച്ചാല്‍ അവര്‍ക്ക് എന്തു കാര്യക്ഷമതയാണ് ഉറപ്പുനല്‍കാന്‍ കഴിയുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ ചോദിക്കുന്നു. ഭരണനേതൃത്വം മാറിമാറിവന്നാലും സെക്രട്ടേറിയറ്റ് സര്‍വിസ് അവര്‍ക്കു ഭരണത്തുടര്‍ച്ച നല്‍കുന്നു. എന്നാല്‍ നേരിട്ടുള്ള നിയമനം ഇത് അട്ടിമറിക്കുന്നു. ജനങ്ങള്‍ നേരിട്ട് ഇടപെടുന്നതും സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതും നിര്‍വഹണവകുപ്പുകള്‍ വഴിയാണ്. ഇവിടെ മിനിസ്റ്റീരിയല്‍ വിഭാഗം മധ്യതല വിഭാഗം, സൂപ്പര്‍വൈസറി വിഭാഗം എന്നീ മൂന്നു തട്ടുകള്‍ ഇപ്പോള്‍തന്നെയുണ്ട്. മധ്യതല നിയമനങ്ങള്‍ക്ക് ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. അവിടെ നിന്നും കെ.എ.എസിനെതിരേ ശക്തമായ എതിര്‍പ്പുണ്ടാകുന്നില്ല.
എന്നാല്‍ സെക്രട്ടേറിയറ്റില്‍ ഡിഗ്രിയാണ് എന്‍ട്രി കേഡറിന് നിശ്ചയിച്ച അടിസ്ഥാന യോഗ്യത. ഇവര്‍ക്കു മുകളില്‍ ഇതേ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പി.എസ്.സി വഴി മറ്റൊരു വിഭാഗത്തെ പ്രതിഷ്ഠിക്കുന്നതു ന്യായീകരിക്കാന്‍ കഴിയില്ല. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് നയരൂപീകരണ കേന്ദ്രവും പദ്ധതി നടത്തിപ്പിന്റെ നിരീക്ഷകരുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."