ഖത്തര്‍ എഡിഷനെന്ന ഉസ്താദിന്റെ സ്വപ്‌നം
സര്‍വശക്തനായ നാഥന്റെ വിധി തടയാന്‍ നമുക്കാവില്ലല്ലോ. ആയിരക്കണക്കിനു സ്‌നേഹജനങ്ങളെ കണ്ണീരിലാഴ്ത്തി പ്രിയപ്പെട്ട ബാപ്പു മുസ്‌ലിയാര്‍ പോയി. അനിവാര്യമായ വേര്‍പാട് ഉള്‍ക്കൊള്ളുന്ന വേളയിലും അതുണ്ടാക്കുന്ന വേദന അടക്കിനിര്‍ത്താനാവുന്നില്ല.
സമസ്ത നേതാക്കളില്‍ പലരുമായും അടുത്തബന്ധമുണ്ടെങ്കിലും ഏറെ ഹൃദയബന്ധം ഉസ്താദുമായിട്ടായിരുന്നു. ആഴ്ചയിലൊരിക്കല്‍ ഉസ്താദിന്റെ ശബ്ദം ഫോണിലൂടെയെങ്കിലും കേള്‍ക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു എനിക്ക്. ഏതു തിരക്കിലും അതു മുടക്കാറില്ല.
വല്ല കാരണവശാലും ഫോണ്‍ വിളിക്കുന്നതു വൈകിപ്പോയാല്‍ ഉസ്താദ് ചോദിക്കും: ''ആബിദിനെ കിട്ടിയിട്ട് കുറേയായി. ബിസിനസിന്റെ ഓട്ടത്തിലാവും.'' സ്‌നേഹത്തില്‍ ചാലിച്ച ഈ പരിഭവം തന്നെയാണ് അദ്ദേഹത്തെ ഹൃദയത്തോടു ചേര്‍ത്തുവയ്ക്കാനുള്ള പ്രധാന കാരണം.
ബാപ്പു ഉസ്താദില്‍ കണ്ട വലിയൊരു പ്രത്യേകത എത്രവലിയ പ്രശ്‌നങ്ങളും അനായാസം കൈകാര്യംചെയ്യാനുള്ള മിടുക്കാണ്. സമസ്ത 85 ാം സമ്മേളനത്തിന്റെയും 90 ാം സമ്മേളനത്തിന്റെയും കടിഞ്ഞാണ്‍ ആ കൈകളിലായിരുന്നു. എഞ്ചിനീയറിങ് കോളജ്, ഹജ്ജ് കമ്മിറ്റി, വിദ്യാഭ്യാസ ബോര്‍ഡ് എന്നിവയുടെ നായകനെന്ന നിലയിലുള്ള പ്രവര്‍ത്തനവും ശ്രദ്ധേയമായിരുന്നു. 'സുപ്രഭാത'ത്തെ ഇത്രവലിയ പത്രമാക്കിയതിന്റെ ക്രെഡിറ്റും അദ്ദേഹത്തിനുതന്നെ.
ഭാരിച്ച ഈ ഉത്തരവാദിത്വങ്ങളൊക്കെ നിറവേറ്റുമ്പോഴും അതിന്റേതായ പിരിമുറുക്കം ആ മുഖത്ത് ഒരിക്കലും കാണില്ല. സുസ്‌മേരവദന നായിരുന്നു അദ്ദേഹം എപ്പോഴും. മുന്നിലെത്തുന്നവര്‍ക്കും ഫോണിലോ മറ്റോ ബന്ധപ്പെടുന്നവര്‍ക്കും ഒരു പോസിറ്റീവ് എനര്‍ജിയായി അദ്ദേഹം മാറും.
സംഘടനാരംഗത്ത് ഊര്‍ജ്ജ്വസ്വലതയോടെ മറ്റ് ഉസ്താദുമാരുമായി സഹകരിച്ചു കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാനുള്ള ബാപ്പു ഉസ്താദിന്റെ കഴിവ് പലപ്പോഴും വിസ്മയത്തോടെ ആലോചിച്ചിട്ടുണ്ട്. മറ്റു പണ്ഡിതന്മാര്‍ക്ക് അങ്ങേയറ്റത്തെ ആദരവു കൊടുത്തുകൊണ്ടുള്ള ആ പെരുമാറ്റം എടുത്തുപറയേണ്ടതാണ്. എല്ലാവരെയും പരിഗണിക്കുന്ന ആ പെരുമാറ്റം കാണുന്ന ആര്‍ക്കും അദ്ദേഹത്തോട് ബഹുമാനം തോന്നാതിരിക്കില്ല,
ഒരു പത്രമെന്നത് സമസ്തയുടെ ചിരകാലാഭിലാഷമായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ 2014 സെപ്തംബര്‍ ഒന്നിന് സുപ്രഭാതം പുറത്തിറങ്ങി. ഈ പത്രത്തിന്റെ സര്‍വസ്വവുമായിരുന്നു ഉസ്താദ്. മാനേജിങ് കമ്മിറ്റിയിലേക്ക് എന്നെ ഉള്‍പ്പെടുത്താനുള്ള സൗമനസ്യം അദ്ദേഹം കാണിച്ചു. അന്നുതന്നെ ഖത്തര്‍ എഡിഷന്‍ തുടങ്ങുന്നതിനെക്കുറിച്ചു ചര്‍ച്ച നടന്നു.
ദുബൈ, ബഹ്‌റൈന്‍, സഊദി തുടങ്ങിയ സ്ഥലങ്ങളിലെ പ്രമുഖര്‍ അവിടങ്ങളിലും എഡിഷന്‍ തുടങ്ങണമെന്നാവശ്യപ്പെടുന്നുണ്ടായിരുന്നു. ഉസ്താദ് നിലപാടു വ്യക്തമാക്കി. ''വേണ്ട, ഇപ്പോള്‍ അതിനുള്ള സമയമായില്ല. രണ്ടുവര്‍ഷമെങ്കിലും കഴിയട്ടെ. നമ്മള്‍ ഇവിടെ ആറ് എഡിഷന്‍ തുടങ്ങിയതുതന്നെ വലിയ കാര്യമല്ലേ. അതൊന്നു നേെരയാവട്ടെ, എന്നിട്ടു മതി ഗള്‍ഫ് എഡിഷന്‍.''
ഇടയ്‌ക്കൊക്കെ ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ സ്വാഭാവികമായും ഗള്‍ഫ് എഡിഷന്‍ കടന്നുവരും. അഞ്ചാറുമാസം മുന്‍പ് ഞാനിക്കാര്യം സൂചിപ്പിച്ചപ്പോള്‍ ഉസ്താദ് പറഞ്ഞു: ''ഞാനും നവാസും ഒന്നു വരാം. ഒന്നു പഠിക്കാലോ.'' എനിക്ക് സന്തോഷമായി. ഉസ്താദ് വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചല്ലോ. പിന്നെ ഇടയ്‌ക്കൊക്കെ ചോദിക്കും, എപ്പോഴാ വരുന്നതെന്ന്. ''ങാ.., ഉടനെ വരാം.'' എന്ന് അദ്ദേഹം പറയും.
ഉസ്താദിനെവിടെ നേരം. എന്നും ഓട്ടമല്ലേ, നിര്‍ത്താതെയുള്ള ഓട്ടം. സമുദായസേവനത്തിന്റെ മഹാദൗത്യവുമായുള്ള ഈ പ്രയാണത്തിനിടയില്‍ സ്വന്തം ആരോഗ്യകാര്യങ്ങള്‍പോലും അദ്ദേഹത്തിനു ശ്രദ്ധിക്കാനായില്ല. എറണാകുളത്തെ ഇന്ദിരാഗാന്ധി ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധനെ ആറുമാസത്തിലൊരിക്കലെങ്കിലും കാണണമെന്ന നിര്‍ദ്ദേശംപോലും അദ്ദേഹത്തിനു പാലിക്കാനായില്ല.
ഖത്തര്‍ യാത്രയും നീണ്ടുനീണ്ടുപോയി. അതിനിടയില്‍ ഫോണില്‍ അദ്ദേഹം താല്‍പര്യം അറിയിച്ചുകൊണ്ടിരുന്നു. കഴിഞ്ഞതവണ നേരില്‍ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ആദ്യത്തെ ഗള്‍ഫ് എഡിഷന്‍ ഖത്തറില്‍നിന്നാവണം. ആബിദും എ.വി അബൂബക്കര്‍ ഖാസിമിയും അതിനു വേണ്ടതൊക്കെ ചെയ്തു നേതൃത്വം നല്‍കണം. ഹമീദ് ഫൈസിയും സുലൈമാന്‍ ദാരിമിയും വരും.''
പിന്നെ എപ്പോള്‍ ബന്ധപ്പെടുമ്പോഴും ഉസ്താദിനു പറയാന്‍ സുപ്രഭാതം ഖത്തര്‍ എഡിഷനായിരുന്നു. അതൊരു വലിയസ്വപ്‌നമായി അദ്ദേഹം കൊണ്ടുനടന്നതായി എന്റെ സുഹൃത്ത് നവാസ് പൂനൂര്‍ എപ്പോഴും പറയാറുണ്ടായിരുന്നു. കഴിഞ്ഞദിവസം ഹമീദ് ഫൈസിയും നവാസും മുസ്തഫയും കെ മോയിന്‍കുട്ടി മാഷും സുലൈമാന്‍ ദാരിമിയുമൊക്കെ എന്നെ വന്നുകണ്ടിരുന്നു. അപ്പോഴും ഞങ്ങളുടെ പ്രധാനചര്‍ച്ച ഉസ്താദും ഉസ്താദിന്റെ സുപ്രഭാതം ഖത്തര്‍ എഡിഷന്‍ സ്വപ്‌നവുമായിരുന്നു.
സുപ്രഭാതത്തിന്റെ നായകന്റെ വേര്‍പാടിന്റെ വേദന അകലുംമുന്‍പുതന്നെ ആ സ്വപ്‌നം പൂവണിയിക്കാനുള്ള തീവ്രമായ ശ്രമത്തിലാണു ഞങ്ങള്‍. ഉസ്താദ് ആഗ്രഹിച്ചപോലെ ആദ്യ ഗള്‍ഫ് എഡിഷന്‍ ഖത്തറിലാവുമെന്നു പ്രതീക്ഷിക്കാം. തുടര്‍ന്നു മറ്റു രാജ്യങ്ങളിലും സുപ്രഭാതം പിറക്കും. നമ്മുടെ പ്രിയങ്കരനായ ചെയര്‍മാന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ അതിനു നമുക്കു ശക്തിപകരും, തീര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."