തമിഴ്നാട് എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; നീലഗിരിയില്‍ 93.25 ശതമാനം വിജയം
ഗൂഡല്ലൂര്‍: തമിഴ്നാട് എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 93.6 ശതമാനമാണ് സംസ്ഥാനത്തെ വിജയ ശതമാനം. നീലഗിരി ജില്ലയില്‍ 93.25 ശതമാനം വിജയം. നീലഗിരി ജില്ലയില്‍ 71 സ്കൂളുകളാണ് നൂറു ശതമാനം വിജയം നേടിയത്. 181 സ്കൂളുകളില്‍ നിന്നായി ജില്ലയില്‍ മൊത്തം 9584 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയിരുന്നത്. ഇതില്‍ 8937 വിദ്യാര്‍ഥികള്‍ വിജയിച്ചു. ജില്ലയില്‍ 56 പരീക്ഷാ സെന്ററുകളാണുണ്ടായിരുന്നത്. വിജയ ശതമാനത്തില്‍ കഴിഞ്ഞതവണ സംസ്ഥാനത്ത് പതിനഞ്ചാം സ്ഥാനത്തായിരുന്ന നീലഗിരി ജില്ല ഇത്തവണ ഇരുപത്തിരണ്ടാം സ്ഥാനത്താണ്.
തൂണേരി സത്യസായി മെട്രിക്കുലേഷന്‍ ഹയര്‍സെകന്‍ഡറി സ്കൂളിലെ എസ് പ്രേംശേഖറും, കോത്തഗിരി വിശ്വശാന്തി വിദ്യാലയ മെട്രിക്കുലേഷന്‍ സ്കൂളിലെ വി രാധികയും 500ല്‍ 496 മാര്‍ക്ക് നേടി ജില്ലയില്‍ ഒന്നാം സ്ഥാനത്തെത്തി. ദേവര്‍ഷോല ഹോളിക്രോസ് സ്കൂളിലെ ബി സുപ്രിയയും, കുന്നൂര് സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എസ് വിജയശ്രിയും 500ല്‍ 495 മാര്‍ക്ക് നേടി രണ്ടാം സ്ഥാനവും കുന്നൂര് സെന്റ്ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എസ് ജാസ്മിനും, കോത്തഗിരി വിശ്വശാന്തി വിദ്യാല മെട്രിക് സ്കൂളിലെ ബി.മനസ്വിനി, കുന്നൂര് സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ റിന്‍സി മഡോണയും കക്കുച്ചി ശ്രീ ഈശ്വര മെട്രിക് സ്കൂളിലെ എല്‍.ജെ സജീനയും 500ല്‍ 494 മാര്‍ക്ക് നേടി ജില്ലയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."