കുറ്റ്യാടിപ്പുഴയില്‍ മുങ്ങിമരിച്ചു: വിദ്യാര്‍ഥികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
വെള്ളമുണ്ട: കഴിഞ്ഞ ദിവസം കുറ്റ്യാടിപ്പുഴയില്‍ കാല് വഴുതിവീണ് മരണപ്പെട്ട ബന്ധുക്കളായ വിദ്യാര്‍ഥികള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. വെള്ളമുണ്ട കട്ടയാട് കുറുക്കന്റവിട അബ്ദുല്ലയുടെ മകന് സുബൈര്‍ (15) സുബൈറിന്റെ സഹോദരി പുത്രന് മക്കിയാട് പൂരിഞ്ഞി മുണ്ടക്കാട്ടില്‍ അലിയുടെ മകന് സൈത് മുഹമ്മദ് (13) എന്നിവരാണ് ചൊവ്വാഴ്ചയുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്.
വെള്ളമുണ്ട ഗവ. ഹൈസ്ക്കൂള് പത്താം തരം വിദ്യാര്‍ഥിയായ സുബൈര്‍ ഞായറാഴ്ചയാണ് മുതിര്‍ന്ന സഹോദരി മൈമൂനയും കുടുംബവും വാടകക്ക് താമസിക്കുന്ന കുറ്റ്യാടിയിലേക്ക് പോയത്. മണ്ണൂര്‍ പുത്തന്‍പീടികയില്‍ പുഴയില്‍ കളിക്കുന്നതിനിടെ ഇവര്‍ പുഴയിലേക്ക് കാല് വഴുതി വീഴുകയായിരുന്നു.
കരയിലുണ്ടായിരുന്ന സൈത് മുഹമ്മദിന്റെ ഇളയ സഹോദരനാണ് നാട്ടുകാരെ വിവരമറിയിച്ചത്. നാട്ടുകാരെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇന്നലെ രാവിലെ 11ഓടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വന്‍ ജലാവലിയുടെ സാന്നിധ്യത്തില്‍ കുറ്റ്യാടിയില്‍ വെച്ച് മയ്യിത്ത് നമസ്കാരത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ വയനാട്ടിലേക്കെത്തിച്ചത്. സൈത് മുഹമ്മദിന്റെ മൃതദേഹം പുരിഞ്ഞി ജുമാ മസ്ജിദ് ഖബറിസ്ഥാനിലും സുബൈറിന്റെ മൃതദേഹം കട്ടയാട് ജുമാമസ്ജിദ് ഖബറിസ്ഥാനിലും ഖബറടക്കി. തങ്ങളോടൊപ്പം കളിച്ചു നടന്നിരുന്ന സഹപാഠിയെ അവസാന നോക്ക് കാണാന്‍ വെള്ളമുണ്ട ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും എത്തിയിരുന്നു.
ഒപ്പം നാട്ടുകാരും സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും അന്ത്യോപചാരമര്‍പ്പിക്കാനെത്തി. വെള്ളമുണ്ട ഹൈസ്കൂളിന് ഇന്നലെ അവധി നല്കി. വൈകിക്ക് മൂന്നോടെ സൈത് മുഹമ്മദിന്റെ മൃതദേഹവും നാലോടെ സുബൈറിന്റെ മൃതദേഹവും ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."