'പള്ളിവാസ'ലില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍; പ്രധാന കരാറുകാരെ ഒഴിവാക്കിയത് റദ്ദാക്കി
തൊടുപുഴ: പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ നിര്‍മാണപ്രവൃത്തിയില്‍ നിന്ന് പ്രധാന കരാറുകാരെ ഒഴിവാക്കിയത് റദ്ദാക്കി. സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധി നേരിടുന്നത് മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു.
ഇതുസംബന്ധിച്ച് ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. 75 ശതമാനവും പൂര്‍ത്തിയായ പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനം പെട്ടെന്ന് പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്.
പള്ളിവാസല്‍ പദ്ധതികളുടെ നിര്‍മാണം ഡിസംബറില്‍ പുനരാരംഭിക്കുമെന്ന് മന്ത്രിമാരായ കടകംപള്ളിയും എം.എം മണിയും നിയമസഭയിലടക്കം പ്രഖ്യാപിച്ചെങ്കിലും പാഴ്‌വാക്കാകുകയായിരുന്നു. സാങ്കേതികപിഴവും കെടുകാര്യസ്ഥതയുംമൂലം 10 വര്‍ഷം പിന്നിട്ടിട്ടും പദ്ധതി പൂര്‍ത്തിയായിരുന്നില്ല. വിവിധ കാരണങ്ങള്‍ പറഞ്ഞ് ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രിസഭാ ഉപസമിതി താമസിപ്പിക്കുകയായിരുന്നു. മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷനായ ഉപസമിതിയുടെ പരിഗണനക്ക് വിഷയം വന്നിട്ട് മാസങ്ങളായി.
2006ല്‍ എ.കെ ബാലന്‍ വൈദ്യുതി മന്ത്രിയായിരിക്കെയാണ് നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് പള്ളിവാസല്‍ വിപുലീകരണ പദ്ധതിക്ക് തറക്കല്ലിട്ടത്. ഇതിനുശേഷം നാലര വര്‍ഷത്തിലേറെക്കാലം ബാലന്‍ തന്നെ മന്ത്രിയായി തുടര്‍ന്നെങ്കിലും യാഥാര്‍ഥ്യമായില്ല.
തുടര്‍ന്ന് വന്ന യു.ഡി.എഫ് സര്‍ക്കാരും ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് തുടരുകയായിരുന്നു.
പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനുപിന്നാലെ എസ്റ്റിമേറ്റ് തുക 550 കോടിയായി ഉയര്‍ത്തുന്നതടക്കമുള്ള ശുപാര്‍ശകളുമായി ചീഫ് എന്‍ജിനീയര്‍ (സിവില്‍ കണ്‍സ്ട്രക്ഷന്‍സ്) പി. സുചിത്ര സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് കെ.എസ്.ഇ.ബി, മന്ത്രിസഭാ ഉപസമിതിക്ക് കൈമാറിയത്.
268.01 കോടിയുടെ എസ്റ്റിമേറ്റിലാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടത്. നിര്‍മാണം മുടങ്ങുകയും വൈദ്യുതി ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി കരാറുകാര്‍ രംഗത്തെത്തുകയും ചെയ്തതോടെ ഇതുവരെ കോടികളുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.
പദ്ധതി വൈകുന്നത് 42 ലക്ഷം രൂപയുടെ പ്രതിദിന നഷ്ടവും ഉണ്ടാക്കുന്നുണ്ട്. എസ്റ്റിമേറ്റ് തുക വര്‍ധിപ്പിക്കാതെ കരാറുകാരാരും നിര്‍മാണം ഏറ്റെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നിര്‍മാണം പുനരാരംഭിച്ചാല്‍തന്നെ കുറഞ്ഞത് മൂന്നുവര്‍ഷം കൂടിയെങ്കിലുമെടുക്കും കമ്മിഷന്‍ ചെയ്യാന്‍.
മൂന്നാറിലെ ഹെഡ്‌വര്‍ക്‌സ് ഡാം കവിഞ്ഞൊഴുകി കോടികളുടെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന ജലം പാഴാകുന്നത് കണക്കിലെടുത്താണ് 60 മെഗാവാട്ടിന്റെ പള്ളിവാസല്‍ വിപുലീകരണ പദ്ധതിക്ക് തുടക്കമിട്ടത്. മുംബൈ ആസ്ഥാനമായ എസ്.ആര്‍ ഗ്രൂപ്പ്, ചൈനീസ് കമ്പനിയായ ഡി.ഇ.സി, ഹൈദരാബാദിലെ സി.പി.പി.എല്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യമാണ് പദ്ധതിയുടെ കരാറുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."