കൊതുകു നിര്‍മാര്‍ജനം: റബര്‍ മരത്തിലെ ചിരട്ടകള്‍ കമിഴ്ത്തിവയ്ക്കണം
കോട്ടയം: കേരളത്തിലെ റബര്‍മേഖലയിലാകെ മഴ ലഭിച്ചു തുടങ്ങിയിരിക്കുന്നതിനാല്‍ റബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ കമിഴ്ത്തി വയ്ക്കുന്ന കാര്യത്തില്‍ കര്‍ഷകര്‍ നിഷ്‌കര്‍ഷ പുലര്‍ത്തണമെന്ന് റബര്‍ബോര്‍ഡ് അഭ്യര്‍ഥിക്കുന്നു. കൊതുകുകളിലൂടെ പരക്കുന്ന വിവിധ രോഗങ്ങള്‍ നാട്ടില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യം നിലവിലുള്ളതിനാലാണിത്.
റബര്‍ മരങ്ങളിലെചിരട്ടകളില്‍ ഒരാഴ്ചയില്‍ കൂടുതല്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നത് കൊതുകിന് മുട്ടയിട്ടുപെരുകാന്‍ ഏറെ സൗകര്യം നല്‍കും. തുടര്‍ച്ചയായി ടാപ്പിങ് നടക്കുന്ന സമയത്ത് ഇതിനു സാധ്യതയില്ല. എന്നാല്‍ മഴമൂലം ടാപ്പിങ് തടസ്സപ്പെടുമ്പോള്‍ ചിരട്ടകളില്‍ കൂടുതല്‍ ദിവസങ്ങള്‍ വെള്ളം കെട്ടിനില്‍ക്കും. അങ്ങനെ വരുമ്പോഴാണ് കൊതുകുകള്‍ അവയില്‍ പെരുകുന്നത്. ദീര്‍ഘനാളായി ടാപ്പിങ് നിര്‍ത്തിവച്ചിരിക്കുന്ന തോട്ടങ്ങളിലും ഇതു സംഭവിക്കും.
ടാപ്പിങ് നടക്കുന്ന തോട്ടങ്ങളില്‍, പാല്‍വീഴ്ച നില്‍ക്കാത്തതുകൊണ്ട് ചിരട്ട കമിഴ്ത്തിവയ്ക്കാന്‍ പറ്റുന്നില്ലെങ്കില്‍, മഴക്കാലത്തെങ്കിലും പൂര്‍ണമായി വീഴ്ച നിന്നശേഷം മാത്രം കറയെടുക്കുകയും തുടര്‍ന്ന് ചിരട്ട കമിഴ്ത്തിവയ്ക്കുകയും ചെയ്യണം.
പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് റെയിന്‍ഗാര്‍ഡുചെയ്ത തോട്ടങ്ങളില്‍ പ്ലാസ്റ്റിക് ഉയര്‍ത്തിവയ്ക്കുമ്പോള്‍ അവയുടെ മടക്കുകളില്‍ വെള്ളം കെട്ടിനില്‍ക്കാനിടയാകും. അവ നന്നായി താഴ്ത്തിയിട്ടാല്‍ ഇതൊഴിവാക്കാം എന്നുമാത്രമല്ല ചിരട്ടകളില്‍ മഴവെള്ളം വീഴാതിരിക്കുകയും ചെയ്യും. ഉപയോഗിച്ചശേഷം പറമ്പില്‍ ഉപേക്ഷിച്ചിരിക്കുന്ന റെയിന്‍ഗാര്‍ഡുകള്‍, പാത്രങ്ങള്‍ എന്നിവയിലും മഴവെള്ളം കെട്ടിനില്‍ക്കുന്നില്ല എന്ന് ഉറപ്പാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."