ജില്ലാ ആശുപത്രിക്ക് പുത്തനുണര്‍വ് നല്‍കി പുനര്‍ജനി പദ്ധതി
ചെറുതോണി : സംസ്ഥാനത്തെ എഞ്ചിനീയറിങ് , പോളിടെക്‌നിക്ക് കോളജുകളിലെ നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തകര്‍ 'യുവത്വം ആസ്തികളുടെ പുനര്‍നിര്‍മാണത്തിന്' എന്ന ലക്ഷ്യത്തോടെ നടത്തിയ 'പുനര്‍ജ്ജനി പദ്ധതി'ജില്ലാ ആശുപത്രിക്ക് പുതിയ മുഖം നല്‍കി. കാലഹരണപ്പെട്ട നിരവധി ഉപകരണങ്ങളാണ് കഴിഞ്ഞ എട്ട് ദിവസം കൊണ്ട് പുനര്‍ജനിച്ചത്. രാത്രിയും പകലും 140 എന്‍.എസ്. എസ്. വോളണ്ടിയര്‍മാര്‍ ആശുപത്രിയിലെ കേടുപാടുകള്‍ സംഭവിച്ച ജനറേറ്റര്‍,സോളാര്‍ പാനല്‍, ബയോഗ്യാസ് പ്ലാന്റ്, ബയോ മെഡിക്കല്‍ ഉപകരണങ്ങള്‍, ആംബുലന്‍സ്,ലോണ്‍ട്രി, ടെലി മെഡിസിന്‍ ഉപകരണങ്ങള്‍, ഫാനുകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, കിടക്കകള്‍, കബോര്‍ഡുകള്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, തുടങ്ങിയ രണ്ടരകോടി രൂപയോളം വരുന്ന ഉപകരണങ്ങളാണ് നവീകരിച്ച് നല്കിയത്.
ചിട്ടയായ പ്രവര്‍ത്തനവും സഹകരണവും നടത്തിയ വിദ്യാര്‍ത്ഥികള്‍ എല്ലാ മേഖലയിലും നിന്നുള്ളവരുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. സമാപനത്തോടനുബന്ധിച്ച് ഇന്നലെ റോഷി അഗസ്റ്റിന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ആശുപത്രി അങ്കണത്തില്‍ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു . ടെക്‌നിക്കല്‍ സെല്ലിന് മെമന്റോയും വിദ്യാര്‍ഥികള്‍ക്ക്് അവാര്‍ഡും നല്‍കി.
സാങ്കേതിക വിദ്യാഭ്യാസം നേടിയ വിദ്യാര്‍ഥികളുടെ സേവനം പഠനകാലത്തു തന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനാകുന്നത് രാഷ്ട്രപുനര്‍ നിര്‍മ്മാണത്തിന് സഹായകരമാണെന്നും എല്ലാ ജില്ലകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നവീകരണങ്ങളുടെ മേല്‍നോട്ടം ഇത്തരം സംഘടനകള്‍ ഏറ്റെടുക്കുന്നത് സ്ഥാപനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് സഹായകമാണ്. അശ്രദ്ധമൂലം ഒട്ടേറെ ഉപകരണങ്ങള്‍ കാലഹരണപ്പെട്ടുപോകുന്നത് മേലധികാരികളേയും ജനപ്രതിനിധികളേയും ബോധ്യപ്പെടുത്തുന്നതിനു കൂടി ഈ ക്യാമ്പ് സഹായകരമായെന്നും എം.എല്‍.എ പറഞ്ഞു. വൈദ്യുതി മന്ത്രി എം.എം മണി ഇന്ന് ക്യാമ്പ് സന്ദര്‍ശിക്കും. വൈകുന്നേരത്തോടെ ക്യാമ്പ് സമാപിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലിസമ്മ സാജന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി കൊച്ചുകുടി, സി.വി. വര്‍ഗ്ഗീസ്, എ.ഒ. അഗസ്റ്റിന്‍, എ.പി. ഉസ്മാന്‍, ആശുപത്രി സൂപ്രണ്ട് ഡോ.നന്ദിനി.ജി, എന്‍.എസ്.എല് ടെക്‌നിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ജബ്ബാര്‍ അഹമ്മദ്, ഡോ. നിസാം റഹ്മാന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ടിന്റു സുബാഷ്, ജോര്‍ജ്ജ് വട്ടപ്പാറ, പഞ്ചായത്ത് അംഗങ്ങളായ ഷിജോ തടത്തില്‍, കെ.എം ജലാലുദ്ദീന്‍, ഇടുക്കി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിബിച്ചന്‍ ജോസഫ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ സാജന്‍ കുന്നേല്‍, യൂസഫ് മൗലവി, ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ രാജു തോമസ്, അനില്‍ കൂവപ്ലാക്കല്‍, എ.എം അസീസ്, പി.ഡി ജോസഫ്, എം.ടി അര്‍ജ്ജുനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."