വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വാര്‍ഫിലെ തടസങ്ങള്‍ നീക്കാന്‍ ധാരണ
വിഴിഞ്ഞം: മത്സ്യബന്ധന തുറമുഖ വാര്‍ഫിലെ തടസങ്ങള്‍ നീക്കാന്‍ ധാരണ. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് മത്സ്യബന്ധന വള്ളങ്ങള്‍ക്ക് തടസമാകുന്ന യാനങ്ങള്‍ വാര്‍ഫില്‍നിന്ന് മാറ്റാന്‍ നിര്‍ദേശമുണ്ടായത്.
മത്സ്യബന്ധന സീസണ്‍ ആയതോടെ മറ്റു തീരങ്ങളില്‍നിന്ന് ഒട്ടേറെ ഫൈബര്‍ ബോട്ടുകളും വള്ളങ്ങളും വിഴിഞ്ഞത്തെത്തും. മത്സ്യബന്ധന വള്ളങ്ങളുടെ സുഗമമായ പോക്കുവരവിന് തടസമുണ്ടാക്കുന്ന യാനങ്ങളായിരിക്കും മാറ്റേണ്ടിവരിക.
നിലവില്‍ അദാനി ഗ്രൂപ്പിന്റെ ഡ്രഡ്ജര്‍, ബാര്‍ജ്, ബ്രഹ്മാക്ഷര ടഗ്ഗ്, ഇറാന്‍ ബോട്ട് എന്നിവയാണ് ഹാര്‍ബറിലുള്ളത്. കേസില്‍പെട്ടു കിടക്കുന്ന ഇറാന്‍ ബോട്ട് വെള്ളം കയറി തകര്‍ച്ചയുടെ വക്കിലാണ്. ഇറാന്‍ ബോട്ടിന്റെ മൂല്യം തിട്ടപ്പെടുത്തി ലേലം ഉടന്‍ നടന്നേക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഗുജറാത്തി ടഗ്ഗായ ബ്രഹ്മാക്ഷര വാര്‍ഫില്‍നിന്ന് മാറ്റണമെന്ന് പോര്‍ട്ട് അധികൃതര്‍ ഉടമസ്ഥരോട് നിരവധിതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും മറുപടിയുണ്ടായില്ല. കടല്‍ക്ഷോഭം കാരണം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട കടല്‍കുഴിക്കല്‍ നിര്‍ത്തിവച്ചതോടെയാണ് ശാന്തിസാഗര്‍ എന്ന ഡ്രഡ്ജര്‍ വാര്‍ഫിലേക്ക് മാറ്റിയത്. ഇനി സെപ്തംബറിലാണ് കടല്‍കുഴിക്കല്‍ പുനരാരംഭിക്കുക. അദാനി ഗ്രൂപ്പിന്റെ ബാര്‍ജുകളും വാര്‍ഫിലുണ്ട്. സ്ഥലപരിമിതി പ്രശ്‌നം പോര്‍ട്ട് അധികൃതര്‍ അദാനി ഗ്രൂപ്പിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. തടസങ്ങള്‍ മാറ്റുന്നതില്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ തീരുമാനം അറിയിക്കുമെന്ന പ്രതീക്ഷയിലാണ് പോര്‍ട്ട് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."