ലഹരി നുരയുന്നു; ജില്ലയിലെ കഞ്ചാവ് കേസുകളില്‍ വര്‍ധന
കോഴിക്കോട്: ജില്ലയിലെ കഞ്ചാവ് കേസുകളിലുണ്ടായ ഗണ്യമായ വര്‍ധന ആശങ്ക സൃഷ്ടിക്കുന്നു. പുതിയ വര്‍ഷം ആരംഭിച്ച് ദിവസങ്ങള്‍ മാത്രം പിന്നിട്ടപ്പോള്‍ ഇതുവരെ ഒന്‍പത് കഞ്ചാവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
യുവാക്കളും മധ്യവയസ്‌കരുമുള്‍പ്പെടെ 14 പേരെയാണ് വിവിധ സംഭവങ്ങളിലായി അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് പിടിയിലായ കല്ലായി സ്വദേശിയും ഇടപാടുകാര്‍ക്കിടയില്‍ ചില്ലറ വില്‍പന നടത്തുന്നതിനിടെ 30ഗ്രാം കഞ്ചാവുമായി കഴിഞ്ഞ ദിവസം പിടിയിലായ കോയമ്പത്തൂര്‍ സ്വദേശിയും ഉള്‍പ്പെടെയുള്ള കണക്കാണിത്. മുഴുവന്‍ പ്രതികളില്‍ നിന്നുമായി രണ്ട് കിലോയോളം കഞ്ചാവും ലഹരിക്കായി വിദ്യാര്‍ഥികള്‍ വ്യാപകമായി ഉപയോഗിക്കുന്ന നൈട്രാസ പാം ഗുളികകളും കണ്ടെടുത്തിരുന്നു. 2.75 ഗ്രാം ഗുളികകളാണ് പിടികൂടിയത്.
വിതരണത്തിനായി ഉപയോഗിച്ചിരുന്ന മൂന്ന് വാഹനങ്ങളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 19 കേസുകളില്‍ നിന്നായി 20 പേരെയാണ് അന്ന് അറസ്റ്റ് ചെയ്തത്. ഇതില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ കേസും ഉണ്ടായിരുന്നു. പരിശോധനയില്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഒരു കാറും ഒരു ബൈക്കും എക്‌സൈസ് സംഘം പിടികൂടി. ഈ മാസം പകുതിയായപ്പോള്‍ തന്നെ ഒന്‍പത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ പി.കെ സുരേഷ് പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രൂപം നല്‍കിയ ശ്രദ്ധ പദ്ധതി പ്രകാരം സ്‌കൂളുകളില്‍ സ്ഥാപിച്ച പരാതിപ്പെട്ടി പരിശോധിക്കാറുണ്ടെങ്കിലും കാര്യമായ പ്രതികരണം ലഭിക്കാത്ത സാഹചര്യമാണുള്ളത്. ലഹരിമുക്തിക്കായി മുഖ്യമന്ത്രി ചെയര്‍മാനായി വിമുക്തി എന്ന പേരില്‍ സംസ്ഥാന തലത്തില്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
ജില്ലയില്‍ കലക്ടര്‍ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബുപറശ്ശേരി പ്രസിഡന്റായും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം അടുത്തമാസം നടക്കും. പുതുതായി ആരും ലഹരിക്ക് അടിമപ്പെടാതിരിക്കാനുള്ള പ്രവര്‍ത്തനം നടത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ബ്ലോക്ക്, പഞ്ചായത്ത്, വാര്‍ഡ് തലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കഞ്ചാവ് കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കാര്യമായ ശിക്ഷ ലഭിക്കാത്തതും എളുപ്പം ജാമ്യം ലഭിക്കുന്നതും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ശിക്ഷാ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."