വയനാട് റെയില്‍: വടംവലി വിനയാകുമെന്ന് ആശങ്ക
കല്‍പ്പറ്റ: കര്‍ണാടകയിലെ നഞ്ചങ്കോടിനെ ബത്തേരിയിലൂടെ നിലമ്പൂരുമായി ബന്ധിപ്പിക്കുന്ന റെയില്‍പാതക്കുവേണ്ടി ജനപ്രതിനിധികളും നീലഗിരി-വയനാട് എന്‍.എച്ച് ആന്റ് റയില്‍വേ ആക്ഷന്‍ കമ്മിറ്റിയും വര്‍ഷങ്ങളായി നടത്തുന്ന നീക്കങ്ങള്‍ ലക്ഷ്യത്തോട് അടുക്കവെ മൈസുരു-തലശേരി റെയില്‍ പാതയ്ക്കായി പുതിയ നിര്‍ദേശം സമര്‍പ്പിക്കാനുള്ള മൈസുരു-മലബാര്‍ റെയില്‍-റോഡ് ആക്ഷന്‍ കൗണ്‍സിലിന്റെ പദ്ധതി വയനാടിന് വിനയാകുമെന്ന് ആശങ്ക.
തെക്കേ വയനാട്ടിലുള്ളവര്‍ അമരം പിടിക്കുന്ന ആക്ഷന്‍ കമ്മിറ്റിയും വടക്കേ വയനാട്ടില്‍ നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെടുന്ന ആക്ഷന്‍ കൗണ്‍സിലും റെയില്‍പാതക്കായി നടത്തുന്ന വടംവലി ജില്ലയുടെ പൊതു വികസനത്തിന് വിഘാതമാകുമെന്ന് വിലയിരുത്തുന്നവര്‍ നിരവധി. റെയില്‍വെ വിഷയത്തില്‍ ഉത്തരത്തിലുള്ളത് കിട്ടിയുമില്ല, കക്ഷത്തിലുള്ളത് പോകുകയും ചെയ്തുവെന്ന അനുഭവം വയനാടിനു ഉണ്ടാകുമെന്ന് ഇക്കൂട്ടര്‍ പറയുന്നു.
നഞ്ചങ്കോട്-നിലമ്പൂര്‍ പാതക്ക് 2016-17ലെ റയില്‍വേ ബജറ്റില്‍ അനുമതി ലഭിക്കുകയും പിങ്ക് ബുക്കില്‍ ചേര്‍ക്കുകയും ചെയ്തതാണ്. സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക ബാധ്യത വരാത്ത രീതിയില്‍ കമ്പനി രൂപീകരിച്ച് പദ്ധതി നടപ്പാക്കാനായി കേന്ദ്രവുമായി കരാര്‍ ഒപ്പിടുകയുമുണ്ടായി. കമ്പനി രൂപീകരിച്ച് പ്രാവര്‍ത്തികമാക്കുന്നതിന് കേരളം തയാറാക്കിയ റെയില്‍വേ പദ്ധതികളുടെ മുന്‍ഗണനാപട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്നു നഞ്ചങ്കോട്-വയനാട് പാത.
ഡി.പി.ആര്‍ തയാറാക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ ഡി.എം.ആര്‍.സിയെ ചുമതലപ്പെടുത്തുകയും ചെലവിനത്തില്‍ എട്ട് കോടി രൂപ അനുവദിച്ച് ഉത്തരവിറക്കുകയുമുണ്ടായി. ഇതിനു പിന്നാലെ ഡി.എം.ആര്‍.സി സര്‍വേ ഉദ്യോഗസ്ഥരെ നിയമിക്കുകയും പ്രാഥമിക ജോലികള്‍ക്ക് പുറംകരാറുകള്‍ നല്‍കുകയും ചെയ്തു.
ഇക്കഴിഞ്ഞ ജൂലൈ 23ന് ഡി.എം.ആര്‍.സി ചെലവിനത്തില്‍ ആദ്യഘട്ടമായി രണ്ട് കോടി രൂപ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതോടെ നഞ്ചങ്കോട്-നിലമ്പൂര്‍ പാതയുടെ ഫീല്‍ഡ് സര്‍വേ അനിശ്ചിതത്വത്തിലായി. ഇതിനിടയിലാണ് മൈസൂരു-തലശേരി പാതയ്ക്കുവേണ്ടി വാദമുയര്‍ത്തി മൈസൂരു-മലബാര്‍ റെയില്‍-റോഡ് ആക്ഷന്‍ കൗണ്‍സിലിന്റെ രംഗപ്രവേശം. മൈസൂരുവില്‍നിന്ന് തലശേരിക്ക് റെയില്‍പാത നിര്‍മിക്കുന്നതു സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനും സംസ്ഥാന സര്‍ക്കാരിനും ഡി.എം.ആര്‍.സിക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് മൈസൂരു-മലബാര്‍ റെയില്‍-റോഡ് ആക്ഷന്‍ കൗണ്‍സില്‍.
മൈസൂരുവിനടുത്തുള്ള കടക്കോള റെയില്‍വേ സ്റ്റേഷനെ സര്‍ഗൂര്‍, ഗുണ്ടറ, മച്ചൂര്‍, ദൊട്ടബൈരക്കുപ്പ, ബാവലി, ഷാണമംഗലം, പാല്‍വെളിച്ചം, പയ്യമ്പള്ളി, വള്ളിയൂര്‍ക്കാവ്, മാനന്തവാടി, കുഞ്ഞോം, വിലങ്ങാട് വഴി വടകരയ്ക്കടുത്തുള്ള ചോറോട് റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിച്ചാല്‍ 130 കിലോമീറ്ററില്‍ താഴെ ദൂരമുള്ളതും രണ്ടായിരം കോടി രൂപയില്‍ താഴെ നിര്‍മാണച്ചെലവ് വരുന്നതുമായ പാത യാഥാര്‍ഥ്യമാകുമെന്ന് കൗണ്‍സിലുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.
ബന്ദിപ്പുര, ബ്രഹ്മഗിരി, നാഗര്‍ഹോള ദേശീയോദ്യാനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി നിര്‍മിക്കാനാകുന്ന പാത യാഥാര്‍ഥ്യമായാല്‍ എറണാകുളത്തുനിന്നും ബംഗളൂരു, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലേക്കുള്ള യാത്രാദൂരം ഗണ്യമായി കുറയുമെന്നും അവര്‍ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച വയനാട്ടിലെത്തിയ ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ ശ്രീധരന്‍ നഞ്ചങ്കോട്-നിലമ്പൂര്‍ റെയില്‍വേ സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. അനുമതി ലഭിച്ചാല്‍ ആറ് വര്‍ഷത്തിനകം പാത യാഥാര്‍ഥ്യമാകുമെന്നാണ് ചര്‍ച്ചയ്ക്കിടെ ഡോ. ശ്രീധരന്‍ പറഞ്ഞത്.
ആക്ഷന്‍ കൗണ്‍സിലിന്റെ നീക്കം അപക്വം:
ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍
കല്‍പ്പറ്റ: റെയില്‍വേ വിഷയത്തില്‍ മൈസൂരു-മലബാര്‍ റെയില്‍-റോഡ് ആക്ഷന്‍ കൗണ്‍സിലിന്റെ നീക്കങ്ങള്‍ അപക്വമാണെന്ന് നീലഗിരി-വയനാട് എന്‍എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ടി.എം റഷീദ് വിമര്‍ശിച്ചു. നഞ്ചങ്കോട്-ബത്തേരി-നിലമ്പൂര്‍ പാത യാഥാര്‍ഥ്യമാക്കുന്നതിനു ആക്ഷന്‍ കമ്മിറ്റി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ തളര്‍ത്തുന്നതാണ് ആക്ഷന്‍ കൗണ്‍സിലിന്റെ നീക്കങ്ങള്‍. നഞ്ചങ്കോട്-നിലമ്പൂര്‍ പാതയോടുള്ള അസഹിഷ്ണുതയാണ് മൈസൂരു-തലശേരി പാതയ്ക്കുവേണ്ടി ഇപ്പോള്‍ ഉയരുന്ന വാദങ്ങള്‍ക്കു പിന്നില്‍ കാണാന്‍ കഴിയുന്നത്. ആക്ഷന്‍ കൗണ്‍സിലിന്റെയും അതുമായി ബന്ധപ്പെട്ട സ്വാധീനശക്തികളുടെയും ചരടുവലികളാണ് സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിട്ടും നഞ്ചങ്കോട്-നിലമ്പൂര്‍ പാതയുടെ ഡി.പി.ആര്‍ തയാറാക്കുന്നതിനുള്ള പണം ഡി.എം.ആര്‍.സിക്ക് അനുവദിക്കാത്തിന് പിന്നില്‍.
മൈസുരുവിനെ വയനാട്ടിലൂടെ തലശേരിയുമായി ബന്ധിപ്പിക്കുന്ന റെയില്‍പാത നിര്‍മിക്കുന്നതിനോട് ആക്ഷന്‍ കമ്മിറ്റിക്ക് ഒരു തരത്തിലുള്ള വിയോജിപ്പുമില്ല. വയനാടിന്റെ വികസനം ത്വരിതപ്പെടുത്താന്‍ ഉതകുന്നതാണ് ഈ പാതയും. നഞ്ചങ്കോട്-നിലമ്പൂര്‍ പാതയ്ക്കായി ത്യാഗങ്ങള്‍ സഹിച്ച് നടത്തിവരുന്ന ശ്രമങ്ങള്‍ കരക്കടുക്കാറായപ്പോള്‍ മൈസൂരു-തലശേരി പാതയ്ക്കുവേണ്ടി തല്‍പരകക്ഷികള്‍ രംഗത്തുവന്നതിലാണ് ആക്ഷന്‍ കമ്മിറ്റി അനൗചിത്യം കാണുന്നത്.
മൈസൂരു-തലശേരി പാതയുമായി ബന്ധപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ പറയുന്ന കാര്യങ്ങളും വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ല. മൈസൂരുവിനെ തലശേരിയുമായി ബന്ധിപ്പിക്കുന്നതിനു 130 കിലോമീറ്റര്‍ പാത പണിതാല്‍ മതിയെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ പറയുന്നത്. മൈസൂരുവില്‍നിന്നു വയനാട്ടിലെ കുഞ്ഞോംവരെ ഏകദേശം 100ല്‍പരം കിലോമീറ്റര്‍ ആകാശദൂരമുണ്ട്. ഇവിടെ നിന്ന് കേരളത്തില്‍ തൊട്ടടുത്തുള്ള റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെടുത്തുന്നതിനു 50ല്‍പരം കീലോമീറ്റര്‍ പാത വേറെയും നിര്‍മിക്കണം.
മൈസൂരു-തലശേരി റെയില്‍വേ ലാഭകരമായിരിക്കുമെന്ന വാദവും അംഗീകരിക്കാന്‍ കഴിയില്ല. യാത്രക്കാര്‍ ധാരാളം ഉണ്ടാകുമെങ്കിലും ഈ വഴിക്ക് ചരക്കുനീക്കം നാമമാത്രമായിരിക്കും. നഞ്ചങ്കോട്-നിലമ്പൂര്‍ പാതയ്‌ക്കെതിരായ നീക്കങ്ങള്‍ ചില കേന്ദ്രങ്ങള്‍ മുന്‍പേ തുടങ്ങിയതാണ്. ഈ പാതയുടെ അന്തിമ സര്‍വേയ്ക്ക് ആവശ്യമായ പണം സംസ്ഥാന സര്‍ക്കാര്‍ ഡി.എം.ആര്‍.സിക്ക് നല്‍കാതിരുന്നതില്‍ ആസൂത്രിത ഇടപെടലുകള്‍ ഉണ്ട്.
സര്‍വേയ്ക്ക് എട്ട് കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ആറ് മാസം മുമ്പ് ഉത്തരവായതാണ്. ആക്ഷന്‍ കൗണ്‍സിലിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ പാസഞ്ചര്‍, ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് രംഗത്തെ വമ്പന്മാരും ഉണ്ടെന്ന് സംശയിക്കണമെന്നും അഡ്വ: റഷീദ് പറഞ്ഞു.
നഞ്ചങ്കോട്-നിലമ്പൂര്‍ പാതയെ ബാധിക്കില്ല: സി.കെ ശശീന്ദ്രന്‍ എം.എല്‍.എ
കല്‍പ്പറ്റ: മൈസൂരു-തലശേരി റെയില്‍വേക്കായി മൈസൂരു-മലബാര്‍ റെയില്‍-റോഡ് ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന നീക്കങ്ങള്‍ നിര്‍ദിഷ്ട നഞ്ചങ്കോട്-നിലമ്പൂര്‍ പാതയുടെ നിര്‍മാണത്തെ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് എം.എല്‍.എ സി.കെ ശശീന്ദ്രന്‍ പറഞ്ഞു. വയനാടിന്റെ പുരോഗതിക്ക് ഉതകുന്നതാണ് രണ്ട് പാതകളും.
അതിനാല്‍ത്തന്നെ രണ്ട് പാതകളും വരണമെന്നാണ് ജനപ്രതിനിധി എന്ന നിലയില്‍ ആഗ്രഹം. നഞ്ചങ്കോട്-നിലമ്പൂര്‍ പാത യാഥാര്‍ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ ശ്രീധരനെ വയനാട്ടില്‍ ക്ഷണിച്ചുവരുത്തി ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്ക് കളമൊരുക്കിയത്. വികസന വിഷയത്തില്‍ പ്രാദേശികമായ കാഴ്ചപ്പാടുകളുടെ ശാക്തീകരണം പൊതു കാഴ്ചപ്പാടിനു വഴിയൊരുക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."