മയ്യഴിയും ലഹരിമുക്തമാകുന്നു; ബാറുകള്‍ക്ക് താഴുവീഴും
കണ്ണൂര്‍: മദ്യപരുടെ പറുദീസയായ മയ്യഴിയും ലഹരിമുക്തിയിലേക്ക്. ഇന്നലെ ദേശീയപാതയിലെ ബാറുകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതി വിധിയാണ് മയ്യഴിക്കാര്‍ക്ക് ആശ്വാസമായത്.
ഇതോടെ മാഹിക്കാരുടെ നിരന്തര ആവശ്യങ്ങളിലൊന്നായ മദ്യവിമുക്തിയിലേക്കു കേരളത്തിനുള്ളിലെ കേരളമല്ലാത്ത മാഹിയും ചുവടുവയ്ക്കുകയാണ്.
കോടതി വിധി പ്രകാരം ഇവിടെ എഴുപതു ബാറുകളില്‍ 24 എണ്ണത്തിനു മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. കണ്ണൂര്‍, കോഴിക്കോട് ദേശീയപാതയില്‍ മാഹിയെന്ന ചെറുസ്ഥലത്ത് റോഡരികില്‍ മാത്രം അന്‍പതിലേറെ ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മാഹി മേഖലയിലെ പള്ളൂര്‍, കോപ്പാലം എന്നിവടങ്ങളില്‍ മാത്രമെ ഇനി മദ്യശാലകള്‍ക്കു പ്രവര്‍ത്തിക്കാനാവൂ. പുതുച്ചേരി സര്‍ക്കാരിന്റെ പ്രധാനവരുമാനം മദ്യത്തില്‍ നിന്നുള്ളതാണ്.
അതുകൊണ്ടു തന്നെ ഗുണനിലവാരം കുറഞ്ഞ മദ്യം വരെ ഇവിടെ വിറ്റഴിക്കപ്പെടുന്നുണ്ട്. പള്ളൂര്‍ മേഖലയില്‍ പാറാല്‍, പന്തക്കല്‍, മൂലക്കടവ്, കോപ്പാലം എന്നിവടങ്ങളിലാണ് അവശേഷിക്കുന്ന മദ്യശാലകളുള്ളത്.
കണ്ണൂര്‍, കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ മയ്യഴി ആകെ ഒന്‍പതു ചതുരശ്ര കിലോമീറ്റര്‍മാത്രം വിസ്തൃതിയുള്ള പ്രദേശമാണ്. 1985നു ശേഷം ഇവിടെ പുതിയ മദ്യശാലകള്‍ തുറക്കാന്‍ പുതുച്ചേരി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന ബാറുകള്‍ വിസ്തൃതി കൂട്ടിയും ഇരുനില കെട്ടിടങ്ങള്‍ പണിതുമാണ് ആഢംബര കേന്ദ്രങ്ങളായി മാറിയത്.
കേരളത്തിലേക്ക് മദ്യം കടത്തുന്ന പ്രധാനസ്ഥലങ്ങളിലൊന്നാണ് മയ്യഴി. പാനൂര്‍, കടവത്തൂര്‍, തലശേരി ഭാഗങ്ങളിലൂടെ മദ്യം ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന നിരവധി സംഘങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മാഹിയില്‍ മദ്യപിക്കാനെത്തി പൊതുശല്യമായി മാറുന്നവരെക്കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ് ഈ പ്രദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."