'ജലനിധി' കാര്യക്ഷമമാക്കിയാല്‍ എടച്ചേരിക്കാര്‍ ദാഹജലത്തിന് അലയേണ്ട
എടച്ചേരി: സര്‍ക്കാരിന്റെ ജലനിധി പദ്ധതി ഏറെക്കുറെ വിജയകരമായി നടപ്പിലാക്കി വരുന്ന ഗ്രാമ പഞ്ചായത്താണ് എടച്ചേരിയെങ്കിലും, വേനല്‍ കാലത്ത് നാട്ടുകാരില്‍ പലര്‍ക്കും ദാഹജലം കിട്ടാക്കനി തന്നെയാണ്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജലനിധിയുടെ കിണറുകള്‍ ഉണ്ടെങ്കിലും വരള്‍ച്ചയുടെ കാലത്ത് കിണറുകള്‍ വറ്റിപ്പോകാറാണ് പതിവ്. എന്നാല്‍ ഭരണാധികാരികള്‍ മനസ്സു വച്ചാല്‍ ഒരു കാലത്തും വറ്റാതെ സുലഭമായി വെളളം ലഭിക്കുന്ന വിശാലമായ ഒരു പാറക്കുളമുണ്ട് എടച്ചേരിക്ക് സ്വന്തമായി. എടച്ചേരി നോര്‍ത്തിലെ ഹെല്‍ത്ത് സെന്ററിന് സമീപമുളള ഈ പാറക്കുളത്തിന് ഇരുപതിലധികം വര്‍ഷത്തെ പഴക്കമുണ്ട്. ഏതാണ്ട് പതിനഞ്ച് മീറ്റര്‍ ആഴത്തില്‍ വെളളമുളള ഈ കുളത്തിലെ വെളളം സമീപ വരള്‍ച്ചാകാലത്തൊന്നും തന്നെ വറ്റിയിട്ടില്ലെന്ന് സമീപവാസികള്‍ പറയുന്നു. പക്ഷെ ദാഹജലത്തിന് കാതങ്ങള്‍ താണ്ടുമ്പോഴും മൂക്കിന് മുന്‍പിലുളള പാറക്കുളത്തിലെ ജലം കുടിക്കാന്‍ പറ്റാത്ത വിധം മലിനമായിക്കിടക്കുന്നതില്‍ നാട്ടുകാര്‍ക്കും ദു:ഖമുണ്ട്. ഇപ്പോള്‍ വണ്ടികള്‍ കഴുകാനും, വസ്ത്രങ്ങള്‍ അലക്കാനും മാത്രമാണ് ഈ നീരുറവ നാട്ടുകാര്‍ ഉപയോഗപ്പെടുത്തുന്നത്. ഇതിനോട് തൊട്ടടുത്ത് കിടക്കുന്ന വീട്ടുകാര്‍ , പമ്പ്‌സെറ്റ് ഘടിപ്പിച്ച് വെളളംവീടുകളിലെത്തിച്ചാണ് ഈ ആവശ്യങ്ങള്‍ക്ക് വെളളമെടുക്കുന്നത്. പഞ്ചായത്ത് കിണറിലെ വെളളം വറ്റുമ്പോള്‍ ഈ കുളത്തിലെ വെളളം മോട്ടോര്‍ വഴി കിണറിനടുത്തുളള പറമ്പിലേക്ക് പമ്പു ചെയ്യും. ഈ വെളളം റീചാര്‍ജ് ചെയ്താണ് പഞ്ചായത്തുകിണറ്റിലെ വെളളം പരമാവധി വറ്റാതെ നോക്കുന്നത്. എന്നാല്‍ നാല് ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കുളങ്ങളില്‍ ഒരെണ്ണമെങ്കിലും ശാസ്ത്രീയമായി സംരക്ഷിച്ചാല്‍ കുടിവെളളമായി ഉപയോഗിക്കാനാകുമെന്നും നാട്ടുകാര്‍ പറയുന്നു. പഞ്ചായത്ത് ഭരണസമിതി കുടിവെളള വിതരണത്തിനായി നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും, പാഴായിപ്പോകുന്ന ഇത്തരം ശുദ്ധജല സ്രോതസ്സുകള്‍ കൂടി കണ്ടെത്തി സംരക്ഷിക്കുകയാണെങ്കില്‍ എടച്ചേരിയുടെ കുടിവെളളക്ഷാമത്തിന് ശാശ്വത പരിഹാരമാകുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."