സംസ്ഥാനങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നയങ്ങള്‍ക്കെതിരേ പൊരുതണം: പ്രഭാത് പട്‌നായിക്
തൃശൂര്‍: സംസ്ഥാനങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ പൊരുതാന്‍ കേരളം തയാറാകണമെന്ന് ആസൂത്രണ വിദഗ്ധന്‍ പ്രഭാത് പട്‌നായിക്. ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച പുതിയകേരളം: ജനപങ്കാളിത്തത്തോടെ ജനകീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന തരത്തിലേക്കാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. ഇതിന്റെ ഭാഗമാണ് പുതുതായി കൊണ്ടുവരുന്ന ഏകീകൃത നികുതി സംവിധാനം. കേന്ദ്രസര്‍ക്കാരിന്റെ അധികാര, മൂലധന, വിഭവ കേന്ദ്രീകരണത്തിനെതിരേ ഇതര സംസ്ഥാനങ്ങളെ കൂട്ടുപിടിച്ച് കേരളത്തിലെ ഇടതുസര്‍ക്കാര്‍ പൊരുതണമെന്നും അദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് ധനവിഹിതവും ഭക്ഷ്യവിഹിതവും നല്‍കാതെ ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കും. അരിവിഹിതം തടഞ്ഞാല്‍ അത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും. ഇത് നേരിടാന്‍ കേരളത്തിന്റെ ഓരോ ചതുരശ്ര ഇഞ്ച് വയലും കൃഷി ഭൂമിയും സംരക്ഷിച്ച് പരമാവധി ഉല്‍പാദനം വര്‍ധിപ്പിക്കണമെന്നും പട്‌നായിക് പറഞ്ഞു.
ചെറുകിട ഉല്‍പാദനരീതികളെ പൂര്‍ണമായി നശിപ്പിക്കാന്‍ മുതലാളിത്തത്തിന് കഴിഞ്ഞിട്ടില്ല. കേരളത്തില്‍ ദാരിദ്ര്യമില്ല എന്ന് പറയുന്നുണ്ടെങ്കിലും ചെറുകിട കൃഷിക്കാര്‍ക്കും മീന്‍പിടുത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുമൊക്കെ വരുമാനം ഗണ്യമായി കുറയുന്നു. ഇതാണ് കേരളത്തില്‍ വളര്‍ന്നുവരുന്ന അസമത്വത്തിന്റെ കാരണം.
അംബാനിയെപോലുള്ള കോര്‍പറേറ്റുകളെ ക്ഷണിക്കുന്നതിനുപകരം പൊതുമേഖലയില്‍ പ്രത്യേകിച്ച് വിദ്യാഭ്യാസ, ആരോഗ്യ, തൊഴില്‍ മേഖലകളില്‍ പണം ചെലവിട്ടുകൊണ്ട് ചെറുകിട മേഖലയെ സംരക്ഷിക്കാനാവണം. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ പ്രതീശീര്‍ഷ വരുമാനം ഉയര്‍ന്നു നില്‍ക്കുന്നതിന് കാരണം ഇത്തരം നടപടികളാണ്. കണ്‍വന്‍ഷനില്‍ പരിഷത്ത് പ്രസിഡന്റ് ഡോ. കെ.പി അരവിന്ദന്‍ അധ്യക്ഷനായി. പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണന്‍ ആമുഖാവതരണം നടത്തി. ഡോ. മൈക്കിള്‍ തരകന്‍, ഡോ. കെ.പി കണ്ണന്‍, പ്രൊഫ. ലളിതാ ലെനിന്‍, ജന. സെക്രട്ടറി പി. മുരളീധരന്‍, ജില്ലാ സെക്രട്ടറി കെ.എസ് സുധീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."