'കലയാട്ട'ത്തിനു കണ്ണൂരില്‍ ഇന്ന് അരങ്ങുണരും
കണ്ണൂര്‍: ഊട്ടുപുരയില്‍ നിന്നു കണ്ണൂരിനു മാത്രമായി ഒരു സ്‌പെഷല്‍ വിഭവം കലോത്സവത്തിനിടയിലെ ഒരുദിവസം ഒരുക്കാന്‍ ശ്രമിക്കുമെന്നു പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി 'സുപ്രഭാത'ത്തോടു പറഞ്ഞു. കണ്ണൂരിലെ സംഘാടകര്‍ കലവറയിലേക്കു വേണ്ട വിഭവങ്ങള്‍ ധാരാളമായി ശേഖരിച്ചിട്ടുണ്ട്.
തേങ്ങയും വെല്ലവുമൊക്കെ ആവശ്യത്തില്‍ കൂടുതല്‍ ലഭിച്ചതിനാല്‍ പായസത്തില്‍ വൈവിധ്യവും രുചിയും കൊണ്ടുവരാന്‍ പറ്റും.
നിലവില്‍ ഉച്ചഭക്ഷണത്തിനു ചോറിനൊപ്പം ഏഴുതരം കറികള്‍ നല്‍കാമെന്നാണു കരുതിയത്. എന്നാല്‍ വിഭവങ്ങള്‍ അധികമായി എത്തിയതിനാല്‍ കറിയും വര്‍ധിപ്പിക്കും.
എല്ലാ വിഭവങ്ങളും ഊട്ടുപുരയിലെത്തിയാല്‍ മാത്രമേ കണ്ണൂരുകാര്‍ക്കു പ്രത്യേകമായി നല്‍കാവുന്ന വിഭവത്തെക്കുറിച്ച് ആലോചിക്കാന്‍ പറ്റൂ.
ആദ്യമായാണ് ഊട്ടുപുരയിലടക്കം ഗ്രീന്‍ പ്രോട്ടോക്കോള്‍ സംവിധാനത്തില്‍ കലോത്സവം നടത്തുന്നത്. അതിന്റെ ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഇതു പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ പറ്റിയാല്‍ വലിയ സന്ദേശം ഇതുവഴി ജനങ്ങളിലെത്തിക്കാന്‍ സാധിക്കുമെന്നും പഴയിടം പറഞ്ഞു.
ചരിത്രം തിരുത്താന്‍ കണ്ണൂരും കോഴിക്കോടും
കണ്ണൂര്‍: 2003ലെ വിജയം ഓര്‍മിപ്പിച്ചു കണ്ണൂരും പത്തുവര്‍ഷത്തെ കുതിപ്പു തുടരാന്‍ കോഴിക്കോടും ഇറങ്ങുമ്പോള്‍ അയല്‍ജില്ലകള്‍ തമ്മിലുള്ള പോരാട്ടത്തിനു സംസ്ഥാന സ്‌കൂള്‍ കലോത്സവം വേദിയാകും. 2003ല്‍ ആലപ്പുഴയില്‍ നടന്ന 43ാമത് കലോത്സവത്തിലാണു കണ്ണൂര്‍ ആദ്യമായി സ്വര്‍ണക്കപ്പ് നേടിയത്. പിന്നീടു കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളോടുള്ള കിതപ്പില്‍ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലേക്കു കണ്ണൂര്‍ പിന്തള്ളപ്പെട്ടു. അതേസമയം 16 തവണ ചാംപ്യന്‍മാരായ കോഴിക്കോട് അവസാനമായി 2007ല്‍ നടന്ന 47ാമത് കലോത്സവത്തിലാണു തൊട്ടുമുന്‍പ് നടന്ന രണ്ടു കലോത്സവങ്ങളിലെ ചാംപ്യന്‍മാരായ പാലക്കാടിനെ തറപറ്റിച്ച് തങ്ങളുടെ ആധിപത്യം സ്ഥാപിച്ചത്.
തുടര്‍ന്നു തുടര്‍ച്ചയായി 10 വര്‍ഷം കലോത്സവ സ്വര്‍ണക്കപ്പ് കോഴിക്കോട് കുത്തകയാക്കി.
2015ല്‍ കോഴിക്കോട് നടന്ന 55ാം കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് പാലക്കാടുമായി പങ്കിടേണ്ടിവന്നതു കോഴിക്കോടിന്റെ പടയോട്ടത്തിന് അല്‍പം മങ്ങലേല്‍പ്പിച്ചു. സ്വര്‍ണക്കപ്പ് ഏര്‍പ്പെടുത്തിയ വര്‍ഷം മുതല്‍ കോഴിക്കോടിനു തന്നെയായിരുന്നു ആധിപത്യം.
കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്തു നടന്ന കലോത്സവത്തില്‍ 919 പോയിന്റുമായി കോഴിക്കോട് സ്വര്‍ണക്കപ്പ് വീണ്ടും നിലനിര്‍ത്തി. 914 പോയിന്റുമായി പാലക്കാട് രണ്ടും 908 പോയിന്റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്തുമെത്തി. ഇനിയുള്ള എഴു ദിനരാത്രങ്ങള്‍ സ്വര്‍ണക്കപ്പില്‍ മുത്തമിടാനുള്ള കലാശ പോരാട്ടമാണു കണ്ണൂരില്‍ അരങ്ങേറുക.
കാമറക്കണ്ണുകള്‍
എല്ലാം കാണും
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിവിധ മത്സരങ്ങള്‍ നടക്കുന്ന 20 വേദികളും സദസും പൂര്‍ണമായും കാമറകളുടെ നിരീക്ഷണത്തില്‍. മത്സരം നടക്കുന്ന ഒരു വേദിയില്‍ അഞ്ചു കാമറകളാണു മിഴി തുറക്കുക. ഇവയെല്ലാം പയ്യാമ്പലത്തെ പൊലിസ് കണ്‍ട്രോള്‍ റൂമിലിരുന്നു നിരീക്ഷിക്കാന്‍ കഴിയുന്ന അവസ്ഥയിലാണു സജ്ജീകരണം.
വേദിയില്‍ നടക്കുന്ന മത്സരവും സദസും പൂര്‍ണമായി ചിത്രീകരിക്കാന്‍ കഴിയുന്ന നിലയിലാണു കാമറകള്‍ സ്ഥാപിച്ചത്. കാമറകളില്‍ പതിയുന്ന ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുമെന്നും പൊലിസ് അറിയിച്ചു. വേദികളില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ നടപടി സ്വീകരിക്കാനും തത്സമയം ഇടപെടാനുമാണു വിപുലമായ കാമറ സംവിധാനം ഒരുക്കിയത്.
കലോത്സവം പ്രശ്‌നങ്ങളില്ലാതെ നടത്താനുള്ള സുരക്ഷയുടെ ഭാഗമായാണു കാമറകള്‍ വേദികളില്‍ സ്ഥാപിച്ചത്. നഗരത്തിലെ മറ്റു കാമറകളിലെ ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനൊപ്പം തന്നെ കണ്‍ട്രോള്‍റൂമില്‍ നിന്നു ഈ കാമറകളിലെ ദൃശ്യങ്ങളും നിരീക്ഷിക്കും. കണ്ണൂര്‍ നഗരത്തിലെ ക്രമസമാധാനപാലനത്തിനും ഗതാഗതം നിയന്ത്രിക്കുന്നതിനുമായി 1000ത്തോളം പൊലിസുകാരെ വിന്യസിക്കും. നഗരത്തിലെയും പരിസരത്തെയും ലോഡ്ജുകളിലും ഫ്‌ളാറ്റുകളിലും താമസിക്കാനെത്തുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ പൊലിസിനു കൈമാറണമെന്നു താമസ സ്ഥലങ്ങളുടെ ഉടമകളുടെ യോഗത്തില്‍ പൊലിസ് അറിയിച്ചു.
മത്സരാര്‍ഥികളാണെന്നു പറഞ്ഞു വീടുകളില്‍ താമസിക്കാനെത്തുന്നവരുടെ വിവരങ്ങള്‍ പൊലിസിനെ അറിയിക്കണമെന്നും പൊലിസ് ആവശ്യപ്പെട്ടു. തിരിച്ചറിയല്‍ രേഖകളില്ലാത്തവരെയും അപരിചിതരെയും ഒരു കാരണവശാലും വീടുകളിലും ലോഡ്ജ് അടക്കമുള്ള സ്ഥലങ്ങളിലും താമസിപ്പിക്കരുതെന്നു പൊലിസ് വ്യക്തമാക്കി.
കലോത്സവ വേദികളില്‍ ക്രമസമാധാനപാലനത്തില്‍ പൊലിസിനെ സഹായിക്കാന്‍ 400ഓളം വിദ്യാര്‍ഥികളെ ഓരോദിവസവും നിയോഗിക്കും. എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പൊലിസ്, റെഡ്‌ക്രോസ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികളെയാണു പരിശീലിപ്പിച്ച് ഇതിനായി പ്രാപ്തരാക്കിയത്.
125 സ്റ്റുഡന്റ്‌സ് കാഡറ്റുകളെ രഹസ്യനിരീക്ഷണത്തിനായി പൊലിസ് സഹായത്തോടെ പരിശീലിപ്പിച്ച് വേദികളുടെ നിരീക്ഷണത്തിനായി സജ്ജരാക്കി.
ഊട്ടുപുരയില്‍ ഒന്നിനും 'മുട്ടുണ്ടാവില്ല'
കണ്ണൂര്‍: ഊട്ടുപുരയില്‍ ഒന്നിനും ഒരു മുട്ടുമുണ്ടാവില്ല. കലവറ വണ്ടികളില്‍ ചിലത് നാടുചുറ്റിയെത്തുമ്പോഴെക്കും കലവറയില്‍ അരിയൊഴിച്ചുള്ള സാധനങ്ങളില്‍ പലതും പലയിടത്തു നിന്നായി ഒഴുകിയെത്തി. കലോത്സവത്തിന്റെ ഭക്ഷണ കമ്മിറ്റിക്കു വിദ്യാഭ്യാസ വകുപ്പ് നല്‍കിയതു 25 ലക്ഷം രൂപയാണ്.
എന്നാല്‍ ഭക്ഷണമൊരുക്കാന്‍ എത്തിയ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ എസ്റ്റിമേറ്റില്‍ കലവറ വിഭവ സമൃദ്ധമാവാന്‍ 35 ലക്ഷം വേണമെന്നായിരുന്നു കണക്ക്. ഓരോ സ്‌കൂളില്‍ നിന്നും കലവറ വണ്ടികള്‍ വഴി ഉല്‍പന്ന സമാഹരണം നടത്തിയപ്പോള്‍ ഇന്നലെ തന്നെ കലവറ നിറഞ്ഞു. ഇതോടെ ഭക്ഷണകമ്മിറ്റി കടത്തിലാവില്ലെന്നതിനു പുറമെ ഊട്ടുപുര വിഭവങ്ങളാല്‍ സമൃദ്ധമാക്കാമെന്ന സന്തോഷത്തിലാണു ചെയര്‍മാന്‍ ടി.വി രാജേഷ് എം.എല്‍.എയുടെ നേതൃത്വത്തിലുള്ള ഭക്ഷണ കമ്മിറ്റി.
100 കിലോ ചായപ്പൊടി, 10 ക്വിന്റല്‍ വെല്ലം, 10 ക്വിന്റല്‍ പഞ്ചസാര, 5000ത്തോളം തേങ്ങ, 5000ത്തോളം തൂശനില എന്നിവ ഇന്നലെ തന്നെ വിവിധ സ്‌കൂളുകളില്‍ നിന്നും കലവറയില്‍ എത്തിക്കഴിഞ്ഞു. അഞ്ചു ഉപജില്ലകളില്‍ നിന്നുള്ള ഉല്‍പന്നങ്ങളുമായി കലവറ വണ്ടികള്‍ ഇന്നുരാവിലെ ഊട്ടുപുരയിലെത്തുമ്പോഴേക്കും പ്രതീക്ഷകള്‍ക്കും അപ്പുറത്തായിരിക്കും എത്തുന്ന ഉല്‍പന്നങ്ങളുടെ ശേഖരമെന്നാണു സംഘാടകരുടെ കണക്കുകൂട്ടല്‍.
കാല്‍ലക്ഷം തേങ്ങകളെങ്കിലും കലവറയിലെത്തുമെന്നാണു പ്രതീക്ഷ. അരി മാത്രമാണു ഭക്ഷണകമ്മിറ്റി മാര്‍ക്കറ്റില്‍ നിന്നു വാങ്ങുന്നത്. മറ്റെല്ലാം വിഭവ സമാഹരണം വഴിയെത്തിക്കാനാണു പരിപാടി.
10 ലക്ഷം രൂപയുടെ അരി, പാചകക്കാരനു നാലര ലക്ഷം, പാചകവാതകത്തിന് ഒന്നര ലക്ഷം, വെള്ളത്തിനു വാട്ടര്‍ അതോറിറ്റിക്കു നല്‍കേണ്ടത് ഒരുലക്ഷം ഇങ്ങനെ പോകുന്നു ഭക്ഷണകമ്മിറ്റിയുടെ പുറംചെലവ്. മത്സരാര്‍ഥികള്‍ക്കു പ്രത്യേകമായി ഭക്ഷണ പന്തല്‍ ഇക്കുറി മാത്രമുള്ള പ്രത്യേകതയാണ്. മത്സരാര്‍ഥികള്‍ മറ്റുള്ളവരോടൊപ്പം ഭക്ഷണം കഴിക്കാനിരിക്കുന്നതു മത്സരം വൈകിപ്പിക്കുന്നുവെന്നതിനെ തുടര്‍ന്നാണു ഇവര്‍ക്കായി പ്രത്യേക ഭക്ഷണപന്തല്‍ ഒരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."