ജില്ലാ ആശുപത്രിയില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; ഉപകരണങ്ങള്‍ നശിപ്പിച്ചു
ചെറുതോണി: ജില്ലാ ആശുപത്രിയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് സാമൂഹ്യ വിരുദ്ധര്‍ വിലപിടിപ്പുള്ള ആശുപത്രി ഉപകരണങ്ങള്‍ കേടുവരുത്തി.
ശനിഴാഴ്ച രാത്രിയിലാണ് സംഭവം. ആശുപത്രിയുടെ നാലാം നിലയില്‍ നിന്നുമാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. തുടര്‍ന്ന് ലോണ്‍ട്രി മിഷ്യന്റെ സ്വിച്ച് ബോര്‍ഡ് തകര്‍ത്തു. ബയോഗ്യാസ് പ്ലാന്റിന്റെ പൈപ്പ് ലൈന്‍ മുറിച്ചു മാറ്റിയ സംഘം മറ്റ് പല ഉപകരണങ്ങളും കേടു വരുത്തി. ഒരാഴ്ച മുമ്പ് ജില്ലാ ആശുപത്രിയില്‍ പുനര്‍ജ്ജനി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ എന്‍.എസ്.എസ് ക്യാംപ് നടത്താന്‍ എത്തിയിരുന്നു.
ക്യാംപിന്റെ ഭാഗമായി വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന ആശുപത്രി ഉപകരണങ്ങള്‍ പ്രവര്‍ത്തനയോഗ്യമാക്കി. ഏകദേശം മൂന്നുകോടി പതിമൂന്ന് ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് നന്നാക്കി പ്രവര്‍ത്തന യോഗ്യമാക്കിയത്. ക്യാംപ് കഴിഞ്ഞ് വിദ്യാര്‍ഥികള്‍ മടങ്ങിയ ദിവസം രാത്രിയിലാണ് അതിക്രമം നടന്നത്. ജില്ലാ ആശുപത്രിയില്‍ വര്‍ഷങ്ങളായി ഇലക്ട്രിക് ജോലികള്‍ ചെയ്യുന്നതിന് താല്‍ക്കാലിക ജീവനക്കാരെയാണ് നിയമിച്ചിരുന്നത്. ഇവര്‍ ജോലി ചെയ്യാതെ വ്യാജ വൗച്ചര്‍ ഒപ്പിട്ട് പണം തട്ടിയിരുന്നതായി ആരോപണമുണ്ട്.
അറ്റകുറ്റപണികള്‍ക്ക് സാധനം വാങ്ങിയ ഇനത്തിലും ലക്ഷക്കണക്കിന് രൂപ ചില ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തതായി പറയപ്പെടുന്നു. ഇവരുടെ നേതൃത്വത്തിലാണ് മിഷ്യനുകള്‍ കേടു വരുത്തിയതെന്ന് സംശയിക്കുന്നു. വിദ്യാര്‍ഥികള്‍ ഉപകരണങ്ങള്‍ നന്നാക്കുന്നതിനിടെ വയറുകള്‍ മുറിച്ചിട്ട് അപകടം ഉണ്ടാക്കാനുള്ള ശ്രമവും നടന്നിരുന്നു.
ജില്ലാ ആശുപത്രി സൂപ്രണ്ട്, ഇടുക്കി പൊലിസില്‍ പരാതി നല്‍കിയതിനാല്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."