12 വര്‍ഷങ്ങള്‍ക്കു ശേഷം ഓസീസ് മണ്ണില്‍ പാകിസ്താന് വിജയം
മെല്‍ബണ്‍: 12 വര്‍ഷങ്ങള്‍ക്കു ശേഷം പാകിസ്താന് ക്രിക്കറ്റ് ടീം ആസ്ത്രേലിയന്‍ മണ്ണില്‍ ഒരു ഏകദിന മത്സരം വിജയിച്ചു. ഓസീസിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആറു വിക്കറ്റിനാണ് പാക് ടീം വിജയിച്ചത്. മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് 32 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പാകിസ്താന് ടീം ഏകദിനം വിജയിക്കുന്നതെന്ന പെരുമയും ഈ മത്സരത്തിനുണ്ട്. ആദ്യ മത്സരത്തില്‍ ആസ്ത്രേലിയക്കൊപ്പമായിരുന്നു വിജയം. പരമ്പരയില്‍ 1-1 എന്ന നിലയില്‍ ഇരു പക്ഷവും തുല്ല്യത പാലിക്കുന്നു.
ആദ്യം ബാറ്റു ചെയ്ത ആസ്ത്രേലിയയുടെ പോരാട്ടം 48.2 ഓവറില്‍ 220ല്‍ അവസാനിപ്പിച്ച പാക് പട 47.4 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 221 റണ്‍സെടുത്തു വിജയിക്കുകയായിരുന്നു. പരുക്കേറ്റ അസ്ഹര്‍ അലിക്കു പകരം പാക് നായകനായി ഇറങ്ങിയ ഓപണര്‍ മുഹമ്മദ് ഹഫീസ് ടീമിനെ മുന്നില്‍ നിന്നു തന്നെ നയിച്ചു. 72 റണ്‍സെടുത്ത് ടോപ് സ്കോററായി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചത്. പിന്നാലെ വന്നവരും ക്ഷമയോടെ ബാറ്റേന്തിയതോടെയാണ് പാക് നിര അനായാസ വിജയം സ്വന്തമാക്കിയത്. ഷൊയ്ബ് മാലിക് (42), ബാബര്‍ അസം (34), ഷര്‍ജീല്‍ ഖാന് (29), ഉമര്‍ അക്മല്‍ (18) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍. ഓസീസിനായി സ്റ്റാര്‍ക്കും ഫോക്നറും രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആസ്ത്രേലിയക്ക് പിഴച്ചു. കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി. 60 റണ്‍സെടുത്ത നായകന് സ്മിത്താണ് ടോപ് സ്കോറര്‍. വാലറ്റത്ത് മാത്യു വെയ്ഡ് (35) തിളങ്ങി. മധ്യനിരയില്‍ ട്രാവിസ് ഹെഡ്ഡ് (29) പിടിച്ചു നിന്നു. മൂന്നു വിക്കറ്റുകള്‍ പിഴുത മുഹമ്മദ് ആമിര്‍, രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ജുനൈദ് ഖാന്, ഇമദ് വാസിം എന്നിവരുടെ ബൗളിങ് മികവാണ് ഓസീസിനെ തളച്ചത്. ഹഫീസാണ് കളിയിലെ കേമന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."