പരീക്ഷ സമയങ്ങളില്‍ സ്‌കൂളുകളില്‍ നഴ്‌സുമാരെ നിയമിക്കും
ദോഹ: വിദ്യാര്‍ഥികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാന്‍ പരീക്ഷാസമയങ്ങളില്‍ സ്‌കൂളുകളില്‍ നഴ്‌സുമാരുടെ സേവനം ഉറപ്പാക്കും. യാതൊരു ആരോഗ്യബുദ്ധിമുട്ടുകളും കൂടാതെ സുഗമമായി പരീക്ഷ എഴുതുന്നതിന് വിദ്യാര്‍ഥിക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുകയാണ് ഈ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രാഥമിക പരിചരണത്തില്‍ വൈദഗ്ദ്ധ്യം ലഭിച്ച നഴ്‌സുമാരെയായിരിക്കും സ്‌കൂളുകളില്‍ നിയോഗിക്കുക. ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് പ്രൈമറി ഹെല്‍ത്ത്‌കെയര്‍ കോര്‍പ്പറേഷനാണ്(പി.എച്ച്.സി.സി) പദ്ധതി നടപ്പാക്കുന്നത്.
രാജ്യത്തെ 258 സ്‌കൂളുകളില്‍ ഇത്തരത്തില്‍ നഴ്‌സുമാരെ നിയോഗിക്കും. സ്‌കൂള്‍ പരീക്ഷ തുടങ്ങുന്നതോടെ രാജ്യത്തെ സ്‌കൂളുകളുമായി സഹകരിച്ച് ആരോഗ്യകരമായ വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കും. പരീക്ഷയുടെ മാനസിക സമ്മര്‍ദ്ദത്തിനിടെ വിദ്യാര്‍ഥികളുടെ മാനസിക അവസ്ഥയെ കേന്ദ്രീകരിച്ച് അവരുടെ ശാരീരിക ആരോഗ്യം ഉറപ്പാക്കുകയെന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. എല്ലാ വിദ്യാര്‍ഥികള്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി പ്രാഥമിക ആരോഗ്യ പരിചരണം ലഭ്യമാക്കുകയെന്നതാണ് നഴ്‌സുമാരുടെ പ്രധാന ഉത്തരവാദിത്വം. വിദ്യാര്‍ഥികളുടെ ശാരീരിക, മാനസിക, സാമൂഹിക ആരോഗ്യ ആവശ്യങ്ങള്‍ മനസിലാക്കി പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നതിന് മികച്ച പിന്തുണ നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാര്‍ഥികളുടെ വളര്‍ച്ചക്കും വികസനത്തിനുമുള്ള മൂല്യനിര്‍ണയത്തില്‍ പി.എച്ച്.സി.സിയിലെ നഴ്‌സുമാരുടെ പങ്കാളിത്തമുണ്ടാകും.
ഒരു അധ്യയന വര്‍ഷത്തില്‍ നാല് തവണ ഓരോ വിദ്യാര്‍ഥികളേയും ആരോഗ്യ പരിശോധനക്ക് വിധേയമാക്കും. വിദ്യാര്‍ഥികളുടെ പോഷകാഹാര ശീലങ്ങള്‍ നിരീക്ഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലിക്കായി പ്രോത്സാഹിപ്പിക്കുകയും ചെയ്യും. രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരണവും നടത്തും. പിഎച്ച്‌സിസിയിലെ സ്‌കൂള്‍ ആരോഗ്യ പദ്ധതിയുടെയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടേയും സഹകരണത്തോടെ അടിയന്തര സേവനങ്ങളും സ്‌കൂള്‍ നഴ്‌സുമാര്‍ നല്‍കും. ആരോഗ്യ വിദ്യാഭ്യാസ അന്തരീക്ഷത്തിനുള്ള എല്ലാ അടിസ്ഥാന മെഡിക്കല്‍ സജ്ജീകരണങ്ങളും സ്‌കൂളുകളില്‍ ഉറപ്പാക്കും. സമഗ്രമായ ആരോഗ്യ സേവനമാണ് പി.എച്ച്.സി.സി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പാക്കുന്നത്. എല്ലാ ജനങ്ങള്‍ക്കും മികച്ച ആരോഗ്യം ഉറപ്പാക്കുന്നതില്‍ നഴ്‌സുമാരുടെ പങ്ക് ഒഴിച്ചുകൂടാനാവത്തതാണെന്ന് സ്‌കൂള്‍ ആരോഗ്യ പദ്ധതി ഡയറക്ടര്‍ അഫ്‌റ മൗസ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."