ഊട്ടുപുരയില്‍ ഒന്നിനും മുട്ടുണ്ടാവില്ല; മത്സരാര്‍ഥികള്‍ക്കു പ്രത്യേക ഭക്ഷണപന്തല്‍
കണ്ണൂര്‍: ഊട്ടുപുരയില്‍ ഒന്നിനും ഒരു മുട്ടുമുണ്ടാവില്ല. കലവറ വണ്ടികളില്‍ ചിലത് നാടുചുറ്റിയെത്തുമ്പോഴേക്കും കലവറയില്‍ അരിയൊഴിച്ചുള്ള സാധനങ്ങളില്‍ പലതും പലയിടത്തു നിന്നായി ഒഴുകിയെത്തി. കലോത്സവത്തിന്റെ ഭക്ഷണ കമ്മിറ്റിക്കു വിദ്യാഭ്യാസ വകുപ്പ് നല്‍കിയതു 25 ലക്ഷം രൂപയാണ്. എന്നാല്‍ ഭക്ഷണമൊരുക്കാന്‍ എത്തിയ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ എസ്റ്റിമേറ്റില്‍ കലവറ വിഭവ സമൃദ്ധമാവാന്‍ 35 ലക്ഷം വേണമെന്നായിരുന്നു കണക്ക്. എന്നാല്‍ ഓരോ സ്‌കൂളില്‍ നിന്നും കലവറ വണ്ടികള്‍ വഴി ഉല്‍പന്ന സമാഹരണം നടത്തിയപ്പോള്‍ ഇന്നലെ തന്നെ കലവറ നിറഞ്ഞു. ഇതോടെ ഭക്ഷണകമ്മിറ്റി കടത്തിലാവില്ലെന്നതിനു പുറമെ ഊട്ടുപുര വിഭവങ്ങളാല്‍ സമൃദ്ധമാക്കാമെന്ന സന്തോഷത്തിലാണു ചെയര്‍മാന്‍ ടി.വി രാജേഷ് എം.എല്‍.എയുടെ നേതൃത്വത്തിലുള്ള ഭക്ഷണ കമ്മിറ്റി.
100 കിലോ ചായപ്പൊടി, 10 ക്വിന്റല്‍ വെല്ലം, 10 ക്വിന്റല്‍ പഞ്ചസാര, 5000ത്തോളം തേങ്ങ, 5000ത്തോളം തൂശനില എന്നിവ ഇന്നലെ തന്നെ വിവിധ സ്‌കൂളുകളില്‍ നിന്നും കലവറയില്‍ എത്തിക്കഴിഞ്ഞു. ഇനി അഞ്ചു ഉപജില്ലകളില്‍ നിന്നുള്ള ഉല്‍പന്നങ്ങളുമായി കലവറ വണ്ടികള്‍ ഇന്നുരാവിലെ ഊട്ടുപുരയിലെത്തുമ്പോഴേക്കും പ്രതീക്ഷകള്‍ക്കും അപ്പുറത്തായിരിക്കും എത്തുന്ന ഉല്‍പന്നങ്ങളുടെ ശേഖരമെന്നാണു സംഘാടകരുടെ കണക്കുകൂട്ടല്‍. കാല്‍ലക്ഷം തേങ്ങകളെങ്കിലും കലവറയിലെത്തുമെന്നാണു പ്രതീക്ഷ. അരി മാത്രമാണു ഭക്ഷണകമ്മിറ്റി മാര്‍ക്കറ്റില്‍ നിന്നു വാങ്ങുന്നത്. മറ്റെല്ലാം വിഭവ സമാഹരണം വഴിയെത്തിക്കാനാണു പരിപാടി.
10 ലക്ഷം രൂപയുടെ അരി, പാചകക്കാരനു നാലര ലക്ഷം, പാചകവാതകത്തിന് ഒന്നര ലക്ഷം, വെള്ളത്തിനു വാട്ടര്‍ അതോറിറ്റിക്ക് നല്‍കേണ്ടത് ഒരുലക്ഷം ഇങ്ങനെ പോകുന്നു ഭക്ഷണകമ്മിറ്റിയുടെ പുറംചെലവ്. മത്സരാര്‍ഥികള്‍ക്കു പ്രത്യേകമായി ഭക്ഷണ പന്തല്‍ ഇക്കുറി മാത്രമുള്ള പ്രത്യേകതയാണ്. മത്സരാര്‍ഥികള്‍ മറ്റുള്ളവരോടൊപ്പം ഭക്ഷണം കഴിക്കാനിരിക്കുന്നതു മത്സരം വൈകിപ്പിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണു ഇവര്‍ക്കായി പ്രത്യേക ഭക്ഷണപന്തല്‍ ഒരുക്കിയത്. വിവിധ ഉപജില്ലകളില്‍ നിന്നു ശേഖരിച്ച ഉല്‍പന്നങ്ങളുമായി ഇന്നു രാവിലെ ഒന്‍പതിനു ഊട്ടുപുരയിലെത്തുന്ന കലവറ വണ്ടികളിലെ സാധനങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ ഏറ്റുവാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."