വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ അടിച്ചുമാറ്റി വിളിച്ച പൊലിസുകാരന് സസ്‌പെന്‍ഷന്‍
തൊടുപുഴ: മൊബൈല്‍ ഫോണ്‍ റീ ചാര്‍ജ് ചെയ്യാന്‍ കടയിലെത്തിയ വീട്ടമ്മയുടെ ഫോണിലേയ്ക്ക് നമ്പര്‍ അടിച്ചുമാറ്റി വിളിച്ച പൊലിസുകാരന് സസ്‌പെന്‍ഷന്‍. തൊടുപുഴ പൊലിസ് സ്റ്റേഷനിലെ സി.പി.ഒയായ കെ. ജോര്‍ജുകുട്ടിയെയാണ് ജില്ലാ പൊലിസ് മേധാവി കെ.ബി വേണുഗോപാല്‍ സസ്‌പെന്‍ഡ് ചെയ്തത്.
വീട്ടമ്മയുടെ ഫോണില്‍ വിളിച്ച് അപമര്യാദയായി സംസാരിച്ചതായും ഡ്യൂട്ടി സമയത്ത് മദ്യപിച്ചതായും കണ്ടെത്തിയ തൊടുപുഴ ഡിവൈ.എസ്.പി എന്‍.എന്‍ പ്രസാദിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചും തൊടുപുഴ പൊലിസും അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിന് മുമ്പും ഇയാള്‍ക്കെതിരെ നടപടി ഉണ്ടായിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. തൊടുപുഴ കാഞ്ഞിരമറ്റം ബൈപ്പാസിലെ ജിനദേവന്‍ റോഡില്‍ പൊലിസ് സ്റ്റേഷന് സമീപത്തെ കടയിലെത്തിയ വീട്ടമ്മയുടെ ഫോണിലേക്കാണ് പൊലിസുകാരന്റെ ഫോണ്‍ വിളിയുണ്ടായത്. റീ ചാര്‍ജ് ചെയ്യുന്നതിനായി ഷോപ്പുടമയോട് തന്റെ മൊബൈല്‍ നമ്പര്‍ പറയുന്നത് ഈ സമയം ഇവിടെ നാരങ്ങാവെള്ളം കുടിച്ചു കൊണ്ടിരുന്ന ജോര്‍ജുകുട്ടി തന്റെ മൊബൈലില്‍ സൂക്ഷിക്കുകയും അല്പസമയത്തിന് ശേഷം ഇവരെ വിളിക്കുകയുമായിരുന്നു. പൊലിസാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയാണ് വിളിച്ചത്. റീ ചാര്‍ജ് ചെയ്ത്
മടങ്ങിയ വീട്ടമ്മ രോഷാകുലയായി ഈ ഷോപ്പിലെത്തി ബഹളം വെച്ചതോടെയാണ് സംഭവം നാട്ടുകാരറിയുന്നത്. കടയില്‍ നാരങ്ങാവെള്ളം കുടിച്ചു കൊണ്ടിരുന്ന പൊലിസുകാരനാണ് തന്നെ വിളിച്ചതെന്നും ഇയാള്‍ക്ക് തന്റെ നമ്പര്‍ എങ്ങനെ കിട്ടിയെന്നും ചോദിച്ച് ഇവര്‍ ബഹളം വെച്ചതോടെ കടയ്ക്ക് മുന്നില്‍ ആളുകള്‍ തടിച്ചു കൂടി. ഈ സമയം സംഭവം പന്തിയല്ലന്ന് കണ്ട പൊലിസുകാരന്‍ വീട്ടമ്മയോട് മാപ്പു പറഞ്ഞ് പ്രശ്‌നത്തില്‍ നിന്നും തടിയൂരാന്‍ ശ്രമിച്ചതിനാല്‍ പരാതികളില്ലാതെ തല്‍ക്കാലം പ്രശ്‌നം അവസാനിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും അല്പ സമയത്തിനകം ജില്ലാ പൊലിസ് സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതോടെയാണ് അന്വേഷണം കാര്യക്ഷമമായത്. വൈകിട്ടോടെ കടയുടമയെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് സംഭവം നടന്നതിന്റെ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നീട് പൊലിസുകാരനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. ഈ വിവരങ്ങളടങ്ങിയ തൊടുപുഴ ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെയും സ്‌പൈഷ്യല്‍ ബ്രാഞ്ചിന്റെയുംറിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."