സര്‍വിസുകള്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ കെ.എസ്.ആര്.ടി.സി വെഞ്ഞാറമൂട് ഡിപ്പോ ഉപരോധിച്ചു
വെഞ്ഞാറമൂട്: സര്‍വീസുകള്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് നാട്ടുകാരും വിദ്യാര്‍ഥികളും ചേര്‍ന്ന് കെ.എസ്.ആര്.ടി.സി വെഞ്ഞാറമൂട് ഡിപ്പോ ഉപരോധിച്ചു. വെമ്പായം മദപുരം സ്വദേശികളും കന്യാകുളങ്ങര ഗവ. ബോയ്സ് ഹൈസ്കൂളിലെയും പരിസര പ്രദേശങ്ങളിലെയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള നൂറുകണക്കിന് വിദ്യാര്‍ഥികളുമാണ് ഡിപ്പോ ഉപരോധിച്ചത്.
ദിവസവും 12 സര്‍വീസുകളാണ് വെഞ്ഞാറമൂട് ഡിപ്പോയില്‍നിന്ന് ഈ റൂട്ടിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്. പത്തു ദിവസം മുമ്പ് ഇതുവഴിയുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി. നാട്ടുകാര്‍ കാര്യം അന്വേഷിച്ചപ്പോള്‍ വേണ്ടത്ര കളക്ഷന്‍ ഇല്ലാത്ത എല്ലാ സര്‍വീസുകളും റദ്ദാക്കണമെന്നു കെ.എസ്.ആര്.ടി.സി മാനേജ്മെന്റിന്റെ നിലപാടിന്റെ ഭാഗമായാണ് സര്‍വീസ് റദ്ദാക്കല്‍ എന്നറിഞ്ഞു.
എന്നിട്ടും പ്രതീക്ഷ കൈവിടാതെ നാട്ടുകാര്‍, ഈ പ്രദേശത്ത് കെ.എസ്.ആര്.ടി.സിയാണ് ഏക ആശ്രയമെന്നും സര്‍വീസ് റദ്ദാക്കിയതുമൂലം നൂറുകണക്കിന് വിദ്യാര്‍ഥികളും നാട്ടുകാരും ബുദ്ധിമുട്ടുന്നുവെന്നും ഡിപ്പോ അധികൃതരെ അറിയിച്ചുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
തുടര്‍ന്ന് ഇന്നലെ രാവിലെ 11 മണിയോടെ നാട്ടുകാര്‍ സംഘടിച്ചെത്തി ഡിപ്പോ ഉപരോധിക്കുകയായിരുന്നു.പൊലസ് എത്തി ഡിപ്പോ അധികൃതരുമായും സമരക്കാരുമായും സംസാരിച്ചുവെങ്കിലും സമരം അവസാനിപ്പിച്ചില്ല. തുടര്‍ന്ന് ഇവരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."