സാക്ഷരതാമിഷന്‍ വിവരശേഖരണ ഉദ്ഘാടന ചടങ്ങില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ പരിസ്ഥിതി സാക്ഷരതാ ഡയറക്ടറിയിലേക്കുള്ള വിവരശേഖരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഭൂരിഭാഗം മാധ്യമങ്ങള്‍ക്കും വിലക്ക്. ഇന്നലെ രാവിലെ ഒന്‍പതിന് ചീഫ് സെക്രട്ടറിയുടെ ചേംബറില്‍ നടന്ന ചടങ്ങിലാണ് ഏതാനും മാധ്യമങ്ങള്‍ക്കു മാത്രം പ്രവേശനം നല്‍കിയത്.
ചടങ്ങിലേക്കു നേരത്തെ എല്ലാ മാധ്യമങ്ങളെയും ക്ഷണിച്ചിരുന്നു. അതനുസരിച്ച് ഇന്നലെ രാവിലെ മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് ചില മാധ്യമങ്ങള്‍ക്കു മാത്രം പ്രവേശനം അനുവദിച്ചാല്‍ മതിയെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ നിന്ന് ഉത്തരവിറങ്ങിയ കാര്യം അറിയുന്നത്. ചീഫ് സെക്രട്ടറിയുടെ അഡീഷനല്‍ സെക്രട്ടറിയാണ് ഉത്തരവില്‍ ഒപ്പുവച്ചിരിക്കുന്നത്. ആകാശവാണിക്കു പുറമെ അച്ചടി മാധ്യമ വിഭാഗത്തില്‍ നിന്ന് ദേശാഭിമാനി, മാധ്യമം, അക്ഷരകൈരളി എന്നിവയ്ക്കും ദൃശ്യമാധ്യമ വിഭാഗത്തില്‍ നിന്ന് കൈരളി, എ.സി.വി, അന്വേഷണം ഡോട് കോം എന്നീ സ്ഥാപനങ്ങള്‍ക്കും മാത്രം പ്രവേശനം നല്‍കിയാല്‍ മതിയെന്ന് ഉത്തരവില്‍ പറയുന്നു. ഇതില്‍ ദൃശ്യമാധ്യമ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്ന അന്വേഷണം ഡോട് കോം ഓണ്‍ലൈന്‍ മാധ്യമമാണ്. കൂടാതെ സാക്ഷരതാ മിഷന്‍ പ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും പ്രവേശനം നല്‍കാമെന്നും ഉത്തരവിലുണ്ട്.
സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ വിവരമറിഞ്ഞ് പ്രതിഷേധം പ്രകടിപ്പിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇതിന് ഉത്തരവാദികളായവരില്‍ നിന്ന് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല വിശദീകരണം തേടി. ഇത് തന്റെ അറിവോടെ സംഭവിച്ചതല്ലെന്ന് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."